ദൈവമാതാവിന്റെ സഹായത്തിനും സമാധാനത്തിനുമായി പ്രാർത്ഥനകളോടെ ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വത്തിരുനാളും പുതുവർഷാരംഭദിനവുമായ 2026 ജനുവരി ഒന്നാം തീയതി വ്യാഴാഴ്ച വത്തിക്കാനിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിച്ചു. പരിശുദ്ധപിതാവിനൊപ്പം പ്രാർത്ഥിക്കാനും, പിതാവിന്റെ ആശീർവാദം സ്വീകരിക്കാനുമായി നാൽപ്പത്തിനായിരത്തോളം ആളുകൾ വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പുറത്തുമായി സന്നിഹിതരായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിൽ വൈകുന്നേരം 4.30-ന് പാപ്പാ, അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിങ്കൽ എത്തുകയും പ്രാർത്ഥനയ്ക്ക് മുൻപായി, അവസാനിക്കാൻ പോകുന്ന ജൂബിലിവർഷം നൽകുന്ന പ്രത്യാശയെക്കുറിച്ചുള്ള ഉദ്ബോധനങ്ങൾ, ക്രിസ്തുവിന്റെ ഹൃദയമിടിപ്പുകൾ ആദ്യമറിഞ്ഞ പരിശുദ്ധ അമ്മ, നല്ലവർക്കും പാപികൾക്കും, എല്ലാ മനുഷ്യർക്കും വേണ്ടി തുടിക്കുന്ന യേശുവിന്റെ ഹൃദയം, കുടുംബങ്ങളിലും ലോകത്തിലും സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ പ്രാർത്ഥനകൾ തേടുക തുടങ്ങിയ ചിന്തകൾ പങ്കുവച്ചുകൊണ്ട് പ്രഭാഷണം നടത്തി.
പ്രിയ സഹോദരീസഹോദരന്മാരെ, പുതുവത്സരാശംസകൾ!
മാസങ്ങളുടെ താളക്രമം ആവർത്തിക്കപ്പെമ്പോൾ, എല്ലാ ജനതകൾക്കുമിടയിൽ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഒരു യുഗത്തിന് ആരംഭം കുറിച്ചുകൊണ്ട് നമ്മുടെ കാലഘട്ടത്തെ നവീകരിക്കാൻ കർത്താവ് നമ്മെ ക്ഷണിക്കുന്നു. നന്മയ്ക്കായുള്ള ഈ ആഗ്രഹമില്ലെങ്കിൽ, കലണ്ടറിന്റെ പേജുകൾ മറിക്കുന്നതിലോ നമ്മുടെ ഡയറികൾ നിറയ്ക്കുന്നതിലോ അർത്ഥമുണ്ടായേക്കില്ല.
അവസാനിക്കാൻ പോകുന്ന ഈ ജൂബിലിവർഷം, എങ്ങനെ ഒരു പുതുലോകത്തിനായുള്ള പ്രത്യാശ വളർത്തിയെടുക്കാമെന്ന് നമ്മെ പഠിപ്പിച്ചു. തെറ്റുകളെ ക്ഷമയായും, വേദനയെ സമാശ്വാസമായും, പുണ്യപ്രവൃത്തികൾക്കായുള്ള തീരുമാനങ്ങളെ സത്‌പ്രവൃത്തികളായും മാറ്റുവാൻ തക്ക രീതിയിൽ ഹൃദയത്തെ ദൈവത്തിലേക്ക് പരിവർത്തനം ചെയ്തുകൊണ്ടാണ് ഇത് സാധിക്കുക. വാസ്തവത്തിൽ, ഈയൊരു ശൈലിയിലാണ് ദൈവം പോലും, രക്ഷകനായ യേശുവിനെ ലോകത്തിന് നൽകിക്കൊണ്ട്, ചരിത്രത്തിലേക്ക് കടന്നുവരികയും അതിനെ വിസ്‌മൃതിയിൽനിന്ന് രക്ഷിക്കുകയും ചെയ്യുന്നത്. നമ്മുടെ സഹോദരനായി മാറുന്ന, ഏകജാതനായ പുത്രനാണവൻ. ലോകത്തിലേക്ക് കടന്നുവരുന്ന ഓരോ പുരുഷനും ഓരോ സ്ത്രീക്കും ആതിഥ്യമരുളുന്ന ഒരു ഭവനമായി ഭാവിയെ കെട്ടിപ്പടുക്കാൻ നമ്മെ സഹായിക്കുന്നതിനായി, അവൻ നമ്മുടെ ബുദ്ധിയെ നല്ല ആഗ്രഹങ്ങൾകൊണ്ട് പ്രകാശിപ്പിക്കുന്നു.
ഈയവസരത്തിൽ, ക്രിസ്തുമസ് ആഘോഷങ്ങൾ ഇന്ന് നമ്മുടെ ശ്രദ്ധ, ക്രിസ്തുവിന്റെ ഹൃദയമിടിപ്പുകൾ ആദ്യം ശ്രവിച്ചവളായ മറിയത്തിലേക്ക് നയിക്കുന്നു. അവളുടെ കന്യകാ ഉദരത്തിൽ ജീവന്റെ വചനം കൃപയുടെ മിടിപ്പായി സ്വയം പ്രഘോഷിക്കുന്നു.
സ്രഷ്ടാവായ ദൈവം മറിയത്തിന്റെയും നമ്മുടെയും ഹൃദയങ്ങളെ എല്ലായ്‌പ്പോഴും അറിയുന്നുണ്ട്. മനുഷ്യനായി അവതരിക്കുന്നതിലൂടെ, അവൻ തന്റെ ഹൃദയത്തെ നമുക്ക് വെളിപ്പെടുത്തുന്നു. അങ്ങനെ, യേശുവിന്റെ ഹൃദയം ഓരോ പുരുഷനും സ്ത്രീക്കും വേണ്ടി മിടിക്കുന്നു. ഇടയന്മാരെപ്പോലെ, അവനെ സ്വീകരിക്കാൻ തയ്യാറായിട്ടുള്ളവർക്കും, ഹേറോദേസിനെപ്പോലെ അവനെ സ്വീകരിക്കാൻ മനസ്സിലാത്തവർക്കും വേണ്ടിയും. തങ്ങളുടെ അയൽക്കാരനെക്കുറിച്ച് കരുതലില്ലാത്തവരോടുപോലും അവന്റെ ഹൃദയം നിസംഗത പുലർത്തുന്നില്ല: തങ്ങളുടെ സമർപ്പണത്തിൽ സ്ഥിരതയോടെ തുടരുന്നതിനായി നീതിമാന്മാർക്കുവേണ്ടിയും, തങ്ങളുടെ ജീവിതപരിവർത്തനത്തിലൂടെ സമാധാനം കണ്ടെത്തുന്നതിനുവേണ്ടി അധർമ്മികൾക്കുവേണ്ടിയും അവന്റെ ഹൃദയം സ്പന്ദിക്കുന്നു.
ഒരു സ്ത്രീയിൽനിന്ന് ജന്മമെടുത്താണ് രക്ഷകൻ ലോകത്തിലേക്ക് വരുന്നത്. നമ്മുടെ ശരീരത്തിൽ ആലേഖനം ചെയ്യപ്പെട്ട ദൈവികഛായയെ വെളിപ്പെടുത്തിക്കൊണ്ട്, പരിശുദ്ധ അമ്മയിൽ വിളങ്ങുകയും, ജനിക്കാനിരിക്കുന്ന ഓരോ ശിശുവിലും പ്രതിഫലിക്കുകയും ചെയ്യുന്ന ഈ സംഭവത്തെ ആരാധിക്കാനായി നമുക്കൊരു നിമിഷം നിൽക്കാം.
ഈ ആഗോള ദിനത്തിൽ സമാധാനത്തിനായി നമുക്കേവർക്കും പ്രാർത്ഥിക്കാം. ഒന്നാമതായി, സംഘർഷങ്ങളാലും ദുരിതങ്ങളാലും രക്തരൂക്ഷിതമായിരിക്കുന്ന രാജ്യങ്ങൾക്കിടയിലും, അതോടൊപ്പം, നമ്മുടെ വീടുകളിലും, അക്രമങ്ങളാലും വേദനയാലും മുറിവേറ്റ കുടുംബങ്ങളിലും. ഒരിക്കലും അണയാത്ത നീതിസൂര്യനാണ് നമ്മുടെ പ്രത്യാശയായ ക്രിസ്തു എന്ന ഉറപ്പിൽ, ദൈവമാതാവും, സഭയുടെ മാതാവുമായ മറിയത്തിന്റെ മാദ്ധ്യസ്ഥ്യം നമുക്ക് വിശ്വാസത്തോടെ അപേക്ഷിക്കാം.
എന്ന വാക്കുകളോടെ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവാദത്തിനു ശേഷം, തന്റെ വാക്കുകൾ തുടർന്ന പാപ്പാ, ഇപ്രകാരം പറഞ്ഞു.
പ്രിയ സഹോദരീസഹോദരന്മാരെ,
വർഷത്തിന്റെ ഈ ആദ്യദിനത്തിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഒരുമിച്ച് കൂടിയ നിങ്ങളേവരേയും ഞാൻ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു. ഏവർക്കും സമാധാനത്തിന്റെയും എല്ലാ നന്മകളുടെയും ഒരുപാട് ആശംസകൾ! ആശംസകളറിയിച്ച ഇറ്റലിയുടെ പ്രസിഡന്റ് സേർജിയോ മത്തരെല്ലയ്ക്കും, ഏറെ നന്ദിയോടെ, ആശംസകൾ നേരുന്നു.
1968 ജനുവരി ഒന്നാം തീയതി മുതൽ, വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ ഹിതപ്രകാരം ഈ ദിനത്തിൽ ആഗോള സമാധാനദിനം ആചരിക്കപ്പെടുകയാണ്. ഈ വർഷത്തേക്കുള്ള എന്റെ സന്ദേശത്തിൽ, എന്നെ ഈ ശുശ്രൂഷയ്ക്കായി വിളിച്ചുകൊണ്ട് കർത്താവ് എനിക്ക് തോന്നിപ്പിച്ച ആശംസ ഉൾക്കൊള്ളിക്കാനാണ് ഞാൻ ശ്രമിച്ചത്: "സമാധാനം നിങ്ങളോടുകൂടെ". നമ്മുടെ ഉത്തരവാദിത്വത്തിന് ഏൽപ്പിക്കപ്പെട്ട, വ്യവസ്ഥകളില്ലാത്ത അവന്റെ സ്നേഹമെന്ന ദാനം, ദൈവത്തിൽനിന്ന് വരുന്ന ഈ സമാധാനം ആയുധരഹിതവും നിരായുധീകരിക്കുന്നതുമാണ്.
പ്രിയപ്പെട്ടവരേ, ക്രിസ്തുവിന്റെ കൃപയാൽ, നമ്മുടെ ഹൃദയങ്ങളെ നിരായുധീകരിച്ചുകൊണ്ടും, എല്ലാത്തരം അക്രമങ്ങളിൽനിന്നും വിട്ടുനിന്നുകൊണ്ടും, ഇന്നുമുതൽ, നമുക്ക് സമാധാനത്തിന്റെ ഒരു വർഷം കെട്ടിപ്പടുക്കാൻ ആരംഭിക്കാം.
ഈയൊരവസരത്തിൽ ഇതുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുന്നോട്ടുവയ്ക്കപ്പെടുന്ന എണ്ണമറ്റ സംരംഭങ്ങൾക്ക് ഞാൻ എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. പ്രത്യേകിച്ച്, കഴിഞ്ഞ ദിവസം കത്താനിയയിൽ നടന്ന ദേശീയ മാർച്ച്, സാന്ത് എജിദിയോ സമൂഹം ഇന്നത്തെ ദിവസത്തിൽ സംഘടിപ്പിച്ചിട്ടുള്ള മാർച്ച് തുടങ്ങിയവയെ പ്രത്യേകമായി ഞാൻ അനുസ്മരിക്കുന്നു.
ന്യൂ ജേഴ്‌സിയിലെ റിച്ച്ലാൻഡിൽനിന്നുള്ള വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും, റോമക്കാരെയും, ഇവിടെ സന്നിഹിതരായിട്ടുള്ള തീർത്ഥാടകരെയും ഞാൻ പ്രത്യേകമായി അഭിവാദ്യം ചെയ്യുന്നു.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം മരണവാർഷികം ഈ വർഷാരംഭത്തിൽ ആചരിക്കപ്പെടുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ, വിശുദ്ധ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ആശീർവാദം നിങ്ങൾക്കേവർക്കും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു: "കർത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ; അവൻ തന്റെ തിരുമുഖം നിനക്ക് വെളിപ്പെടുത്തുകയും, നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ; അവൻ നിന്നെ കടാക്ഷിക്കുകയും നിനക്ക് സമാധാനം നൽകുകയും ചെയ്യട്ടെ"
ദൈവത്തിന്റെ പരിശുദ്ധ അമ്മ പുതുവർഷത്തിലെ നമ്മുടെ യാത്രയിൽ നമ്മെ നയിക്കട്ടെ. ഏവർക്കും ഒരുപാട് ആശംസകൾ!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: