ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ - ഫയൽ ചിത്രം  (VATICAN MEDIA Divisione Foto)

കല, ജനതകളെ ഐക്യത്തിൽ ഒന്നിപ്പിക്കുന്ന സാർവ്വത്രികഭാഷ: ഫ്രാൻസിസ് പാപ്പാ

കലാസാംസ്കാരികമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജൂബിലിയാഘോഷത്തിനായി വത്തിക്കാനിലെത്തിയവർക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം. വത്തിക്കാനിൽ പതിവുള്ള ത്രികാലജപ്രാർത്ഥനയോടനുബന്ധിച്ച് നൽകിവരുന്ന സന്ദേശമാണ്, ശ്വാസകോശസംബന്ധിയായ രോഗം മൂലം ആശുപത്രിയിൽ തുടരുന്ന അവസരത്തിലും ഫ്രാൻസിസ് പാപ്പാ നൽകിയത്. യുദ്ധദുരിതങ്ങളിലായിരിക്കുന്ന ജനങ്ങളെ അനുസ്മരിച്ച പാപ്പാ, സമാധാനത്തിനായുള്ള പ്രാർത്ഥനാഹ്വാനം ആവർത്തിച്ചു. തന്നെ ചികിത്സിക്കുന്ന ആരോഗ്യപരിപാലകർക്കുവേണ്ടി പ്രാർത്ഥിക്കാനും പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കലയെന്നത് ലോകത്തിൽ സൗന്ദര്യം പരത്തുന്നതും ജനതകളെ ഒരുമിപ്പിക്കുന്നതുമായ സാർവ്വത്രികഭാഷയാണെന്നും, യുദ്ധകാഹളങ്ങളെ നിശബ്ദമാക്കാനും, ലോകത്തിൽ ഐക്യം കൊണ്ടുവരാനും അതിന് കഴിവുണ്ടെന്നും ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ ഞായറാഴ്ചകളിൽ പതിവുള്ള മധ്യാഹ്നപ്രാർത്ഥനയുമായി ബന്ധപ്പെട്ട് ആളുകളെ അഭിസംബോധന ചെയ്യുന്ന വേളയിലേക്കായി തയ്യാറാക്കിയ തന്റെ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഈ ദിനത്തിൽ നിങ്ങൾക്കൊപ്പമായിരിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ, ശ്വാസനാളത്തിലെ അണുബാധമൂലം, ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരാൻ താൻ നിർബന്ധിതനായിരിക്കുകയാണെന്നും പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി.

ഫെബ്രുവരി 16 ഞായറാഴ്ച, കലാസാംസ്കാരികമേഖലകളിലുള്ളവരുടെ ജൂബിലിയാഘോഷവുമായി ബന്ധപ്പെട്ട് വത്തിക്കാനിലെത്തിയവരെ തന്റെ സന്ദേശത്തിലൂടെ അഭിവാദ്യം ചെയ്ത പാപ്പാ, കലയുടെ പ്രാധാന്യത്തെ പ്രത്യേകമായി എടുത്തുകാട്ടുന്ന ഇത്തരമൊരു സമ്മേളനമൊരുക്കിയതിന്, സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററിക്ക് നന്ദി പറഞ്ഞു.

സമാധാനത്തിനായുള്ള പ്രാർത്ഥന

പതിവുപോലെ, ഈ ഞായറാഴ്ചയിലെ പ്രാർത്ഥനയോടനുബന്ധിച്ചും ലോക സമാധാനത്തിനായുള്ള പ്രാർത്ഥനകൾ പാപ്പാ ആവശ്യപ്പെട്ടു. സഹനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈനിലും, പാലസ്തീന, ഇസ്രായേൽ, മദ്ധ്യപൂർവ്വദേശങ്ങൾ, മ്യാന്മാർ, കിവു (കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്), സുഡാൻ എന്നിവിടങ്ങളിലും സമാധാനമുണ്ടാകാൻ വേണ്ടി നമുക്ക് തുടർന്നും പ്രാർത്ഥിക്കാമെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചിരുന്നു.

വിശ്വാസികൾക്കും ആരോഗ്യപ്രവർത്തകർക്കും നന്ദിയും പ്രാർത്ഥനകളും

ഈ ദിവസങ്ങളിൽ തനിക്കായി പ്രാർത്ഥിച്ചവർക്കും തനിക്ക് സാമീപ്യം അറിയിച്ചവർക്കും നന്ദി പറഞ്ഞ പാപ്പാ, ജെമെല്ലി ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും തന്നോടുള്ള അവരുടെ പ്രത്യേക കരുതലിനും ശുശ്രൂഷകൾക്കും നന്ദി പറഞ്ഞു. അമൂല്യവും ബുദ്ധിമുട്ടേറിയതുമായ ഇത്തരമൊരു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ നമ്മുടെ പ്രാർത്ഥനകളാൽ ശക്തിപ്പെടുത്താമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു.

റോമിലെത്തിയ തീർത്ഥാടകരെ, പ്രത്യേകിച്ച്, തങ്ങളുടെ മെത്രാനൊപ്പം റോമിലെത്തിയ ഇറ്റലിയിലെ പാർമ രൂപതയിലെ വിശ്വാസികളെ പാപ്പാ തന്റെ സന്ദേശത്തിൽ പ്രത്യേകം അഭിസംബോധന ചെയ്തിരുന്നു.

ആരോഗ്യകാരണങ്ങളാൽ ത്രികാലജപപ്രാർത്ഥന നയിക്കാൻ കഴിയാതിരുന്ന പാപ്പാ, പ്രാർത്ഥനാവസരത്തിലേക്കായി എഴുതി തയ്യാറാക്കിയ തന്റെ സന്ദേശം വാർത്താമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്നതിനായി നല്കുകയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഫെബ്രുവരി 2025, 16:20

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >