തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

നീതിമാനും വിശ്വസ്തനുമായ വിശുദ്ധ യൗസേപ്പ് നൽകുന്ന വിശ്വാസജീവിതമാതൃകയെക്കുറിച്ച് ലിയോ പതിനാലാമൻ പാപ്പാ

ഡിസംബർ ഇരുപത്തിയൊന്ന് ഞായറാഴ്‌ച ഉച്ചയ്ക്ക് വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ.
ശബ്ദരേഖ - നീതിമാനും വിശ്വസ്തനുമായ വിശുദ്ധ യൗസേപ്പ് നൽകുന്ന വിശ്വാസജീവിതമാതൃകയെക്കുറിച്ച് ലിയോ പതിനാലാമൻ പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പാ, ഡിസംബർ ഇരുപത്തിയൊന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 4.30-ന്, വത്തിക്കാനിലെ അപ്പസ്തോലികകൊട്ടാരത്തിന്റെ ജാലകത്തിൽ എത്തുകയും, തന്നെ കാത്തുനിന്നിരുന്ന വിശ്വാസികളെയും സന്ദർശകരേയും അഭിവാദ്യം ചെയ്യുകയും ത്രികാലജപപ്രാർത്ഥന നയിക്കുകയും ചെയ്തു. പാപ്പായെ കാണാനും, പാപ്പായ്‌ക്കൊപ്പം പ്രാർത്ഥനയിൽ പങ്കുകൊള്ളാനും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായ ആയിരക്കണക്കിന് ആളുകൾ പ്രത്യേകിച്ച് ഉണ്ണിയേശുവിന്റെ രൂപങ്ങളുമായി കൊച്ചുകുട്ടികൾ കാത്തുനിന്നിരുന്നു. അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിങ്കൽ പാപ്പാ എത്തിയപ്പോൾ ജനസമൂഹം ആനന്ദാരവങ്ങൾ ഉയർത്തി. ലത്തീൻ ആരാധനാക്രമപ്രകാരം ഈ ഞായറാഴ്ചയിൽ വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട, വിശുദ്ധ മത്തായിയുടെ സുവിശേഷം ഒന്നാം അദ്ധ്യായം പതിനെട്ട് മുതൽ ഇരുപത്തിനാല് വരെയുള്ള തിരുവചനങ്ങൾ ഉൾക്കൊള്ളുന്ന ഭാഗത്ത് (മത്തായി 1,18-24) യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് പ്രതിപാദിക്കപ്പെടുന്ന, വിശുദ്ധ യൗസേപ്പിന് ലഭിക്കുന്ന ദർശനവും യൗസേപ്പിന്റെ ജീവിത, വിശ്വാസമൂല്യങ്ങളും സംബന്ധിച്ച ചിന്തകളെക്കുറിച്ചായിരുന്നു ത്രികാലജപപ്രാർത്ഥനയ്ക്ക് മുൻപേയുള്ള പാപ്പായുടെ പ്രഭാഷണം.

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭദിനം!

ആഗമനകാലത്തിന്റെ നാലാം ഞായറാഴ്ചയായ ഇന്ന്, വിശുദ്ധ യൗസേപ്പിന്റെ വ്യക്തിത്വത്തെക്കുറിച്ച് ചിന്തിക്കാനാണ് ആരാധനക്രമം നമ്മെ ആഹ്വാനം ചെയ്യുന്നത്. ഒരു സ്വപ്നത്തിലൂടെ ദൈവം ജോസഫിന്റെ നിയോഗം വെളിപ്പെടുത്തുന്ന ഒരു പ്രത്യേക നിമിഷത്തിലൂടെയാണ് നമുക്ക് മുന്നിൽ വിശുദ്ധ യൗസേപ്പ് അവതരിപ്പിക്കപ്പെടുന്നത് (മത്തായി 1, 18-24). അങ്ങനെ നമ്മെപ്പോലെ, ദുർബലനും തെറ്റുകൾ സംഭവിക്കാൻ സാധ്യതയുമുള്ള ഒരു മനുഷ്യനായി, അതേസമയം, ധൈര്യവാനും, വിശ്വാസത്തിൽ ശക്തനുമായ ഒരു കഥാപാത്രമുള്ള ചരിത്രത്തിന്റെ ഏറെ മനോഹരമായ ഒരു താളാണ് നമുക്ക് മുന്നിൽ ആരാധനക്രമം അവതരിപ്പിക്കുന്നത്.

മത്തായി സുവിശേഷകൻ അവനെ "നീതിമാനായ മനുഷ്യൻ" എന്നാണ് വിളിക്കുന്നു (മത്തായി 1,19). ഇതിലൂടെ നിയമം അനുവർത്തിക്കുകയും, സിനഗോഗിൽ പോവുകയും ചെയ്യുന്ന ഒരു ഭക്തനായ ഇസ്രായേൽക്കാരനായി അവനെ വെളിപ്പെടുത്തുന്നു. ഇതിനുമപ്പുറം പക്ഷെ നസ്രത്തിലെ യൗസേപ്പ്, ഏറെ വൈകാരിക, മാനുഷികസ്വഭാവങ്ങളുള്ളവനായും നാം കാണുന്നുണ്ട്.

മറിയത്തിൽ നിറവേറിക്കൊണ്ടിരിക്കുന്ന ദിവ്യരഹസ്യം മാലാഖ അവനോട് വെളിപ്പെടുത്തുന്നതിന് മുൻപാണ് അവനെ നാം കാണുന്നത്. മനസ്സിലാക്കാനും അംഗീകരിക്കാനും ബുദ്ധിമുട്ടുള്ള ഇത്തരമൊരു അവസ്ഥയിൽ, തന്റെ ഭാവി വധുവിന്റെ കാര്യത്തിൽ, അപമാനത്തിന്റെയും പരസ്യ വിധിയുടെയും വഴിയല്ല അവൻ തിരഞ്ഞെടുക്കുന്നത്, മറിച്ച് വിവേകപൂർവ്വവും  കരുണ നിറഞ്ഞതുമായ, രഹസ്യമായ ഉപേക്ഷിക്കലിൽന്റെ (മത്തായി 1,19) വഴിയാണ്. അതുവഴി, തന്റെ മതവിശ്വാസപാലനത്തിന്റെ ആഴമേറിയ അർത്ഥം തനിക്ക് മനസ്സിലാകുന്നുവെന്നതിന്റെ, അതായത്, കരുണയുടെ മാർഗ്ഗം അവൻ തിരഞ്ഞെടുക്കുന്നു.

അവന്റെ വികാരങ്ങളുടെ വിശുദ്ധിയും കുലീനതയും, കൂടുതൽ വ്യക്തമാകുന്നത്, മിശിഹായുടെ കന്യകയായ മാതാവിന്റെ ഭർത്താവാകുക എന്ന, ഒരിക്കലും പ്രതീക്ഷിക്കാത്തതും, താൻ ഏറ്റെടുക്കേണ്ടതുമായ പങ്ക്, ഒരു സ്വപ്നത്തിലൂടെ രക്ഷയുടെ പദ്ധതി മാലാഖ അവന് വെളിപ്പെടുത്തിക്കൊടുക്കുമ്പോഴാണ്. ഇവിടെ, ജോസഫ്, തന്റെ വിശ്വാസത്തിന്റെ വലിയൊരു പ്രവൃത്തിവഴി, തന്റെ ഉറപ്പുകളുടെ അവസാനതീരം വിട്ട്, ആഴക്കടലിലേക്ക്, പൂർണ്ണമായും ദൈവകരങ്ങളിലായ ഭാവിയിലേക്ക് നീങ്ങുന്നു. ജോസഫ് നൽകുന്ന സമ്മതത്തെ വിശുദ്ധ അഗസ്റ്റിൻ ഇങ്ങനെയാണ് വിവരിക്കുന്നത്: "യൗസേപ്പിന്റെ ഭക്തിയിലും കരുണയിലും കന്യകാമറിയത്തിൽനിന്ന് ഒരു പുത്രൻ, കൃത്യമായി ദൈവപുത്രൻ ജനിക്കുന്നു (പ്രസംഗം 51, 20.30)

ഭക്തിയും കരുണയും, സഹതാപവും സമർപ്പണവും: ഇതാ ആഗമനകാലത്തിന്റെ ഈ അവസാന ദിനങ്ങളിൽ, വിശുദ്ധ പിറവിയിലേക്കുള്ള നമ്മുടെ യാത്രയിൽ നമ്മെ അനുഗമിക്കുന്നതിനുവേണ്ടി, ആരാധനക്രമം നമുക്ക് മുന്നിൽ വയ്ക്കുന്ന, നസ്രത്തിലെ മനുഷ്യന്റെ പുണ്യങ്ങൾ. ഇവ, ക്രിസ്തുവുമായും സഹോദരങ്ങളുമായുമുള്ള കണ്ടുമുട്ടലിനായി ഹൃദയത്തെ ഉദ്ബോധിപ്പിക്കുന്നതും, പരസ്പരം സ്വീകാര്യതയുടെ പുൽക്കൂടുകളാകാനും, ആതിഥേയത്വമുള്ള ഭവനങ്ങളാകാനും ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങളാകാനും നമ്മെ സഹായിക്കുന്നതുമായ പ്രധാനപ്പെട്ട മനോഭാവങ്ങളാണ്. ക്ഷമിച്ചുകൊണ്ടും, പരസ്പരം ധൈര്യം പകർന്നും, നാം ഒരുമിച്ച് ജീവിക്കുകയും കണ്ടുമുട്ടുകയും ചെയ്യുന്ന വ്യക്തികൾക്ക് അല്പം പ്രത്യാശ നൽകിക്കൊണ്ടും; പ്രാർത്ഥനയിലൂടെ, കർത്താവിലും അവന്റെ കൃപയിലുമുള്ള നമ്മുടെ പുത്രസഹജമായ സമർപ്പണം പുതുക്കിക്കൊണ്ടും എല്ലാം വിശ്വാസത്തോടെ അവനിൽ സമർപ്പിച്ചും, ഈ കൃപയുടെ സമയത്ത്, ഈ മനോഭാവങ്ങൾ പ്രായോഗികമാക്കാൻ ലഭിക്കുന്ന അവസരങ്ങൾ പാഴാക്കാതിരിക്കാം.

വിശ്വാസത്തോടെയും വലിയ സ്നേഹത്തോടെയും, ആദ്യമേ ലോകത്തിന്റെ രക്ഷകനായ ക്രിസ്തുവിനെ സ്വീകരിച്ച കന്യകാമറിയവും വിശുദ്ധ യൗസേപ്പും നമ്മെ ഇതിന് സഹായിക്കട്ടെ., എന്ന വാക്കുകളോടെ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവാദത്തിനു ശേഷം, തന്റെ വാക്കുകൾ തുടർന്ന പാപ്പാ, റോമിലും, ഇറ്റലിയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്നെത്തിയ ആളുകളെ, പ്രത്യേകിച്ച്, സ്പെയിനിലെ ജൂമില്ലയിൽനിന്നെത്തിയവരെയും, ഹോങ്കോങ്ങിലെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കോളേജിൽനിന്നുള്ള അധ്യാപകരെയും, ഇറ്റലിയിലെ ലേച്ചെയിലുള്ള ബാൻസി ബസോളി സ്‌കൂളിൽനിന്നുള്ള അധ്യാപരെയും കുട്ടികളെയും, "ലോകത്തിലുള്ള അഗസ്റ്റീനിയൻ അംഗങ്ങളുടെ ഫൗണ്ടേഷനിലെ ആളുകളെയും അഭിസംബോധന ചെയ്തു സംസാരിച്ചു. ലോകമെമ്പാടുമുള്ള കുട്ടികൾക്കായും, തന്റെ നിയോഗങ്ങൾക്കായും പ്രാർത്ഥിക്കാൻ പാപ്പാ കുട്ടികളോട് പ്രത്യേകം അഭ്യർത്ഥിച്ചു. പുൽക്കൂടുകളിൽ വയ്ക്കാനായി കൊണ്ടുവന്ന ഉണ്ണിയേശുവിന്റെ രൂപങ്ങൾ ആശീർവ്വദിച്ചും, ഏവർക്കും അനുഗ്രഹങ്ങളേകിയും, നല്ലൊരു ഞായറും ക്രിസ്തുമസും ആശംസിച്ചുമാണ് പാപ്പാ ജാലകത്തിൽനിന്നും പിൻവാങ്ങിയത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഡിസംബർ 2025, 10:36

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >