എപ്പിഫനി ദൈവത്തിനുള്ള പൂർണ്ണമായ സമർപ്പണത്തിനും സഹോദരങ്ങളോടുള്ള പങ്കുവയ്പ്പിനും ക്ഷണിക്കുന്നു: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
എപ്പിഫനി തിരുനാളും, പ്രത്യാശയുടെ ജൂബിലി വർഷത്തിന്റെ അവസാനദിനവുമായിരുന്ന 2026 ജനുവരി ആറാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, കനത്ത മഴയിലും തന്നെ കാത്തുനിന്നിരുന്ന ആയിരക്കണക്കിന് വിശ്വാസികൾക്കൊപ്പം വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ചു. വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിലെ മട്ടുപ്പാവിൽ നിന്നുകൊണ്ട്, ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക്, ഇന്ത്യയിൽ വൈകുന്നേരം നാലരയ്ക്കാണ് പാപ്പാ പ്രാർത്ഥന നയിച്ചത്. പ്രാർത്ഥനയ്ക്ക് മുൻപായി, ഇറ്റാലിയൻ ഭാഷയിൽ പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തി.
പ്രിയ സഹോദരീസഹോദരന്മാരെ ശുഭദിനം!
ഈ ഒരു കാലയളവിൽ നമ്മൾ വിവിധ ആഘോഷദിവസങ്ങളിലൂടെ കടന്നുപോയി. എപ്പിഫനി, അതിന്റെ പേരിൽത്തന്നെ, ബുദ്ധിമുട്ടാർന്ന കാലഘട്ടങ്ങളിൽപ്പോലും എന്താണ് ആനന്ദം സാധ്യമാക്കുകയെന്ന് നമ്മോട് പറഞ്ഞുതരുന്നുണ്ട്. നിങ്ങൾക്കറിയാവുന്നതുപോലെ, എപ്പിഫനി എന്ന വാക്കിന്റെ അർത്ഥം "വെളിപ്പെടുത്തൽ" എന്നാണ്. നമ്മുടെ ആനന്ദം ഇനിയും നിഗൂഢമല്ലാത്ത ഒരു രഹസ്യത്തിൽനിന്നാണ് ജന്മമെടുക്കുന്നത്. ദൈവത്തിന്റെ ജീവൻ വെളിവാക്കപ്പെട്ടിരിക്കുന്നു: പലപ്പോഴും പല രീതിയിലും വെളിപ്പെട്ടതാണ് ഇതെങ്കിലും, നമുക്ക് ഇപ്പോൾ അറിയാവുന്നതുപോലെ, ഒരുപാട് പ്രശ്നങ്ങൾക്കിടയിലും പ്രത്യാശിക്കാൻ സാധിക്കുന്ന വിധത്തിൽ, വ്യക്തമായ തെളിച്ചത്തോടെ യേശുവിൽ അത് വെളിവാക്കപ്പെട്ടിരിക്കുന്നു. "ദൈവം രക്ഷിക്കുന്നു": അവന് മറ്റ് ഉദ്ദേശങ്ങളോ, മറ്റൊരു പേരോ ഇല്ല. ദൈവത്തിൽനിന്ന് വരുന്നതും ദൈവത്തിന്റെ പ്രത്യക്ഷീകരണവും സ്വാതന്ത്രമാക്കുകയും രക്ഷിക്കുകയും ചെയ്യുന്നത് മാത്രമാണ്.
പൂജരാജാക്കന്മാരെപ്പോലെ ബെത്ലെഹെമിലെ ശിശുവിന്റെ മുന്നിൽ മുട്ടുകുത്തുകയെന്നാൽ, നമ്മെ സംബന്ധിച്ചും, ദൈവത്തിന്റെ മഹത്വം വിളങ്ങുന്ന യഥാർത്ഥ മാനവികതയെ കണ്ടെത്തിയെന്ന് ഏറ്റുപറയുകയാണ്. യേശുവിൽ യഥാർത്ഥ ജീവൻ, ജീവിക്കുന്ന മനുഷ്യൻ, അഥവാ, തനിക്കുവേണ്ടിത്തന്നെയല്ലാതെ നിലനിൽക്കുന്നതും, തുറന്നതും, ഐക്യമുള്ളതുമായവൻ പ്രത്യക്ഷപ്പെടുന്നു. ഇത് നമ്മെക്കൊണ്ട് "സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും" (മത്തായി 6, 10) എന്ന് പറയിപ്പിക്കുന്നു. അതെ, ദൈവികജീവൻ നമ്മുടെ കൈയെത്തും ദൂരത്താണ്, അത് സ്വയം വെളിപ്പെടുത്തപ്പെടുന്നു. ഇത്, ഭയങ്ങളെ ഇല്ലാതാക്കുകയും, സമാധാനത്തിൽ ഒരുമിച്ചായിരിക്കാൻ സഹായിക്കുകയും ചെയ്യുന്ന അവന്റെ, സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന, ക്രിയാത്മകതയിൽ നമ്മെയും പങ്കുചേർക്കാനാണ്. ഇതൊരു സാധ്യതയാണ്, ഒരു ക്ഷണമാണ്: ഐക്യം എന്നുപറയുന്നത് നിർബന്ധിതമാകാൻ പാടില്ല. ഇതിലപ്പുറം നമുക്ക് എന്താണ് പ്രതീക്ഷിക്കാനാകുക?
സുവിശേഷവിവരണത്തിലും നമ്മുടെ പുൽക്കൂടുകളിലും, പൂജരാജാക്കന്മാർ ഉണ്ണിയേശുവിന് വിലയേറിയ കാഴ്ചകൾ, സ്വർണ്ണവും, കുന്തിരിക്കവും, മീറയും സമർപ്പിക്കുന്നുണ്ട് (മത്തായി 2,11). എന്നാൽ ഇവ ഒരു ശിശുവിന് ഉപകാരപ്രദമായ വസ്തുക്കളാണെന്ന് തോന്നുന്നില്ല. പക്ഷെ, ജൂബിലി വർഷത്തിന്റെ അവസാനത്തിലെത്തിയ നമ്മെ സംബന്ധിച്ചിടത്തോളം, നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു ആഗ്രഹത്തെയാണ് ഇവ പ്രതിനിധീകരിക്കുന്നത്. എല്ലാം നൽകുന്നവൻ ഏറെ നൽകുന്നു. യേശു ചൂണ്ടിക്കാണിക്കുന്ന ആ ദരിദ്ര വിധവയെ നമുക്ക് ഓർക്കാം. അവൾ തനിക്കുണ്ടായിരുന്ന അവസാന നാണയങ്ങൾ, തനിക്കുണ്ടായിരുന്നവയെല്ലാം ദേവാലയത്തിന്റെ ഭണ്ഡാരത്തിലേക്ക് നിക്ഷേപിക്കുന്നു (ലൂക്കാ 21,1-4). കിഴക്കുനിന്ന് വന്ന പൂജരാജാക്കന്മാർക്ക് സ്വന്തമായുണ്ടായിരുന്നത് എന്തൊക്കെയാണെന്ന് നമുക്കറിയില്ല. എന്നാൽ അവരുടെ യാത്ര, വെല്ലുവിളി ഏറ്റെടുക്കൽ, അവരുടെ കാഴ്ചവസ്തുക്കൾ എന്നിവ നമ്മോട് പറയുന്നത്, എല്ലാം, അതെ, നാമായിരിക്കുന്നതും, നമുക്കുള്ളതും മുഴുവൻ, അമൂല്യമായ നിധിയായ യേശുവിന് നല്കപ്പെടണമെന്നാണ്. ജൂബിലി വർഷവും നമ്മെ ഈയൊരു ഉദാരതയിൽ അടിസ്ഥാനമിട്ട നീതിയിലേക്കാണ് വിളിച്ചത്. ഇതിൽ, നമ്മുടെ സഹവാസം പുനഃക്രമീകരിക്കാനും, ഭൂമിയും, അതിലെ വിഭവങ്ങളും പുനഃവിതരണം ചെയ്യാനും, നമുക്കുള്ളതും, നാമായിരിക്കുന്നവയും നമ്മുടേതിനേക്കാൾ വലുതായ ദൈവത്തിന്റെ സ്വപ്നങ്ങൾക്ക് തിരികെക്കൊടുക്കാനുമുള്ള ക്ഷണമുണ്ട്.
പ്രിയപ്പെട്ടവരേ, നാം അറിയിക്കുന്ന പ്രത്യാശ യാഥാർത്ഥ്യബോധത്തോടുകൂടിയതാകണം. അത് സ്വർഗ്ഗത്തിൽനിന്ന് വരുന്നതാണ്, എന്നാൽ ഇവിടെ ഭൂമിയിൽ ഒരു പുതിയ ചരിത്രം സൃഷ്ടിക്കാനായാണ് അത് വരുന്നത്. അങ്ങനെയെങ്കിൽ, നമുക്കിടയിൽ യേശു വളരുവാൻ വേണ്ടി, നാമോരോരുത്തരും പൊതുവായി വയ്‌ക്കേണ്ടത്, സ്വന്തമായി കാത്തുസൂക്ഷിക്കാതെ മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടതുമായവയെന്തെന്ന് പൂജരാജാക്കന്മാരുടെ കാഴ്ചകളിൽ നമുക്ക് കാണാൻ സാധിക്കും. അവന്റെ രാജ്യം വളരട്ടെ, നമ്മിൽ അവന്റെ വാക്കുകൾ നിറവേറട്ടെ, അന്യരും എതിരാളികളും സഹോദരീസഹോദരന്മാരായി മാറട്ടെ, അസമത്വങ്ങൾക്ക് പകരം സമത്വമുണ്ടാകട്ടെ, യുദ്ധത്തിന്റെ വ്യവസായത്തിന് പകരം, സമാധാനത്തിന്റെ ശില്പചാതുരി ശക്തമാകട്ടെ. പ്രത്യാശയുടെ നെയ്ത്തുകാരായ നമുക്ക്, വേറിട്ടൊരു വഴിയിലൂടെ ഭാവിയിലേക്ക് സഞ്ചരിക്കാം (മത്തായി 2, 12).
തന്റെ പ്രഭാഷണത്തിന്റെ അവസാനം പരിശുദ്ധ പിതാവ് ത്രികാലജപ പ്രാർത്ഥന നയിക്കുകയും, പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.
ആശീർവാദത്തിന് ശേഷം വീണ്ടും ജനങ്ങളെ അഭിസംബോധന ചെയ്ത പാപ്പാ, ഈ ദിവസത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, മിഷനറിമാർക്കായി പ്രാർത്ഥിച്ചുകൊണ്ടും, തങ്ങളുടെ സമപ്രായക്കാരും ബുദ്ധിമുട്ടനുഭവിക്കുന്നവരുമായ കുട്ടികളെ സഹായിച്ചുകൊണ്ടും, കുട്ടികൾ തങ്ങളുടെ മിഷനറി ദിനം ആചരിക്കുകയാണെന്ന് അനുസ്മരിച്ചു.
ജൂലിയൻ കലണ്ടർ പ്രകാരം ജനുവരി ഏഴാം തീയതി ക്രിസ്തുമസ് ആഘോഷിക്കുന്ന പൗരസ്ത്യ ക്രൈസ്തവസഭകളെ പ്രത്യേകം പരാമർശിക്കുകയും ചെയ്‌ത പാപ്പാ, കർത്താവായ യേശു നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും ശാന്തിയും സമാധാനവും നൽകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
വിവിധ പ്രദേശങ്ങളിലും രാജ്യങ്ങളിലും നിന്ന് വന്ന തീർത്ഥാടകരെയും സന്ദർശകരെയും അഭിവാദ്യം ചെയ്ത പാപ്പാ, എല്ലാവർക്കും നന്മകളും ക്രിസ്തുവിന്റെ പ്രകാശത്തിലുള്ള ഒരു പുതുവർഷത്തിന്റെയും എപ്പിഫനി തിരുനാളിന്റെയും ആശംസകൾ നേർന്നുകൊണ്ടാണ് പാപ്പാ പിൻവാങ്ങിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: