അപലപനത്തിൻറെതല്ല, കരുതലിൻറെ നോട്ടം ഉള്ളവരാകുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫെബ്രുവരി 14-ന്, വെള്ളിയാഴ്ച ശ്വാസനാള വീക്കത്തെത്തുടർന്ന് റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസീസ് പാപ്പാ, ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിതനാണെന്ന് കൂടുതലായി നടത്തിയ പരിശോധനകളിൽ കണ്ടെത്തയതിനാൽ ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണല്ലോ. അക്കാരണത്താൽ തന്നെ കഴിഞ്ഞ വാരങ്ങളിലെന്നപോലെ ഈ ഞായറാഴ്ചയും (03/03/25) പാപ്പായ്ക്ക് മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം നടത്താനോ ത്രികാലജപം നയിക്കാനോ കഴിഞ്ഞില്ല. എന്നാൽ പാപ്പായുടെ ഒരു ചെറു ത്രികാലജപസന്ദേശം പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തിയിരുന്നു.
ഈ വരമൊഴി സന്ദേശത്തിൽ പാപ്പായുടെ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (02/03/25) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം ആറാം അദ്ധ്യായം, 39-45 വരെയുള്ള വാക്യങ്ങൾ, അതായത്, സ്വന്തം കണ്ണിലെ തടിനീക്കാതെ സഹോദരൻറെ കണ്ണിലെ കരടുനീക്കാൻ ശ്രമിക്കുന്ന കാപട്യം നിറഞ്ഞ പ്രവർത്തികൾ ചെയ്യുന്ന പ്രവണത എടുത്തുകാട്ടുന്നതും നല്ല വൃക്ഷത്തെ അതിൻറെ സൽഫലത്തിലും ചീത്ത വൃക്ഷത്തെ അതിൻറെ മോശം ഫലത്തിലും നിന്ന് തിരിച്ചറിയാൻ കഴിയുന്നതിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതുമായ, യേശു പറയുന്ന ഉപമ ആയിരുന്നു. ഈ സുവിശേഷ വചനങ്ങളെ അവലംബമാക്കിയുള്ള പാപ്പായുടെ ചിന്തകൾ :
കാണാനു രുചിക്കാനുമുള്ള കഴിവുകൾ
പ്രിയ സഹോദരീ സഹോദരന്മാരേ,
ഈ ഞായറാഴ്ചത്തെ സുവിശേഷത്തിൽ (ലൂക്കാ 6:39-45) പഞ്ചേന്ദ്രിയങ്ങളിൽ രണ്ടെണ്ണത്തെക്കുറിച്ച്, അതായത്, കാഴ്ചയെയും രുചിയെയുംകുറിച്ച് ചിന്തിക്കാൻ യേശു നമ്മെ പ്രേരിപ്പിക്കുന്നു.
കരുതലിൻറെ നോട്ടം
കാഴ്ചയെ സംബന്ധിച്ച്, അവിടന്ന്, ലോകത്തെ നന്നായി നിരീക്ഷിക്കാനും മറ്റുള്ളവരെ കാരുണ്യത്തോടെ വിധിക്കാനും നമ്മുടെ കണ്ണുകളെ പരിശീലിപ്പിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു. അവിടന്ന് പറയുന്നു: “ആദ്യമേ നിൻറെ കണ്ണിലെ തടിക്കഷണം എടുത്തുകളയുക; അപ്പോൾ നിൻറെ സഹോദരൻറെ കണ്ണിലെ കരട് എടുത്തുകളയാൻ കഴിയത്തക്കവിധം നിൻറെ കാഴ്ച തെളിയും” (ലൂക്കാ 6,42). അപലപനത്തിൻറെതല്ല, പ്രത്യുത, കരുതലിൻറെതായ ഈ നോട്ടം കൊണ്ട് മാത്രമേ സാഹോദര്യപരമായ തിരുത്തൽ ഒരു പുണ്യമായി ഭവിക്കൂ. കാരണം അത് സാഹോദര്യപരമല്ലെങ്കിൽ, അത് ഒരു തിരുത്തലല്ല!
ഫലത്തിൽ നിന്നുള്ള തിരിച്ചറിവ്
രുചിയെ സംബന്ധിച്ച്, യേശു നമ്മെ ഓർമ്മിപ്പിക്കുന്നത്, "ഏത് വൃക്ഷത്തെയും അതിൻറെ ഫലത്താൽ തിരിച്ചറിയുന്നു" (ലൂക്കാ 6,44) എന്നാണ്. മനുഷ്യനിൽ നിന്ന് വരുന്ന ഫലങ്ങൾ, ഉദാഹരണത്തിന്, അവൻറെ അധരങ്ങളിൽ പാകമാകുന്ന വാക്കുകളാണ്, എന്തെന്നാൽ "ഹൃദയത്തിൻറെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്" (ലൂക്കാ 6,45). ദുഷ്ഫലങ്ങൾ അക്രമാസക്തവും വ്യാജവും അസഭ്യവുമായ വാക്കുകളാണ്; എന്നാൽ സൽപദങ്ങൾ, നമ്മുടെ സംഭാഷണങ്ങൾക്ക് സ്വാദേകുന്ന ശരിയും സത്യസന്ധവുമായവയാണ്.
ആകയാൽ, നമുക്ക് സ്വയം ചോദിക്കാം: എൻറെ സഹോദരീസഹോദരന്മാരായ മറ്റുള്ളവരെ ഞാൻ എങ്ങനെയാണ് നോക്കുന്നത്? അവരെന്നെ കാണുന്നത് എങ്ങനെയാണെന്നാണ് ഞാൻ കരുതുന്നത്? എൻറെ വാക്കുകൾ നല്ലതാണോ, അതോ, കയ്പ്പും പൊങ്ങച്ചവും നിറഞ്ഞതാണോ?
ദുർബ്ബലതയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്ന അനുഗ്രഹം
സഹോദരീ സഹോദരന്മാരേ, ഇപ്പോഴും, ഈ ചിന്തകൾ നിങ്ങൾക്കേകുന്നത്, നിങ്ങൾക്കറിയാവുന്നതുപോലെ, ഞാൻ കുറച്ചു ദിവസങ്ങളായി ഭിഷഗ്വരന്മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സഹായത്തോടെ കഴിയുന്ന ആശുപത്രിയിൽ നിന്നാണ്, അവർ എന്നെ പരിപാലിക്കുന്ന ആ കരുതലിന് ഞാൻ അവരോട് നന്ദി പ്രകാശിപ്പിക്കുന്നു. ദുബ്ബലതയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്ന “അനുഗ്രഹം” ഞാൻ ഹൃദയത്തിൽ അനുഭവിച്ചറിയുന്നു, കാരണം,കൃത്യമായി ഈ നിമിഷങ്ങളിലാണ് നാം കർത്താവിൽ ആശ്രയിക്കാൻ കൂടുതൽ പഠിക്കുന്നത്; അതേസമയം, രോഗികളുടെയും ദുരിതമനുഭവിക്കുന്നവരുടെയും അവസ്ഥയിൽ ശരീരികമായും ആത്മീയമായും പങ്കുചേരാൻ ദൈവം എനിക്ക് അവസരം നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു.
പാപ്പായുടെ കൃതജ്ഞതാഭരിത ഹൃദയം
ലോകത്തിൻറ വിവിധ ഭാഗങ്ങളിൽ നിരവധി വിശ്വാസികളുടെ ഹൃദയങ്ങളിൽ നിന്ന് കർത്താവിങ്കലേക്കുയരുന്ന പ്രാർത്ഥനകൾക്ക് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു: നിങ്ങളുടെ മുഴുവൻ വാത്സല്യവും സാമീപ്യവും ഞാൻ അനുഭവിക്കുന്നു, ഈ പ്രത്യേക നിമിഷത്തിൽ, ദൈവജനം മുഴുവനും എന്നെ "താങ്ങുകയും" പിന്തുണയ്ക്കുകയും ചെയ്യുന്നതായി എനിക്കനുഭവപ്പെടുന്നു. എല്ലാവർക്കും നന്ദി!
സമാധാനത്തിനായി പ്രാർത്ഥിക്കുക
ഞാനും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. സർവ്വോപരി സമാധാനത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. യുദ്ധം ഇപ്പോൾ കൂടുതൽ അസംബന്ധമയി അനുഭവപ്പെടുന്നു. പീഡിത ഉക്രൈയിനുവേണ്ടിയും പലസ്തീൻ, ഇസ്രായേൽ, ലെബനോൻ, മ്യാൻമാർ, സുഡാൻ, കിവു എന്നിവിടങ്ങൾക്കുവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ അമ്മയായ മറിയത്തിന് നമ്മെത്തന്നെ നമുക്ക് വിശ്വാസത്തോടെ ഭരമേൽപ്പിക്കാം. എല്ലാവർക്കും ശുഭ ഞായർ ആശംസിക്കുന്നു, വീണ്ടും കാണാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: