സ്തേഫാനോസിന്റെ രക്തസാക്ഷിത്വവും സമകാലീനലോകത്തെ വിശ്വാസജീവിതവും: ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പ്രഥമരക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്റെ തിരുനാൾ ദിനത്തിൽ വത്തിക്കാനിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിച്ചു. പരിശുദ്ധപിതാവിനൊപ്പം പ്രാർത്ഥിക്കാനും, പിതാവിന്റെ ആശീർവാദം സ്വീകരിക്കാനായി ആയിരക്കണക്കിന് ആളുകൾ വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പുറത്തുമായി സന്നിഹിതരായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിൽ വൈകുന്നേരം 4.30-ന് പാപ്പാ, അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിങ്കൽ എത്തുകയും പ്രാർത്ഥനയ്ക്ക് മുൻപായി, ക്രിസ്തുവിനു വേണ്ടി പ്രഘോഷണം നടത്തുകയും അനേകം പേരെ ക്രൈസ്തവസഭയിലേക്ക് കൊണ്ടുവരികയും സിനഗോഗിൽ വച്ച് അവനെക്കുറിച്ച് സംസാരിക്കുകയും ചെയ്തതിന്റെ പേരിൽ, മതനിന്ദാക്കുറ്റം ആരോപിക്കപ്പെട്ട് കല്ലെറിഞ്ഞ് കൊല്ലപ്പെട്ട വിശുദ്ധ സ്തേഫാനോസിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി പ്രഭാഷണം നടത്തി.
പ്രിയ സഹോദരീസഹോദരന്മാരെ ശുഭദിനം,
ഒരിക്കൽ മാത്രമല്ല ജനിക്കുന്നത് എന്ന ഉറപ്പുണ്ടായിരുന്ന ആദ്യ ക്രൈസ്തവതലമുറകൾ പറഞ്ഞിരുന്നതുപോലെ, ഇന്ന് വിശുദ്ധ സ്തേഫാനോസിന്റെ ജന്മദിനമാണ്. രക്തസാക്ഷിത്വം സ്വർഗ്ഗത്തിലെ ജനനമാണ്. വിശ്വാസത്തിന്റെ കാഴ്ചപ്പാട്, മരണത്തിൽപ്പോലും ഇരുട്ട് മാത്രമല്ല കാണുന്നത്. നാം ഈ ഭൂമിയിലേക്ക് വരുന്നത് സ്വന്തമായി തീരുമാനമെടുത്തല്ല, എന്നാൽ പിന്നീട്, നമ്മോട് വ്യക്തമായി അറിഞ്ഞുകൊണ്ട്, വെളിച്ചത്തിലേക്ക് വരാനും, വെളിച്ചം തിരഞ്ഞെടുക്കാനും ആവശ്യപ്പെടുന്ന ഒരുപാട് അനുഭവങ്ങളിലൂടെ നാം കടന്നുപോകാറുണ്ട്. സ്തേഫാനോസ് രക്തസാക്ഷിത്വത്തിലേക്ക് കടന്നുപോകുന്നത് കണ്ടവർ അദ്ദേഹത്തിന്റെ മുഖത്തെ പ്രകാശവും അദ്ദേഹത്തിന്റെ വാക്കുകളും കണ്ട് അത്ഭുതപ്പെട്ടുവെന്ന് അപ്പോസ്തലന്മാരുടെ പ്രവൃത്തികളിലെ വിവരണം സാക്ഷ്യപ്പെടുത്തുന്നു. സിനഗോഗിലുണ്ടായിരുന്നവർ അവന്റെ നേരെ സൂക്ഷിച്ചുനോക്കി, അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കാണപ്പെട്ടു (അപ്പ. പ്രവ. 6, 15). ചരിത്രത്തെക്കുറിച്ച് നിസംഗതയോടെ കടന്നുപോകാതെ, അതിനെ സ്നേഹത്തോടെ അഭിമുഖീകരിക്കുന്നവന്റെ മുഖമാണത്. സ്തേഫാനോസ് ചെയ്യുകയും പറയുകയും ചെയ്യുന്നതെല്ലാം, യേശുവിൽ വെളിവാക്കപ്പെട്ട ദിവ്യസ്നേഹത്തെയും, നമ്മുടെ അന്ധകാരത്തിൽ തെളിഞ്ഞ പ്രകാശത്തെയും പ്രതിനിധാനം ചെയ്യുന്നു.
പ്രിയപ്പെട്ടവരേ, നമുക്കിടയിലുള്ള ദൈവപുത്രന്റെ ജനനം, നമ്മെ ദൈവമക്കൾക്കടുത്ത ജീവിതത്തിലേക്ക് ക്ഷണിക്കുകയും, ബെത്ലഹേമിലെ രാത്രി മുതൽ, മറിയത്തെയും യൗസേപ്പിനെയും ആട്ടിടയന്മാരെയും പോലെ എളിമയുള്ള മനുഷ്യർ അനുഭവിച്ച, ആകർഷണത്തിന്റെ ഒരു പ്രവൃത്തിയിലൂടെ അത് സാധ്യമാക്കുകയും ചെയ്യുന്നു. എന്നാൽ യേശുവിന്റേയും, അവനെപ്പോലെ ജീവിക്കുന്നവരുടെയും ഭംഗി നിരസിക്കപ്പെട്ട ഒന്നാണ്: സ്വന്തം അധികാരം നഷ്ടപ്പെട്ടേക്കുമെന്നോ, ഹൃദയവികാരങ്ങളെ വെളിപ്പെടുത്തുന്ന അവനിലെ നന്മയിലൂടെ തങ്ങളിലെ അനീതിയുടെ മുഖം മൂടി അഴിച്ചുമാറ്റപ്പെടുമെന്നോ ഭയപ്പെടുന്നവരിൽ അവന്റെ ആകർഷണശക്തി, അനാദികാലം മുതലേ പ്രതികൂലമനോഭാവം ഉയർത്തിയിട്ടുണ്ട് (ലൂക്ക 2, 35). എന്നാൽ ഒരു ശക്തിക്കും, നാളിതുവരെ ദൈവത്തിന്റെ പ്രവൃത്തികളുടെമേൽ വിജയം വരിക്കാനായിട്ടില്ല. ലോകത്തിന്റെ എല്ലായിടങ്ങളിലും, വലിയ വില നൽകേണ്ടിവരുമ്പോഴും നീതി തിരഞ്ഞെടുക്കുന്ന, തങ്ങളുടെ ഭീതികളെക്കാൾ സമാധാനത്തിന് പ്രാധാന്യം നൽകുന്ന, തങ്ങളെത്തന്നെ സേവിക്കുന്നതിന് പകരം പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്ന മനുഷ്യരുണ്ട്. അങ്ങനെയെങ്കിൽ പ്രത്യാശയുടെ നാമ്പ് മുളയ്ക്കുന്നുണ്ട്, സാഹചര്യങ്ങൾ ഏതൊക്കെയായാലും ആഘോഷിക്കുന്നതിന് കാരണമുണ്ട്.
സമകാലീന ലോകത്തിലെ അനിശ്ചിതത്വത്തിന്റെയും കഷ്ടപ്പാടിന്റെയും സാഹചര്യങ്ങളിൽ, ആനന്ദം അസാധ്യമാണെന്ന് തോന്നിയേക്കാം. ഇന്ന്, സമാധാനത്തിൽ വിശ്വസിക്കുകയും, യേശുവിന്റെയും രക്തസാക്ഷികളുടെയും ആയുധരഹിതമായ വഴി തിരഞ്ഞെടുക്കുകയും ചെയ്തവർ പലപ്പോഴും അപഹാസ്യരാകുകയും, പൊതുചർച്ചകളിൽനിന്ന് മാറ്റിനിറുത്തപ്പെടുകയും, എതിരാളികളെയും ശത്രുക്കളെയും അനുകൂലിക്കുന്നവരായി ആരോപിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ക്രിസ്ത്യാനിക്ക് ശത്രുക്കളില്ല, മറിച്ച് സഹോദരീസഹോദരങ്ങളാണുള്ളത്, പരസ്പരം മനസ്സിലാകാത്ത അവസരങ്ങളിൽപ്പോലും അതങ്ങനെതന്നെ തുടരുന്നു. ഇപ്പോൾത്തന്നെ സാഹോദര്യം ജീവിക്കുന്നവരുടെയും, തങ്ങൾക്ക് ചുറ്റും, തങ്ങളുടെ എതിരാളികളിൽപ്പോലും ദൈവമകനും മകളുമെന്ന ഇല്ലാതാക്കപ്പെടാനാകാത്ത അന്തസ്സ് തിരിച്ചറിയുന്നവരുടെയും ധൈര്യത്താൽ പ്രേരിതമാകുന്ന ആനന്ദം: ഈ ആനന്ദമാണ് ക്രിസ്തുമസിന്റെ ദിവ്യരഹസ്യം നമ്മിലേക്ക് കൊണ്ടുവരുന്നത്. ഇതുകൊണ്ടാണ് സ്തെഫാനോസ്, ക്ഷമിച്ചുകൊണ്ട്, യേശുവിനെപ്പലെ മരിക്കുന്നത്: ആയുധങ്ങളുടേതിനേക്കാൾ കൂടുതൽ സത്യമായ ഒരു ശക്തിയാൽ. ഇത് സൗജന്യമായതും, ഏവരുടെയും ഹൃദയത്തിൽ ഉള്ളതും, നമ്മുടെ ചുറ്റുമുള്ളവരെ വ്യത്യസ്തമായ രീതിയിൽ കാണാനും, അവർക്ക് പരിഗണനയും അംഗീകാരവും നൽകാനും തുടങ്ങുമ്പോൾ, ഒരുവനിൽ പിടിച്ചുനിറുത്താനാകാത്ത വിധത്തിൽ സജീവമാക്കപ്പെടുകയും, പങ്കുവയ്‌ക്കപ്പെടുകയും ചെയ്യുന്ന ഒരു ശക്തിയാണ്. അതെ, ഇത് വീണ്ടും ജനിക്കുകയാണ്, ഇത് വീണ്ടും പ്രകാശത്തിലേക്കുള്ള കടന്നുവരവാണ്, ഇതാണ് നമ്മുടെ ക്രിസ്തുമസ്!
അഹങ്കാരത്തെ പരിചരണവും, അവിശ്വാസത്തെ വിശ്വാസവും ഉപയോഗിച്ച് പ്രതിരോധിക്കുകയും, ജീവനെ ശുശ്രൂഷിക്കുകയും ചെയ്യുന്ന എല്ലാ സ്ത്രീകളിലും അനുഗ്രഹീതയായ മറിയത്തോട് നമുക്ക് അപേക്ഷിക്കുകയും അവളെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യാം. വെയിലിൽ മഞ്ഞുരുകുന്നതുപോലെ, എല്ലാ ഭയങ്ങളെയും ഭീഷണികളെയും ഇല്ലാതാക്കുന്ന ആനന്ദത്തിലേക്ക്, തന്റെ സ്വന്തം ആനന്ദത്തിലേക്ക് മറിയം നമ്മെയും നയിക്കട്ടെ.
തന്റെ പ്രഭാഷണത്തിന്റെ അവസാനം പാപ്പാ, ലത്തീൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവാദത്തിനു ശേഷം, തന്റെ വാക്കുകൾ തുടർന്ന പാപ്പാ, ഇപ്രകാരം പറഞ്ഞു.
പ്രിയ സഹോദരീ സഹോദരന്മാരെ,
കർത്താവിന്റെ ക്രിസ്തുമസിന്റെ വെളിച്ചത്തിൽ, സമാധാനത്തിന്റെയും ശാന്തിയുടെയും ആശംസകൾ ഹൃദയപൂർവ്വം ഞാൻ ആവർത്തിക്കുന്നു. റോമിലെ എല്ലാ വിശ്വാസികളെയും, വിവിധ രാജ്യങ്ങളിൽനിന്നെത്തിയ തീർത്ഥാടകരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു.
പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്റെ ഓർമ്മയിൽ, നമ്മുടെ വിശ്വാസത്തെ ശക്തിയുള്ളതാക്കി മാറ്റുകയും, തങ്ങളുടെ ക്രൈസ്തവ സാക്ഷ്യത്തിന്റെ പേരിൽ കൂടുതലായി സഹനങ്ങളനുഭവിക്കുന്ന സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുവേണ്ടി, നമുക്ക് വിശുദ്ധന്റെ മാദ്ധ്യസ്ഥ്യപ്രാർത്ഥനകൾ അപേക്ഷിക്കാം.
സംഘർഷത്തിന്റെ സാഹചര്യങ്ങളിൽ സംവാദവും, അനുരഞ്ജനവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി പരിശ്രമിക്കുന്ന ഏവരെയും വിശുദ്ധന്റെ സൗമ്യതയും ധൈര്യവും ക്ഷമയും അനുഗമിക്കട്ടെ.
ഏവർക്കും നല്ലൊരു തിരുനാൾ ആശംസിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
