തിരയുക

ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുന്നു ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുന്നു  (ANSA)

ക്രിസ്തുവിന്റെ മഹത്വം അംഗീകരിക്കുന്ന യോഹന്നാന്റെ എളിമ ക്രൈസ്തവജീവിതത്തിൽ മാതൃകയാക്കാം: ലിയോ പതിനാലാമൻ പാപ്പാ

ജനുവരി പതിനെട്ടാം തീയതി ഞായറാഴ്‌ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജനുവരി പതിനെട്ടാം തീയതി ഞായറാഴ്‌ച ഉച്ചയ്ക്ക് വത്തിക്കാനിൽ ഞായറാഴ്ചകളിൽ പതിവുള്ളതുപോലെ, പരിശുദ്ധ പിതാവ് ത്രികാലജപപ്രാർത്ഥന നയിക്കുകയും ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. റോമിലെ തണുത്ത കാലാവസ്ഥയിലും ആയിരക്കണക്കിന് ആളുകൾ പാപ്പായെ കാണാനും പ്രാർത്ഥനയിൽ പങ്കെടുക്കാനും ആശീർവാദം സ്വീകരിക്കാനുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പരിസരങ്ങളിലുമായി നിലനിന്നിരുന്നു.

ഉച്ചയ്ക്ക് കൃത്യം പന്ത്രണ്ടുമണിക്ക്, ഇന്ത്യയിൽ വൈകുന്നേരം നാലരയ്ക്ക് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിലെത്തുകയും, ഏവരെയും അഭിസംബോധന ചെയ്തുകൊണ്ട് തന്റെ പ്രഭാഷണം നടത്തുകയും ചെയ്തു. സ്നാപകയോഹന്നാൻ യേശുവിന് സാക്ഷ്യം നൽകുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ഞായറാഴ്ചയിലെ സുവിശേഷവായനയായ വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഇരുപത്തിയൊൻപത് മുതൽ മുപ്പത്തിനാല് വരെയുള്ള സുവിശേഷഭാഗത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ ഞായറാഴ്ച പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തിയത്. ഇറ്റാലിയൻ ഭാഷയിലായിരുന്ന പരിശുദ്ധപിതാവിന്റെ പ്രഭാഷണം ഇപ്രകാരമായിരുന്നു:

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭഞായർ!

യേശുവിൽ ദൈവത്തിന്റെ കുഞ്ഞാടിനെ, മിശിഹായെ തിരിച്ചറിയുന്ന സ്നാപകയോഹന്നാനെക്കുറിച്ചാണ് ഇന്ന് സുവിശേഷം നമ്മോട് പറയുന്നത് (യോഹ. 1, 29-34). അവൻ പറയുന്നു: "ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" (വ. 29). തുടർന്ന് അവൻ കൂട്ടിച്ചേർക്കുന്നു: "ഇവനെ ഇസ്രായേലിന് വെളിപ്പെടുത്താൻ വേണ്ടിയാണ് ഞാൻ വന്ന് ജലത്താൽ സ്‌നാനം നൽകുന്നത്" (വ. 31).

യോഹന്നാൻ യേശുവിൽ രക്ഷകനെ തിരിച്ചറിയുകയും, അവന്റെ ദൈവത്വവും നിയോഗവും ഇസ്രായേൽ ജനതയോട് അറിയിക്കുകയും, "എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണെന്ന് ഞാൻ പറഞ്ഞത് ഇവനെപ്പറ്റിയാണ്, കാരണം, എനിക്ക് മുൻപുതന്നെ ഇവനുണ്ടായിരുന്നു" (വ. 30) എന്ന അവന്റെ വാക്കുകൾ സാക്ഷപ്പെടുത്തുന്നതുപോലെ, തന്റെ ദൗത്യം പൂർത്തിയാക്കിയ ശേഷം മാറി നിൽക്കുകയും ചെയ്യുന്നു.

ജറുസലേമിലെ അധികാരികൾ ഭയപ്പെടാൻതക്കവിധം, ജനക്കൂട്ടങ്ങളാൽ ഏറെ സ്നേഹിക്കപ്പെട്ട ഒരു മനുഷ്യനായിരുന്നു സ്നാപകൻ (യോഹ. 1, 19). ഈ പ്രശസ്തി ചൂഷണം ചെയ്യാൻ അദ്ദേഹത്തിന് എളുപ്പമായിരുന്നു എങ്കിലും, വിജയത്തിന്റെയും ജനപ്രീതിയുടെയും പ്രലോഭനത്തിന് അവൻ ഒട്ടും വഴങ്ങിക്കൊടുക്കുന്നില്ല. യേശുവിന് മുന്നിൽ അവൻ തന്റെ നിസ്സാരത തിരിച്ചറിയുകായും, യേശുവിന്റെ മഹത്വത്തിന് ഇടം നൽകുകയും ചെയ്യുന്നു. കർത്താവിന് വഴിയൊരുക്കുവാനായി അയക്കപ്പെട്ടവനാണ് താനെന്ന് അവനറിയാം (മർക്കോസ് 1, 3; ഏശയ്യ, 40, 3). കർത്താവ് വരുമ്പോൾ, അവൻ സന്തോഷത്തോടെയും എളിമയോടെയും, അവന്റെ സാന്നിധ്യം തിരിച്ചറിയുകയും, രംഗത്തുനിന്ന് പിൻവാങ്ങുകയും ചെയ്യുന്നു.

സ്നാപകന്റെ സാക്ഷ്യം നമുക്ക് ഇന്ന് എത്ര പ്രധാനപ്പെട്ടതാണ്! യഥാർത്ഥത്തിൽ, ആളുകളുടെ ചിന്തകളെയും, പെരുമാറ്റങ്ങളെയും, മനസികാവസ്ഥകളെയും സ്വാധീനിക്കുന്ന വിധത്തിൽ, അംഗീകാരത്തിനും, പൊതുസമ്മതത്തിനും, കാണപ്പെടുന്നതിനുമൊക്കെ പലപ്പോഴും അമിതമായ പ്രാധാന്യം നൽകപ്പെടുന്നു. ഇത്, ക്ഷണികവും, നിരാശാജനകവും, പരതന്ത്ര്യപരവുമായ ജീവിതശൈലികളും ബന്ധങ്ങളും സൃഷ്ടിക്കാൻ തക്കവിധം  കഷ്ടപ്പാടിനും ഭിന്നതകൾക്കും കാരണമാകുന്നു. സത്യത്തിൽ നമുക്ക് ഈ "പകരം സന്തോഷങ്ങളുടെ" ആവശ്യമില്ല. നമ്മുടെ സന്തോഷവും മഹത്വവും, വിജയത്തിന്റെയും പ്രശസ്തിയുടെയും കടന്നുപോകുന്ന മിഥ്യാധാരണകളിലല്ല, മറിച്ച്, നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിനാൽ സ്നേഹിക്കപ്പെടുകയും ആഗ്രഹിക്കപ്പെടുകയും ചെയ്യുന്നവരാണ് നാമെന്ന് അറിയുന്നതിലാണ്.

യേശു നമ്മോട് പറയുന്നത് ഈ സ്നേഹത്തെക്കുറിച്ചാണ്: വിശേഷാൽ പ്രഭാവങ്ങളാൽ നമ്മെ അത്ഭുതസ്തബ്ദരാക്കാനല്ല, മറിച്ച്, നാം യഥാർത്ഥത്തിൽ ആരാണെന്നും, അവന്റെ കണ്ണുകളിൽ നാം എത്ര വിലയേറിയവരാണെന്നും നമുക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട്, നമ്മുടെ ബുദ്ധിമുട്ടുകൾ പങ്കിടാനും, നമ്മുടെ ഭാരങ്ങൾ സ്വയം ഏറ്റെടുക്കാനുമായി, ഇന്നും നമുക്കിടയിലേക്ക് കടന്നുവരുന്ന ദൈവത്തിന്റെ സ്നേഹമാണിത്.

പ്രിയപ്പെട്ടവരേ, അവൻ കടന്നുപോകുമ്പോൾ, അശ്രദ്ധരായി കാണപ്പെടാതിരിക്കാൻ നമുക്ക് പരിശ്രമിക്കാം. വെറും ഉപരിപ്ലവമായവയ്ക്ക് വേണ്ടി നമ്മുടെ സമയവും ഊർജ്ജവും പാഴാക്കാതിരിക്കാം. ലളിതമായ കാര്യങ്ങളെയും സത്യസന്ധമായ വാക്കുകളെയും സ്നേഹിച്ചുകൊണ്ടും, മനസ്സിന്റെയും ഹൃദയത്തിന്റെയും സമചിത്തതയിലും ആത്മാർത്ഥതയിലും ജീവിച്ചുകൊണ്ടും, അത്യാവശ്യമുള്ളവ കൊണ്ട് സംതൃപ്തിയടഞ്ഞും, കർത്താവിനെ കണ്ടുമുട്ടാനും, അവനോടൊപ്പം ആയിരിക്കാനുമായി, പ്രാർത്ഥിക്കാനും, വിചിന്തനം ചെയ്യാനും, ശ്രവിക്കാനും, വേണ്ടി ഒന്ന് നിൽക്കാൻ, അതായത്, മരുഭൂമിയാനഭവം ജീവിക്കാൻ വേണ്ടി, സാധിക്കുമെങ്കിൽ, അനുദിനവും ഒരു പ്രത്യേക നിമിഷം കണ്ടെത്തി, ആത്മാവിനെ ജാഗരൂകമായി കാത്തുസൂക്ഷിക്കാൻ നമുക്ക് സ്നാപകയോഹന്നാനിൽനിന്ന് പഠിക്കാം.

ലാളിത്യത്തിന്റെയും വിവേകത്തിന്റെയും എളിമയുടെയും മാതൃകയായ പരിശുദ്ധ കന്യകാമറിയം, നമ്മെ ഇതിൽ സഹായിക്കട്ടെ.

തന്റെ പ്രഭാഷണത്തിന് ശേഷം പാപ്പാ ലത്തീൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.

ആശീർവാദത്തിന് ശേഷം തന്റെ വാക്കുകൾ തുടർന്ന പാപ്പാ ഇങ്ങനെ പറഞ്ഞു:

പ്രിയ സഹോദരീസഹോദരന്മാരെ,

ഇന്ന് ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരം ആരംഭിക്കുകയാണ്. ഈ സംരംഭത്തിന്റെ ഉത്ഭവം രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപാണ്. ലിയോ പതിമൂന്നാമൻ പാപ്പാ ഇതിനെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കൃത്യം നൂറ് വർഷങ്ങൾക്ക് മുൻപ്, "ക്രൈസ്തവ ഐക്യത്തിനായാട്ടുള്ള പ്രാർത്ഥനയുടെ എട്ടു ദിനങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ" ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഈ വർഷത്തെ പ്രമേയം എഫേസോസുകാർക്കെഴുതിയ ലേഖനത്തിൽനിന്ന് എടുത്തിട്ടുള്ളതാണ്: "ഒരേ പ്രത്യാശയിൽ നിങ്ങൾ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്" (എഫേസോസ്‌ 4, 4). അർമേനിയൻ അപ്പസ്തോലിക സഭയുടെ മതാന്തരബന്ധങ്ങൾക്കായുള്ള വകുപ്പിലെ ഒരു എക്യൂമെനിക്കൽ ഗ്രുപ്പാണ് ഇത്തവണത്തെ പ്രാർത്ഥനകളും വിചിന്തനങ്ങളും തയ്യാറാക്കിയത്. എല്ലാ കാതോലിക്കാസമൂഹങ്ങളെയും, ഈ ദിവസങ്ങളിൽ എല്ലാ ക്രൈസ്തവരുടെയും ദൃശ്യമായ പൂർണ്ണ ഐക്യത്തിനായി ശക്തമായി പ്രാർത്ഥിക്കാൻ ഞാൻ ക്ഷണിക്കുന്നു.

ഐക്യത്തിനായുള്ള നമ്മുടെ ഈ പ്രതിബദ്ധതയോടൊപ്പം ലോകത്തിൽ സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള പ്രതിബന്ധതയും ഉണ്ടായിരിക്കണം. അക്രമവും, ഗുരുതരമായ മാനവിക പ്രതിസന്ധിയും കാരണം, തങ്ങളുടെ രാജ്യത്തുനിന്ന് പലായനം ചെയ്യാൻ, പ്രത്യേകിച്ച് ബുറുണ്ടിയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായ കിഴക്കൻ കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിലെ ജനങ്ങൾ സഹിക്കുന്ന വലിയ കഷ്ടപ്പാടുകൾ ഇന്ന് പ്രത്യേകമായി അനുസ്മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സംഘർഷങ്ങളിലായിരിക്കുന്ന കക്ഷികൾക്കിടയിൽ അനുരജ്ഞനത്തിനും സമാധാനത്തിനും വേണ്ടിയുള്ള സംവാദങ്ങൾ മേൽക്കൈ നേടട്ടേയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

കഴിഞ്ഞ ദിവസങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ ഇരകൾക്ക് വേണ്ടി എന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകുന്നു.

നിങ്ങൾക്കേവർക്കും, റോമക്കാർക്കും തീർത്ഥാടകർക്കും ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു!

തന്റെ പൊതുവായ ആശംസകൾക്ക് ശേഷം, ഇംഗ്ലണ്ടിൽനിന്നുള്ളതുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നും വന്ന വിശ്വാസികളെയും, കുടുംബങ്ങളെയും അസോസിയേഷനുകളെയും അഭിവാദ്യം ചെയ്ത പാപ്പാ, അവരുടെ സാന്നിദ്ധ്യത്തിനും പ്രാർത്ഥനയ്ക്കും നന്ദി പറഞ്ഞു. ഏവർക്കും ഒരു നല്ല ഞായറാഴ്ച ആശംസിച്ചുകൊണ്ടാണ് പാപ്പാ ജാലകത്തിങ്കൽനിന്നും പിൻവാങ്ങിയത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ജനുവരി 2026, 12:41

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >