ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുന്നു ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുന്നു  (ANSA)

സുവിശേഷമൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ട ക്രൈസ്തവ കുടുംബങ്ങൾ: ലിയോ പതിനാലാമൻ പാപ്പായുടെ ഉദ്‌ബോധനം

തിരുക്കുടുംബത്തിന്റെ തിരുനാളായിരുന്ന ഡിസംബർ ഇരുപത്തിയെട്ട് ഞായറാഴ്‌ച ഉച്ചയ്ക്ക് വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ.
ശബ്ദരേഖ - സുവിശേഷമൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ട ക്രൈസ്തവ കുടുംബങ്ങൾ: ലിയോ പതിനാലാമൻ പാപ്പായുടെ ഉദ്‌ബോധനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പാ, ഡിസംബർ ഇരുപത്തിയെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 4.30-ന്, വത്തിക്കാനിലെ അപ്പസ്തോലികകൊട്ടാരത്തിന്റെ ജാലകത്തിൽ എത്തുകയും, തന്നെ കാത്തുനിന്നിരുന്ന വിശ്വാസികളെയും സന്ദർശകരേയും അഭിവാദ്യം ചെയ്യുകയും ത്രികാലജപപ്രാർത്ഥന നയിക്കുകയും ചെയ്തു. പാപ്പായെ കാണാനും, പാപ്പായ്‌ക്കൊപ്പം പ്രാർത്ഥനയിൽ പങ്കുകൊള്ളാനും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായ ആയിരക്കണക്കിന് ആളുകൾ കാത്തുനിന്നിരുന്നു. അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിങ്കൽ പാപ്പാ എത്തിയപ്പോൾ ജനസമൂഹം ആനന്ദാരവങ്ങൾ ഉയർത്തി. ലത്തീൻ ആരാധനാക്രമപ്രകാരം ഈ ഞായറാഴ്ച വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട, വിശുദ്ധ മത്തായിയുടെ സുവിശേഷം രണ്ടാം അദ്ധ്യായം പതിമൂന്ന് മുതൽ പതിനഞ്ച് വരെയും, പത്തൊൻപത് മുതൽ ഇരുപത്തിമൂന്ന് വരെയുമുള്ള (മത്തായി 2, 13-15.19-23). തിരുവചനങ്ങൾ ഉൾക്കൊള്ളുന്ന ഭാഗത്ത് യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് പ്രതിപാദിക്കപ്പെടുന്ന, ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്റെ പലായനവും നസ്രത്തിലേക്കുള്ള തിരികെ വരവും സംബന്ധിച്ച വചനഭാഗത്തെക്കുറിച്ചായിരുന്നു ത്രികാലജപപ്രാർത്ഥനയ്ക്ക് മുൻപേയുള്ള പാപ്പായുടെ പ്രഭാഷണം.

പ്രിയ സഹോദരീ സഹോദരന്മാരെ, ശുഭ ഞായർ!

നമ്മൾ ഇന്ന് തിരുക്കുടുംബത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. ഇന്നത്തെ ആരാധനക്രമം തിരുക്കുടുംബത്തിന്റെ "ഈജിപ്തിലേക്കുള്ള പലായനം" സംബന്ധിച്ച ഭാഗമാണ് നമുക്ക് മുന്നിൽ വയ്ക്കുന്നത് (മത്തായി 2, 13-15.19-23).

യേശുവിനും മറിയത്തിനും യൗസേപ്പിനും ഇതൊരു പരീക്ഷണത്തിന്റെ നിമിഷമാണ്. ക്രിസ്തുമസിന്റെ പ്രകാശിതമായ ചിത്രത്തിനുമേൽ, അപ്രതീക്ഷിതമായി, മാരകമായ ഒരു ഭീഷണിയുടെ അസ്വസ്ഥത പരത്തുന്ന നിഴൽ വീഴുന്നു. പ്രശ്നങ്ങൾ നിറഞ്ഞ ഹേറോദോസിന്റെ ജീവിതമാണ് ഇതിന് പിന്നിൽ. ക്രൂരനും, രക്തദാഹിയും, തന്റെ മൃഗീയ സ്വഭാവത്താൽ എല്ലാവരാലും ഭയപ്പെടുന്നവനും, അതുകൊണ്ടുതന്നെ വല്ലാതെ ഒറ്റപ്പെട്ടവനും, ആരെങ്കിലും താന്നെ അട്ടിമറിക്കുമോയെന്ന് ഭയക്കുന്നവനുമാണവൻ. "യഹൂദരുടെ രാജാവ്" ജനിച്ചു (മത്തായി 2, 2) എന്ന് ജ്ഞാനികളിൽനിന്ന് മനസ്സിലാക്കുമ്പോൾ, തന്റെ അധികാരത്തിന് നേരെ ഭീഷണിയുയരുന്നു എന്ന തോന്നലിൽ, യേശുവിന്റെ പ്രായമുള്ളവർ ഉൾപ്പെടുന്ന കുട്ടികളെ എല്ലാവരെയും വധിക്കുവാൻ അവൻ ഉത്തരവ് പുറപ്പെടുവിക്കുന്നു. രക്ഷയെക്കുറിച്ചുള്ള പുരാതന വാഗ്ദാനങ്ങളുടെ പൂർത്തീകരണമായ, ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതം അവന്റെ രാജ്യത്ത് ദൈവം പൂർത്തീകരിക്കുകയാണ്. എന്നാൽ, തന്റെ അധികാരക്കസേരയും, സമ്പത്തും, സവിശേഷാധികാരങ്ങളും നഷ്ടപ്പെടുമെന്ന ഭീഷണിയാൽ അന്ധനായിത്തീരുന്ന അവന് ഇത് കാണാൻ സാധിക്കുന്നില്ല. ബെത്ലഹേമിൽ പ്രകാശമുണ്ട്, ആനന്ദമുണ്ട്. കുറച്ച് ഇടയന്മാർക്ക് ദൈവികമായ അരുളപ്പാട് ലഭിക്കുകയും, പുൽക്കൂടിന് മുന്നിൽ അവർ ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു (ലൂക്ക 2, 8-20). എന്നാൽ അന്ധമായ അക്രമം കൊണ്ട് ഇല്ലാതാക്കപ്പെടേണ്ടതെന്ന തോന്നലുളവാക്കുന്ന ഒരു ഭീഷണിയുടെ പ്രതിധ്വനി എന്ന രീതിയിലല്ലാതെ, ഈ നല്ല കാര്യങ്ങളൊന്നും രാജകൊട്ടാരത്തിലെ കവചിത പ്രതിരോധങ്ങളെ മറികടക്കുന്നില്ല.

ഈയൊരു ഹൃദയകാഠിന്യം പക്ഷെ, തിരുക്കുടുംബത്തിന്റെ സാന്നിദ്ധ്യത്തിന്റെയും നിയോഗത്തിന്റെയും മൂല്യം കൂടുതലായി അടിവരയിട്ടു കാണിക്കുന്നു. ഈ സ്വേച്ഛാധിപതിയാൽ പ്രതിനിധീകരിക്കപ്പെടുന്ന, ഏകാധിപത്യസ്വഭാവമുള്ളതും അത്യാഗ്രഹം നിറഞ്ഞതുമായ ഒരു ലോകത്ത്, ദൈവം പൂർണ്ണമായും സൗജന്യമായും, മുൻവിധികളോ അവകാശവാദങ്ങളോ ഇല്ലാതെയും നൽകുന്ന രക്ഷയ്ക്കായുള്ള സാധ്യമായ ഏക ഉത്തരത്തിനുള്ള , ദൈവപുത്രനുള്ള, കൂടും തൊട്ടിലുമാണത്. ദൈവസ്വരത്തോടുള്ള അനുസരണയിൽ, ഭാര്യയെയും കുഞ്ഞിനേയും രക്ഷപ്പെടുത്തുന്ന യൗസേപ്പിന്റെ പ്രവൃത്തി, ഇവിടെ അതിന്റെ മുഴുവൻ രക്ഷാകര പ്രാധാന്യത്തിൽ വെളിപ്പെടുത്തപ്പെടുന്നു. കർത്താവ് ഈ ലോകത്തിലെ തന്റെ സാന്നിദ്ധ്യത്തെ ഏതൊരു കുടുംബസ്നേഹത്തിന്റെ തിരിനാളത്തിനാണോ ഭരമേല്പിച്ചത്, ഈജിപ്തിൽ, അത് വളരുകയും, ലോകം മുഴുവനും പ്രകാശമെത്തിക്കാനായുള്ള ശക്തിയാർജ്ജിക്കുകയും ചെയ്യുന്നു.

ഈയൊരു രഹസ്യത്തെ അത്ഭുതത്തോടും നന്ദിയോടുംകൂടി വീക്ഷിക്കുമ്പോൾ, നമ്മുടെ കുടുംബങ്ങളെക്കുറിച്ചും, അവയിൽനിന്നും നാം ജീവിക്കുന്ന സമൂഹത്തിലേക്ക് വരാവുന്ന പ്രകാശത്തെക്കുറിച്ചും നമുക്ക് ചിന്തിക്കാം. കഷ്ടകാലത്ത്, ലോകത്തിന് എന്നും അതിന്റെ ഹേറോദേസുമാരും, ഏതുവിധേനയും വിജയം നേടണം, മനഃസാക്ഷിക്കുത്തില്ലാതെ അധികാരം, ശൂന്യവും ഉപരിപ്ലവവുമായ ക്ഷേമം തുടങ്ങിയ മിഥ്യാധാരണകളും ഉണ്ട്. ഏകാന്തതയിലും, നിരാശയിലും, ഭിന്നതകളിലും സംഘർഷങ്ങളിലും കൂടി ലോകം അതിന് വില നൽകുകയും ചെയ്യുന്നുണ്ട്. ഈ മരീചികകൾ ക്രിസ്തീയ കുടുംബങ്ങളിലെ സ്നേഹത്തിന്റെ ജ്വാലയെ കെടുത്തിക്കളയാൻ നമുക്ക് അനുവദിക്കാതിരിക്കാം. മറിച്ച്, അതിൽ, പ്രാർത്ഥന, കൂദാശകൾ, പ്രത്യേകിച്ച് കുമ്പസാരം, വിശുദ്ധ കുർബാന തുടങ്ങിയവയിലെ തുടർച്ചയായ പങ്കാളിത്തം, ആരോഗ്യകരമായ സ്നേഹബന്ധങ്ങൾ, സത്യസന്ധമായ സംവാദങ്ങൾ, വിശ്വസ്തത, അനുദിനമുള്ള നല്ല വാക്കുകളുടെയും പ്രവർത്തികളുടെയും  ലളിതവും സുന്ദരവുമായ സമൂർത്തത തുടങ്ങിയ സുവിശേഷത്തിന്റെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാം. അപ്രകാരമുള്ള കാര്യങ്ങൾ, കുടുംബങ്ങളെ നാം ജീവിക്കുന്ന ഇടങ്ങൾക്ക് പ്രത്യാശയുടെ പ്രകാശവും, സ്നേഹത്തിന്റെ പഠനയിടങ്ങളും, ദൈവകരങ്ങളിലെ രക്ഷയുടെ ഉപകരണങ്ങളുമാക്കി മറ്റും (ഫ്രാൻസിസ് പാപ്പാ, പത്താമത് ആഗോള കുടുംബസമ്മേളനദിനത്തിലെ വിശുദ്ധബലിമദ്ധ്യേ നടത്തിയ പ്രഭാഷണം, 25 ജൂൺ 2022).

മനുഷ്യനായിത്തീർന്ന തന്റെ പുത്രന്റെ കുടുംബത്തിന്റെ മാതൃകയിൽ, ഏവർക്കും ദൈവസാന്നിദ്ധ്യത്തിന്റെയും അവസാനമില്ലാത്ത അവന്റെ കരുണയുടെയും ഫലപ്രദമായ അടയാളങ്ങളായി മാറുന്നതിന് വേണ്ടി നമ്മുടെയും, ലോകം മുഴുവനിലെയും കുടുംബങ്ങളെ അനുഗ്രഹിക്കണമേയെന്ന്, മറിയത്തിന്റെയും വിശുദ്ധ യൗസേപ്പിന്റെയും മാദ്ധ്യസ്ഥ്യത്തിൽ സ്വർഗ്ഗസ്ഥനായ പിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം.

എന്ന വാക്കുകളോടെ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവാദത്തിനു ശേഷം, തന്റെ വാക്കുകൾ തുടർന്ന പാപ്പാ, റോം നിവാസികളെയും വിവിധ രാജ്യങ്ങളിൽനിന്നെത്തിയ തീർത്ഥാടകരെയും, പ്രത്യേകമായി, ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കുട്ടികളെയും ഗ്രൂപ്പുകളെയും അഭിവാദ്യം ചെയ്തു. സമാധാനത്തിനുവേണ്ടിയും, യുദ്ധങ്ങളാൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കാൻ പരിശുദ്ധ പിതാവ് ഏവരെയും ആഹ്വാനം ചെയ്തു. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മാദ്ധ്യസ്ഥ്യത്തിന് നാമെല്ലാവരെയും സമർപ്പിക്കാമെന്ന് പറഞ്ഞ ലിയോ പതിനാലാമൻ പാപ്പാ, ഏവർക്കും നല്ലൊരു ഞായർ ആശംസിച്ചുകൊണ്ടാണ് ജാലകത്തിങ്കൽനിന്നും പിൻവാങ്ങിയത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഡിസംബർ 2025, 12:03

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >