നോമ്പുകാലം സൗഖ്യപ്പെടലിൻറെ സമയമാകട്ടെ, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന ഫ്രാൻസീസ് പാപ്പാ മുപ്പത്തിയെട്ടാം ദിവസം, അതായത്, മാർച്ച് 23-ന് ഞായറാഴ്ച ആശുപത്രി വിടുകയും വത്തിക്കാനിൽ തൻറെ വാസയിടമായ “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ തിരിച്ചെത്തുകയും ചെയ്തു. ഭിഷഗ്വരസംഘത്തിൻറെ ഉപദേശമനുസരിച്ച് ചികിത്സ തുടരുകയും വിശ്രമിക്കുകയും ചെയ്തുകൊണ്ട് പാപ്പാ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കായാണ്. ശ്വാസനാളവീക്കം മൂലം ആയിരുന്നു ഫെബ്രുവരി 14-ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെങ്കിലും പാപ്പാ ന്യുമോണിയബാധിതനാണെന്ന് പിന്നീടുള്ള പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ആരോഗ്യാവസ്ഥ സങ്കീർണ്ണമായിരുന്നെങ്കിലും 88 വയസ്സു പ്രായമുള്ള ഫ്രാൻസീസ് പാപ്പാ എല്ലാം തരണം ചെയ്തു. രോഗശമനാന്തരം പടിപടിയായുള്ള ആരോഗ്യപുനപ്രാപ്തിയ്ക്ക് ഭിഷഗ്വരന്മാർ പാപ്പായോട് രണ്ടുമാസത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കയാണ്. ആകയാൽ, മാർച്ച് 30 ഉൾപ്പടെ 7 ഞായറാഴ്ചകൾ തുടർച്ചയായി പാപ്പായ്ക്ക് ഞായറാഴ്ചകളിൽ പതിവുള്ള പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കാൻ കഴിഞ്ഞിട്ടില്ല. മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം നടത്താനോ ത്രികാലജപം നയിക്കാനോ പാപ്പായ്ക്ക് സാധിക്കുന്നില്ലെങ്കിലും പാപ്പായുടെ ത്രികാലജപസന്ദേശം, മുന്നാഴ്ചകളിലെന്നപോലെ, ഈ ഞായറാഴ്ചയും പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തിയിരുന്നു. ഈ ലിഖിത സന്ദേശത്തിൽ പാപ്പായുടെ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായറാഴ്ച (30/03/25) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട, ലൂക്കായുടെ സുവിശേഷം 15:1-3 വരെയും 11-32 വരെയുമുള്ള വാക്യങ്ങളിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന, ധൂർത്തപുത്രൻറെ ഉപമ ആയിരുന്നു. ഈ സുവിശേഷഭാഗത്തെ ആധാരമാക്കിയുള്ള തൻറെ ഹ്രസ്വ വിചിന്തനത്തിൽ പാപ്പാ ഇപ്രകാരം പറയുന്നു:
ഫരിസേയരുടെ നിഷേധാത്മക ഭാവം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!
പാപികൾ തന്നെ സമീപിക്കുന്നതു കണ്ട പരീശന്മാർ സന്തോഷിക്കുന്നതിനു പകരം, അപമാനിതരാകുകയും തനിക്കെതിരെ പിറുപിറുക്കുകയും ചെയ്യുന്നുവെന്ന് യേശു മനസ്സിലാക്കുന്നത് ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നു. അപ്പോൾ യേശു അവരോട് രണ്ട് ആൺമക്കളുള്ള ഒരു പിതാവിനെക്കുറിച്ച് പറയുന്നു: ഒരാൾ വീട് വിട്ടുപോകുന്നു, പക്ഷേ പിന്നീട് അവൻ ദാരിദ്ര്യത്തിൽ നിപതിക്കുകയും തിരിച്ചുവരുകയും ചെയ്യുന്നു, അവൻ സന്തോഷത്തോടെ സ്വാഗതം ചെയ്യപ്പെടുന്നു; മറ്റെയാൾ, അതായത്, "അനുസരണയുള്ള" മകൻ, പിതാവിനോടുള്ള ദേഷ്യം മൂലം, ഈ ആഘോഷത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ യേശു ദൈവത്തിൻറെ ഹൃദയം വെളിപ്പെടുത്തുന്നു: അതായത് അവിടന്ന് എല്ലാവരോടും എപ്പോഴും കരുണയുള്ളവനാണ്; നമുക്ക് പരസ്പരം സഹോദരങ്ങളെ പോലെ സ്നേഹിക്കാൻ കഴിയുന്നതിനുവേണ്ടി അവൻ നമ്മുടെ മുറിവുകൾ സുഖപ്പെടുത്തുന്നു.
നോമ്പുകാലം സുഖപ്രാപ്തിയുടെ വേള
പ്രിയപ്പെട്ടവരേ, ഈ നോമ്പുകാലം, പ്രത്യേകിച്ച് ജൂബിലി വർഷത്തിലെ നോമ്പുകാലം, സൗഖ്യമാകലിൻറെ ഒരു സമയമായി നമുക്ക് ജീവിക്കാം. ഞാനും എൻറെ ആത്മാവിലും ശരീരത്തിലും, അപ്രകാരം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് രക്ഷകനെപ്പോലെ, തങ്ങളുടെ വാക്കുകളാലും ജ്ഞാനത്താലും, വാത്സല്യത്താലും പ്രാർത്ഥനയാലും മറ്റുള്ളവർക്ക് സൗഖ്യത്തിൻറെ ഉപകരണങ്ങളായിരിക്കുന്ന എല്ലാവർക്കും ഞാൻ ഹൃദയംഗമമായി നന്ദി പറയുന്നു. ബലഹീനതയും രോഗവും നമുക്കെല്ലാവർക്കും പൊതുവായ അനുഭവങ്ങളാണ്; അതിലുപരി, ക്രിസ്തു നമുക്ക് പ്രദാനം ചെയ്ത രക്ഷയിൽ നാം സഹോദരങ്ങളാണ്.
സമാധാനത്തിനായുള്ള പ്രാർത്ഥന തുടരുക
പിതാവായ ദൈവത്തിൻറെ കാരുണ്യത്തിൽ വിശ്വാസമർപ്പിച്ച് നമുക്ക് സമാധാനത്തിനായുള്ള പ്രാർത്ഥന തുടരാം: പീഡിത ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, ലെബനൻ, കോംഗോ പ്രജാധിപത്യ റിപ്പബ്ലിക്ക്, ഭൂകമ്പം മൂലവും ഏറെ യാതനകളനുഭവിക്കുന്ന മ്യാൻമർ എന്നിവിടങ്ങളിൽ സമാധാനം ഉണ്ടാകുന്നതിനായി നമുക്ക് പ്രാർത്ഥന തുടരാം.
ദക്ഷിണ സുഡാനിലെ ആശങ്കാജനകമായ അവസ്ഥ
ദക്ഷിണ സുഡാനിലെ സ്ഥിതിഗതികൾ ഞാൻ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്. അന്നാട്ടിലെ പിരിമുറുക്കം കുറയ്ക്കാൻ അങ്ങേയറ്റം പരിശ്രമിക്കണമെന്ന് എല്ലാ നേതാക്കളോടുമുള്ള എൻറെ ഹൃദയംഗമമായ അഭ്യർത്ഥന ഞാൻ നവീകരിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ധൈര്യത്തോടെയും ഉത്തരവാദിത്വത്തോടെയും ഒരു മേശയ്ക്കു ചുറ്റും ഇരിക്കുകയും സൃഷ്ടിപരമായ ഒരു സംഭാഷണം ആരംഭിക്കുകയും ചെയ്യേണ്ടതുണ്ട്. ഇപ്രകാരം മാത്രമേ പ്രിയപ്പെട്ട ദക്ഷിണ സുഡാൻ ജനതയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനും സമാധാനവും കെട്ടുറപ്പുള്ളതുമായ ഒരു ഭാവി കെട്ടിപ്പടുക്കാനും കഴിയൂ.
ദക്ഷിണ സുഡാനുവേണ്ടിയുള്ള അഭ്യർത്ഥന
സുഡാനിൽ യുദ്ധം നിരപരാധികളെ കൊന്നൊടുക്കുന്നത് തുടരുന്നു. പൗരന്മാരായ സഹോദരങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികളോട് ഞാൻ അഭ്യർത്ഥിക്കുന്നു; പ്രതിസന്ധിക്ക് ശാശ്വതമായ ഒരു പരിഹാരം ഉറപ്പാക്കാൻ കഴിയുന്ന പുതിയ ചർച്ചകൾ എത്രയും വേഗം ആരംഭിക്കാൻ സാധിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു. ഭയാനകമായ മാനവിക ദുരന്തത്തെ നേരിടാനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര സമൂഹം വർദ്ധമാനമാക്കണം.
തജിക്കിസ്ഥാനും കിർഗിസ്ഥാനും തമ്മിലുള്ള കരാർ
ഭാവാത്മക വസ്തുതകളും കാണപ്പെടുന്നു എന്നതിന് ദൈവത്തിനു നന്ദി പറയുന്നു: ഇതിന് ഒരു ഉദാഹരണമാണ്, തജിക്കിസ്ഥാനും കിർഗിസ്ഥാനും തമ്മിലുള്ള അതിർത്തി നിർണ്ണയനക്കരാർ, ഇത് ഒരു മികച്ച നയതന്ത്രജ്ഞതയുടെ നേട്ടമാണ്. ഈ പാതയിൽ മുന്നേറാൻ ഞാൻ ഇരു രാജ്യങ്ങൾക്കും പ്രചോദനം പകരുന്നു.
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി
മറിയമേ, കാരുണ്യത്തിൻറെ അമ്മേ, മനുഷ്യകുടുംബത്തെ സമാധാനത്തിൽ അനുരഞ്ജിതമാകാൻ സഹായിക്കണമേ എന്ന ഈ പ്രാർത്ഥനയോടെയാണ് പാപ്പാ തൻറെ ത്രികാലജപ സന്ദേശം ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: