തിരയുക

ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുന്നു ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുന്നു  (@VATICAN MEDIA)

മനുഷ്യനായി അവതരിച്ച ദൈവപുത്രൻ ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ പ്രതിബദ്ധത ആവശ്യപ്പെടുന്നു: ലിയോ പതിനാലാമൻ പാപ്പാ

ജനുവരി നാലാം തീയതി ഞായറാഴ്‌ച ഉച്ചയ്ക്ക് വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ
ശബ്ദരേഖ - മനുഷ്യനായി അവതരിച്ച ദൈവപുത്രൻ ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ പ്രതിബദ്ധത ആവശ്യപ്പെടുന്നു: ലിയോ പതിനാലാമൻ പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2026-ലെ ആദ്യ ഞായർ ആയിരുന്ന ജനുവരി നാലാം തീയതി ഉച്ചയ്ക്ക് വത്തിക്കാനിൽ ഞായറാഴ്ചകളിൽ പതിവുള്ളതുപോലെ, പരിശുദ്ധ പിതാവ് ത്രികാലജപപ്രാർത്ഥന നയിക്കുകയും ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. റോമിലെ തണുത്ത കാലാവസ്ഥയിലും കനത്ത മഴയിലും ആയിരക്കണക്കിനാളുകൾ പാപ്പായെ കാണാനും പ്രാർത്ഥനയിൽ പങ്കെടുക്കാനും ആശീർവാദം സ്വീകരിക്കാനുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പരിസരങ്ങളിലുമായി നിലനിന്നിരുന്നു.

ഉച്ചയ്ക്ക് കൃത്യം പന്ത്രണ്ടുമണിക്ക്, ഇന്ത്യയിൽ വൈകുന്നേരം നാലരയ്ക്ക് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിലെത്തുകയും, ഏവരെയും അഭിസംബോധന ചെയ്തുകൊണ്ട് തന്റെ പ്രഭാഷണം നടത്തുകയും ചെയ്തു. മാംസമായിത്തീർന്ന, മനുഷ്യനായി അവതരിച്ച വചനത്തെക്കുറിയിച്ചായിരുന്നു ഈ ഞായറാഴ്ചയിലെ പരിശുദ്ധ പിതാവിന്റെ പ്രഭാഷണം. ഇറ്റാലിയൻ ഭാഷയിലായിരുന്ന പരിശുദ്ധപിതാവിന്റെ പ്രഭാഷണം ഇപ്രകാരമായിരുന്നു:

പ്രിയ സഹോദരീസഹോദരന്മാരെ ശുഭ ഞായർ!

കർത്താവിന്റെ തിരുപ്പിറവിക്ക് ശേഷമുള്ള ഈ രണ്ടാം ഞായറാഴ്ച നിങ്ങൾക്കേവർക്കും എന്റെ ആശംസകൾ ഞാൻ വീണ്ടും നേരുന്നു. നാളെകഴിഞ്ഞ്, വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കുന്നതോടെ, പ്രത്യാശയുടെ ജൂബിലി അവസാനിക്കും. നാം ആഘോഷിക്കുന്ന ക്രിസ്തുമസെന്ന അത്ഭുതം, നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം, ദൈവത്തിന്റെ മനുഷ്യാവതാരമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ആരാധനക്രമം നമുക്ക് മുന്നിൽ വയ്ക്കുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ ആദ്യഭാഗം ഇതാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്: "വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു" (യോഹ. 1, 14). ക്രൈസ്തവമായ പ്രത്യാശ, ശുഭാപ്തിവിശ്വാസത്തോടെയുള്ള പ്രവചനങ്ങളിലോ, മാനുഷികമായ കണക്കുകൂട്ടലുകളിലോ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. മറിച്ച്, അത്, നമ്മുടെ ജീവിതയാത്രയിൽ നാം ഒറ്റയ്ക്കായിപ്പോകാതിരിക്കാൻവേണ്ടി, നമ്മുടെ യാത്രയിൽ പങ്കുചേരാനുള്ള ദൈവത്തിന്റെ തീരുമാനത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതാണ് ദൈവത്തിന്റെ പ്രവർത്തി: യേശുവിലൂടെ അവൻ നമ്മിൽ ഒരുവനായിത്തീർന്നു, നമ്മോടൊത്തായിരിക്കാൻ തീരുമാനിച്ചു, എന്നും നമ്മോടൊത്തുള്ള ദൈവമായിരിക്കാൻ നിശ്ചയിച്ചു.

മനുഷ്യശരീരത്തിന്റെ ബലഹീനതയിലുള്ള യേശുവിന്റെ വരവ്, ഒരുഭാഗത്ത് നമ്മിലെ പ്രത്യാശയെ വീണ്ടും ഉണർത്തുമ്പോൾ, മറുഭാഗത്ത് നമുക്ക് ഇരട്ട പ്രതിബദ്ധതകൾ നൽകുന്നു; ഒന്ന് ദൈവത്തിന് നേരെയും, മറ്റൊന്ന് മനുഷ്യർക്ക് നേരെയും.

ദൈവത്തിനുനേരെയുള്ള പ്രതിബദ്ധതയ്ക്ക് കാരണമിതാണ്: അവൻ മാംസമായിത്തീരുകയും, തന്റെ വാസസ്ഥലമായി നമ്മുടെ മാനുഷിക ബലഹീനതകളെ തിരഞ്ഞെടുക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ, നാം ദൈവത്തെക്കുറിച്ച് അമൂർത്തമായ വിശ്വാസ സിദ്ധാന്തങ്ങളിലൂടെയല്ല, ക്രിസ്തുവിന്റെ ശരീരവുമായി ബന്ധപ്പെട്ട് ചിന്തിക്കാനായാണ് വിളിക്കപ്പെട്ടിരിക്കുന്നത്. ഇക്കാരണത്താൽ, നാം നമ്മുടെ അദ്ധ്യാത്മികതയും, നമ്മുടെ വിശ്വാസപ്രകടനരീതികളും എല്ലായ്പ്പോഴും പരിശോധിക്കേണ്ടതുണ്ട്. അവ യഥാർത്ഥത്തിൽ മനുഷ്യബന്ധിതം, അതായത്, യേശുവിലൂടെ നമ്മിലേക്ക് എത്തുന്ന ദൈവത്തെക്കുറിച്ച് ചിന്തിക്കാനും, പ്രാർത്ഥിക്കാനും പ്രഘോഷിക്കാനും കഴിവുള്ളവയാകണം. അവ അകലെയുള്ള, നമുക്ക് മുകളിലുള്ള പൂർണ്ണതയുടെ സ്വർഗ്ഗത്തിൽ ഉള്ള, ഒരു ദൈവത്തെക്കുറിച്ചല്ല, മറിച്ച് നമുക്ക് സമീപസ്ഥനായ, നമ്മുടെ ദുർബലമായ ഈ ഭൂമിയിൽ വസിക്കുന്ന, സഹോദരങ്ങളുടെ മുഖങ്ങളിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തുന്ന, അനുദിനജീവിതസാഹചര്യങ്ങളിലൂടെ സ്വയം വെളിവാക്കുന്ന ഒരു ദൈവത്തെക്കുറിച്ചാകണം.

മനുഷ്യരോടുള്ള നമ്മുടെ പ്രതിബദ്ധതയും ഇതിനോട് ചേർന്നുപോകുന്നതാകണം. ദൈവം നമ്മിൽ ഒരുവനായി മാറിയെങ്കിൽ, ഓരോ മനുഷ്യരും അവന്റെ ഒരു പ്രതിഫലനമാണ്, ഓരോ മനുഷ്യനും ദൈവത്തിന്റെ ഛായ ഉള്ളിൽ കൊണ്ടുനടക്കുന്നു, അവന്റെ പ്രകാശത്തിന്റെ ഒരു തീപ്പൊരി കാത്തുസൂക്ഷിക്കുന്നു. ഇത് ഓരോ വ്യക്തിയിലും അവന്റെ അലംഘനീയമായ അന്തസ്സ് തിരിച്ചറിയാനും, തമ്മിൽ പരസ്പരസ്നേഹം ജീവിക്കാനും നമ്മെ ക്ഷണിക്കുന്നു. അങ്ങനെ, ക്രിസ്തുവിന്റ മനുഷ്യാവതാരം സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും പ്രോത്സാഹനത്തിനായി, നമ്മോട് സമൂർത്തമായ ഒരു പ്രതിബദ്ധത ആവശ്യപ്പെടുന്നു. ഇത്, ഐക്യദാർഢ്യം മനുഷ്യബന്ധങ്ങളുടെ മാനദണ്ഡമായി മാറുന്നതിനും, നീതിക്കും സമാധാനത്തിനും, കൂടുതൽ ബലഹീനരുടെ പരിചരണത്തിനും, ദുർബലരുടെ സംരക്ഷണത്തിനും വേണ്ടിയാണ്. ദൈവം മാംസമായിത്തീർന്നതിനാൽ, മനുഷ്യശരീരത്തിനുള്ള പരിചരണമേകാതെ, ദൈവത്തോടുള്ള ആധികാരികമായ ആരാധനയില്ല.

സഹോദരീസഹോദരന്മാരെ, ക്രിസ്തുമസിന്റെ ആനന്ദം നമുക്ക് നമ്മുടെ വിശ്വാസയാത്രയിൽ തുടരാൻ ധൈര്യം നൽകട്ടെ, അതോടൊപ്പം ദൈവത്തെയും അയൽക്കാരനെയും ശുശ്രൂഷിക്കാൻ കൂടുതൽ സജ്ജരാക്കി നമ്മെ മാറ്റാൻ പരിശുദ്ധ അമ്മയോട് നമുക്ക് അപേക്ഷിക്കാം.

തന്റെ പ്രഭാഷണത്തിന്റെ അവസാനം പരിശുദ്ധ പിതാവ് ത്രികാലജപ പ്രാർത്ഥന നയിക്കുകയും, പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.

ആശീർവാദത്തിന് ശേഷം തന്റെ വാക്കുകൾ തുടർന്ന പാപ്പാ ഇങ്ങനെ പറഞ്ഞു:

സ്വിറ്റസർലണ്ടിലെ ക്രാൻ-മൊന്താനയിലുണ്ടായ ദാരുണാപകടംമൂലം ദുഃഖത്തിലായിരിക്കുന്ന ഏവരോടും എന്റെ സാമീപ്യം വീണ്ടും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മരണമടഞ്ഞ യുവജനങ്ങൾക്കായും, അപകടത്തിൽ പരിക്കേറ്റവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി എന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകുന്നു.

ആശങ്ക നിറഞ്ഞ മനസ്സോടെയാണ്, വെനിസ്വേലയിലെ സംഭവവികാസങ്ങളെ ഞാൻ കാണുന്നത്. പ്രിയപ്പെട്ട വെനിസ്വേലൻ ജനതയുടെ നന്മ എന്ന ലക്‌ഷ്യം, മറ്റെല്ലാ പരിഗണനകൾക്കും അതീതമായി നിൽക്കുകയും, അതിക്രമങ്ങളെ മറികടക്കാനും, നീതിയുടെയും സമാധാനത്തിന്റെയും മാർഗ്ഗം സ്വീകരിക്കാനും പ്രചോദിപ്പിക്കുകയും വേണം. രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കിക്കൊണ്ടും, ഭരണഘടനയിൽ എഴുതപ്പെട്ടിരിക്കുന്ന നിയമവാഴ്ച ഉറപ്പുവരുത്തിക്കൊണ്ടും, ഓരോരുത്തരുടെയും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും മാനിച്ചുകൊണ്ടും, ബുദ്ധിമുട്ടേറിയ സാമ്പത്തികസാഹചര്യം മൂലം ദുരിതമനുഭവിക്കുന്ന കൂടുതൽ പാവപ്പെട്ടവരായവർക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, സഹകരണത്തിന്റെയും സ്ഥിരതയുടെയും, ഐക്യത്തിന്റേതുമായ ശാന്തമായ ഭാവി ഒരുമിച്ച് കെട്ടിപ്പടുക്കാനായി പരിശ്രമിച്ചുകൊണ്ടും, വേണം ഇത് നടപ്പിലാക്കാൻ. ഇതിനായി കോറോമോത്തോയിലെ മാതാവിന്റെയും വിശുദ്ധരായ ഹൊസെ ഗ്രെഗോറിയോ എർണാന്തെസിന്റെയും സി. കാർമെൻ റെന്തീലെസിന്റെയും മാദ്ധ്യസ്ഥ്യത്തിനായി നമ്മുടെ പ്രാർത്ഥനകൾ സമർപ്പിച്ചുകൊണ്ട് ഞാൻ പ്രാർത്ഥിക്കുകയും, പ്രാർത്ഥിക്കാൻ നിങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നു.

തുടർന്ന് പാപ്പാ, ഇറ്റലിയിലും വിവിധ രാജ്യങ്ങളിലും നിന്ന് വന്ന വിശ്വാസികളും തീർത്ഥാടകരുമായ ആളുകളെ അഭിവാദ്യം ചെയ്തു.

വ്യത്യസ്ത ഇടവകകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും വന്ന ആളുകളെ അഭിസംബോധന ചെയ്ത ശേഷം, സമാധാനത്തിനായുള്ള പ്രാർത്ഥനയ്ക്ക് ഏവരെയും ക്ഷണിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ പറഞ്ഞു:

പ്രിയപ്പെട്ടവരേ സമാധാനത്തിന്റെ ദൈവത്തിലുള്ള വിശ്വാസം നമുക്ക് തുടരാം. യുദ്ധങ്ങൾ മൂലം സഹനമനുഭവിക്കുന്ന ജനതകൾക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം, അവരോട് ഐക്യദാർഢ്യമുള്ളവരാകാം.

“ഏവർക്കും ഒരു നല്ല ഞായർ” എന്ന ആശംസയോടെയാണ് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിങ്കൽനിന്നും പിൻവാങ്ങിയത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ജനുവരി 2026, 11:40

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >