ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുന്നു ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുന്നു  (AFP or licensors)

സ്വർഗ്ഗത്തിലേക്കുള്ള വാതിലും, സഹോദര്യത്തിലേക്ക് നയിക്കുന്നതുമാണ് ജ്ഞാനസ്‌നാനം: ലിയോ പതിനാലാമൻ പാപ്പാ

ജനുവരി 11 തീയതി ഞായറാഴ്‌ച ഉച്ചയ്ക്ക് വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജനുവരി 11 തീയതി ഞായറാഴ്‌ച ഉച്ചയ്ക്ക് വത്തിക്കാനിൽ ഞായറാഴ്ചകളിൽ പതിവുള്ളതുപോലെ, പരിശുദ്ധ പിതാവ് ത്രികാലജപപ്രാർത്ഥന നയിക്കുകയും ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. റോമിലെ തണുത്ത കാലാവസ്ഥയിലും ഇരുപത്തയ്യായിരത്തോളം പാപ്പായെ കാണാനും പ്രാർത്ഥനയിൽ പങ്കെടുക്കാനും ആശീർവാദം സ്വീകരിക്കാനുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പരിസരങ്ങളിലുമായി നിലനിന്നിരുന്നു.

ഉച്ചയ്ക്ക് കൃത്യം പന്ത്രണ്ടുമണിക്ക്, ഇന്ത്യയിൽ വൈകുന്നേരം നാലരയ്ക്ക് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിലെത്തുകയും, ഏവരെയും അഭിസംബോധന ചെയ്തുകൊണ്ട് തന്റെ പ്രഭാഷണം നടത്തുകയും ചെയ്തു. യേശുവിന്റെ ജ്ഞാനസ്നാനത്തിരുനാൾ ആഘോഷിക്കപ്പെട്ട ഈ ഞായറാഴ്ചയിലെ സുവിശേഷവായനയായ വിശുദ്ധ മത്തായിയുടെ സുവിശേഷം മൂന്നാം അദ്ധ്യായം പതിമൂന്ന് മുതൽ പതിനേഴ് വരെയുള്ള സുവിശേഷഭാഗത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ ഞായറാഴ്ചയിലെ പരിശുദ്ധ പിതാവിന്റെ പ്രഭാഷണം. ഇറ്റാലിയൻ ഭാഷയിലായിരുന്ന പരിശുദ്ധപിതാവിന്റെ പ്രഭാഷണം ഇപ്രകാരമായിരുന്നു:

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭഞായർ!

നമ്മൾ ഇന്ന് ആഘോഷിക്കുന്ന യേശുവിന്റെ ജ്ഞാനസ്നാനം "സാധാരണ ആരാധനാക്രമകാലത്തിന്" തുടക്കം കുറിക്കുകയാണ്. കർത്താവിനെ ഒരുമിച്ച് പിൻചെല്ലാനും, അവന്റെ വചനം ശ്രവിക്കുവാനും, അയൽക്കാരനോടുള്ള അവന്റെ സ്നേഹത്തിന്റെ പ്രവൃത്തികൾ അനുകരിക്കാനുമാണ് ആരാധനാക്രമവർഷത്തിലെ ഈ കാലം നമ്മെ ക്ഷണിക്കുന്നത്. ഇങ്ങനെയാണ് നമ്മെ പാപത്തിൽനിന്ന് സ്വാതന്ത്രരാക്കുകയും, ദൈവത്തിന്റെ മക്കളാക്കി മാറ്റുകയും ചെയ്തുകൊണ്ട്, അവന്റെ ജീവന്റെ ആത്മാവിന്റെ ശക്തിയാൽ  ക്രൈസ്തവരാക്കുന്ന നമ്മുടെ ജ്ഞാനസ്നാനം ഉറപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നത്.

നമ്മൾ ഇന്ന് കേട്ട സുവിശേഷം, കൃപയുടെ ഫലപ്രദമായ ഈ അടയാളം എങ്ങനെയാണ് ജനിക്കുകയെന്ന് വിവരിക്കുന്നുണ്ട്. യോഹന്നാനാൽ ജ്ഞാനസ്നാനപ്പെടുമ്പോൾ, ഒരു പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ദൈവത്തിന്റെ ആത്മാവ് ഇറങ്ങിവരുന്നത് യേശു കാണുന്നുണ്ട് (മത്തായി 3,16). അതേ സമയം തുറക്കപ്പെട്ട സ്വർഗ്ഗത്തിൽനിന്നും "ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" (വ. 17) എന്ന സ്വരം കേൾക്കുന്നു. ഇതാ, പരിശുദ്ധ ത്രിത്വം മുഴുവനും ചരിത്രത്തിൽ സന്നിഹിതരാകുന്നു: ദൈവപുത്രൻ ജോർദ്ദാൻ നദിയിൽ ഇറങ്ങുന്നതുപോലെ, പരിശുധാതാവ് അവന്റെ മേൽ ഇറങ്ങി വരികയും, അവനിലൂടെ രക്ഷയുടെ ശക്തി നമുക്കായി നല്കപ്പെടുകയും ചെയ്യുന്നു.

പ്രിയപ്പെട്ടവരേ, ദൈവം നമ്മുടെ ജീവിതത്തെയും, അതിലെ തിന്മകളെയും, നമ്മുടെ ആഗ്രഹങ്ങളെയും സ്പർശിക്കാതെ അകലെനിന്നുകൊണ്ട് ലോകത്തെ നോക്കിക്കാണുകയല്ല ചെയ്യുന്നത്. അവൻ നമുക്കിടയിലേക്ക് മനുഷ്യനായിത്തീർന്ന തന്റെ വചനത്തിന്റെ ജ്ഞാനത്താൽ നമുക്കിടയിലേക്ക് വരുന്നു. ഇത് മാനവികതയ്ക്ക് മുഴുവനും വേണ്ടിയുള്ള അതിശയിപ്പിക്കുന്ന ഒരു പദ്ധതിയിൽ നമ്മെ ഉൾപ്പെടുത്തിക്കൊണ്ടാണ്.

ഇതുകൊണ്ടാണ്, "നീ എന്റെ അടുത്തേക്ക് വരുന്നുവോ?" (വ. 14) എന്ന് സ്നാപകയോഹന്നൻ അത്ഭുതത്തോടെ യേശുവിനോട് ചോദിക്കുന്നത്. അതെ, തന്റെ വിശുദ്ധിയിലും, എല്ലാ പാപികളെയും പോലെ ജ്ഞാനസ്നാനം സ്വീകരിക്കാൻ തയ്യാറാകുന്നു. ഇത് ദൈവത്തിന്റെ അനന്തമായ കരുണ വെളിവാക്കാൻ വേണ്ടിയാണ്. നാം ആരിലാണോ സഹോദരീസഹോദരന്മാരായിരിക്കുന്നത്, ആ ഏകജാതൻ എത്തുന്നത് ശുശ്രൂഷിക്കാനാണ് ഭരിക്കാനല്ല, രക്ഷിക്കാനാണ് ശിക്ഷിക്കാനല്ല. രക്ഷകനായ ക്രിസ്തുവാണവൻ. പാപങ്ങൾ ഉൾപ്പെടെ നമ്മുടേതായ എല്ലാം തന്നിലേക്കെടുത്തിട്ട്, അവന്റേതായത് അവൻ നമുക്ക് നൽകുന്നു. അത് നവവും, നിത്യവുമായ ഒരു ജീവിതമെന്ന കൃപയാണ്.

എല്ലാ ദേശങ്ങളിലും സംസ്കാരങ്ങളിലും നിന്നുള്ള സ്ത്രീപുരുഷന്മാരും, പരിശുദ്ധാത്മാവിനാൽ പുനഃസൃഷ്ടിക്കപ്പെട്ടവരുമായ നാമെന്ന ദൈവജനത്തെ, സഭയിലേക്ക് നയിച്ചുകൊണ്ട്, എല്ലാക്കാലങ്ങളിലും എല്ലായിടങ്ങളിലും ജ്ഞാനസ്നാമെന്ന കൂദാശ ഈയൊരു സംഭവമാണ് യാഥാർത്ഥ്യവത്കരിക്കുന്നത്. അതുകൊണ്ടുതന്നെ, നമുക്ക് ലഭിച്ച ഈയൊരു വലിയ കൃപയ്ക്ക് ആനന്ദത്തോടെയും ഇതിന് അനുരൂപമായ രീതിയിലും സാക്ഷ്യം നൽകാൻ തീരുമാനിച്ചുകൊണ്ട്, ഇതിന്റെ ഓർമ്മയിൽ ആയിരിക്കാൻ ഈ ദിനം മാറ്റിവയ്ക്കാം. ഇതേ ദിവസം ഞാൻ കുറച്ച് കൊച്ചുകുട്ടികൾക്ക് ജ്ഞാനസ്നാനം നൽകി. അതുവഴി വിശ്വാസത്തിൽ അവർ നമ്മുടെ പുതിയ സഹോദരീസഹോദരന്മാരായി. നമ്മെ പേര് ചൊല്ലി വിളിക്കുകയും, തിന്മയിൽനിന്ന് സ്വാതന്ത്രരാക്കുകയും ചെയ്യുന്ന ദൈവത്തിന്റെ സ്നേഹം ഒറ്റയൊരു കുടുംബമെന്നപോലെ ആഘോഷിക്കാനാകുക എന്നത് എത്ര മനോഹരമാണ്. കൂദാശകളിൽ ആദ്യത്തേതായ ജ്ഞാനസ്നാനം, നമ്മെ എന്നും അനുഗമിക്കുന്ന വിശുദ്ധമായ ഒരു അടയാളമാണ്. ജ്ഞാനസ്നാനം അന്ധകാരത്തിൽ വെളിച്ചമാണ്; ജീവിതത്തിലെ സംഘർഷങ്ങളിൽ ജ്ഞാനസ്നാനം അനുരഞ്ജനമാണ്; മരണമണിക്കൂറിൽ ജ്ഞാനസ്നാനം സ്വർഗ്ഗത്തിലേക്കുള്ള വാതിലാണ്.

നമ്മുടെ വിശ്വാസത്തെയും, സഭയുടെ നിയോഗത്തെയും പിന്താങ്ങേണമേയെന്ന് അപേക്ഷിച്ചുകൊണ്ട് കന്യകാമറിയത്തിനൊപ്പം നമുക്ക് പ്രാർത്ഥിക്കാം.

തന്റെ പ്രഭാഷണത്തിന് ശേഷം ലത്തീൻ ഭാഷയിൽ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.

ആശീർവാദത്തിന് ശേഷം തന്റെ വാക്കുകൾ തുടർന്ന പാപ്പാ ഇങ്ങനെ പറഞ്ഞു:

പ്രിയ സഹോദരീ സഹോദരന്മാരെ,

ഞാൻ മുൻപ് സൂചിപ്പിച്ചതുപോലെ ഇന്ന് രാവിലെ, യേശുവിന്റെ ജ്ഞാനസ്നാനത്തിരുനാളിൽ പതിവുള്ളതുപോലെ, ഞാൻ, പരിശുദ്ധ സിംഹാസനത്തിലെ ജോലിക്കാരുടെ മക്കളായ കുറച്ച് കൊച്ചുകുട്ടികളെ ജ്ഞാനസ്നാനപ്പെടുത്തി. ഈ ദിവസങ്ങളിൽ റോമിലും ലോകമെങ്ങും ജ്ഞാനസ്നാനം സ്വീകരിച്ചവരോ സ്വീകരിക്കുന്നവരോ ആയ എല്ലാ കുട്ടികളെയും പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷത്തിന് സമർപ്പിച്ചുകൊണ്ട്, എന്റെ ആശീർവാദം ഞാൻ നൽകുന്നു. പ്രത്യേകിച്ച്, ആരോഗ്യപരമോ, ബാഹ്യമായ അപകടങ്ങൾ മൂലമോ, ഏറെ ബുദ്ധിമുട്ടേറിയ അവസ്ഥകളിൽ ജനിച്ച കുട്ടികൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. അവരെ ക്രിസ്തുവിന്റെ പെസഹാരഹസ്യത്തോട് ചേർക്കുന്ന ജ്ഞാനസ്നാനകൃപ അവരിലും അവരുടെ കുടുംബങ്ങളിലും ശക്തമായ രീതിയിൽ പ്രവർത്തിക്കട്ടെ.

ഈ ദിവസങ്ങളിൽ മധ്യപൂർവ്വദേശങ്ങളിൽ, പ്രത്യേകിച്ച് നിരവധിയാളുകളുടെ മരണത്തിന് കാരണമാകുന്ന വിധത്തിൽ ശക്തമായ സംഘർഷങ്ങൾ തുടരുന്ന ഇറാനിലും സിറിയയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുകയാണ്. ക്ഷമയോടെ സംവാദവും സമാധാനവും വളർത്താനും, അതുവഴി മുഴുവൻ സമൂഹത്തിന്റെയും പൊതുനന്മയിലേക്കെത്താനും സാധിക്കട്ടെയെന്ന് ഞാൻ ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ശൈത്യം കൂടുതൽ തീക്ഷ്ണമാകുന്ന ഈ സമയത്ത്, ഉക്രൈനിൽ നടക്കുന്ന പുതിയ ആക്രമണങ്ങൾ, പ്രത്യേകിച്ച്, ഊർജ്ജോത്പാദകയിടങ്ങൾക്ക് നേരെ നടക്കുന്ന കടുത്ത ആക്രമണങ്ങൾ സാധാരണ ജനസമൂഹത്തെ കടുത്ത രീതിയിൽ ബാധിക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുകയും, അക്രമങ്ങൾ അവസാനിപ്പിക്കാനും, സമാധാനത്തിലേക്കെത്താനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു.

തുടർന്ന്, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന റോമാക്കാർക്കും തീർത്ഥാടകർക്കും പാപ്പാ ഇറ്റാലിയനിലും ഇംഗ്ലീഷിലും സ്പാനിഷിലും നന്ദി പറഞ്ഞു.

സ്പെയിനിലെ മാഡ്രിഡ്, മെക്സിക്കോയിലെ ഗ്വാദലഹാര എന്നിവിടങ്ങളിൽനിന്നെത്തിയ ഗ്രൂപ്പുകൾക്ക് നന്ദി പറഞ്ഞ പാപ്പാ, ഏവർക്കും ഒരു നല്ല ഞായർ ആശംസിച്ചുകൊണ്ട് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിൽനിന്നും പിൻവാങ്ങി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ജനുവരി 2026, 12:03

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >