രണ്ടാം വത്തിക്കാൻ കൗൺസിലും തിരുക്കർമ്മഗീതവും: ലിയോ പതിനാലാമൻ പാപ്പാ നടത്തിയ പ്രഭാഷണം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
2026 ജനുവരിയിലെ ആദ്യ ബുധനാഴ്ച അറിയിച്ചിരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് ഈ വർഷത്തിലെ ബുധനാഴ്ചകളിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിവരുന്നത്. ഇതനുസരിച്ച്, ആരാധനാക്രമവുമായി ബന്ധപ്പെട്ട "സാക്രോസാന്ക്തും കൊൺചീലിയും" എന്ന പ്രമാണരേഖയെ, ആധാരമാക്കി, സഭയിലും വിശ്വാസജീവിതത്തിലും ആരാധനാക്രമത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അതുമായി ബന്ധപ്പെട്ട "തിരുക്കർമ്മഗീത"ത്തെ (Sacred music) അടിസ്ഥാനമാക്കിയാണ് ഓഗസ്റ്റ് പത്തൊൻപതാം തീയതി ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ പാപ്പാ ഉദ്‌ബോധനം നടത്തിയത്. പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ബസലിക്കയിലുണ്ടായിരുന്ന അയ്യായിരത്തോളം വരുന്ന ആളുകൾക്കിടയിലൂടെ കാൽനടയായി സഞ്ചരിക്കുകയും ആളുകളെ അഭിവാദ്യം ചെയ്യുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. വിശുദ്ധ പത്രോസിന്റെ ചത്വരത്തിലും നൂറുകണക്കിന് ആളുകൾ അവിടെയുള്ള വലിയ സ്‌ക്രീനുകളിലൂടെ പരിശുദ്ധ പിതാവിന്റെ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ടായിരുന്നു. ബസലിക്കയിലെ പ്രധാന അൾത്താരയ്ക്ക് മുന്നിൽ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് ഒന്നരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.
പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് മുൻപായി വിശുദ്ധ പൗലോസ് കൊളോസോസുകാർക്കെഴുതിയ ലേഖനം മൂന്നാം അദ്ധ്യായം പതിനാറും പതിനേഴും വാക്യങ്ങൾ വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു.
"പരസ്പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ, ദൈവത്തിനു സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്മീയ ഗീതങ്ങളും പാടുമ്പോഴും ക്രിസ്തുവിന്‍റെ വചനം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ! നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് അവന്‍റെ നാമത്തില്‍ ചെയ്യുവിന്‍." (കൊളോ. 3, 16, 17).
വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.
പ്രിയ സഹോദരീ സഹോദരന്മാരേ,
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ "സാക്രോസാന്ക്തും കൊൺചീലിയും" (Sacrosanctum Concilium - SC) എന്ന പ്രമാണരേഖയുടെ ആറാം അദ്ധ്യായം തിരുക്കർമ്മഗീതത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. അതിൽ ഇപ്രകാരം പറയുന്നു: «തിരുക്കർമ്മഗീതത്തെക്കുറിച്ചുള്ള തിരുസഭാപാരമ്പര്യം ഒരു അമൂല്യ നിക്ഷേപമാണ്. സംഗീതം മറ്റേതു കലയെക്കാളും കൂടുതൽ സഭയിൽ വിലമതിക്കപ്പെടുന്നു. ഈ ശ്രേഷ്ഠതയ്ക്കുള്ള പ്രധാന കാരണം വാക്കുകളിൽ അന്തർലീനമായിരിക്കുന്ന വിശുദ്ധ ഗീതം ആഘോഷമായ തിരുക്കർമ്മത്തിന്റെ അഭേദ്യവും അപരിത്യാജ്യവുമായ ഒരു ഘടകമായിത്തീരുന്നു എന്നതാണ്" (SC, 112). തുടർന്ന് ഈ അദ്ധ്യായം ഇങ്ങനെ വ്യക്തമാക്കുന്നു: "അതുകൊണ്ട് പ്രാർത്ഥനയെ കൂടുതൽ ആസ്വാദ്യമാക്കിക്കൊണ്ടോ, ഹൃദയൈക്യം പോഷിപ്പിച്ചുകൊണ്ടോ, തിരുക്കർമ്മങ്ങൾ കൂടുതൽ സാഘോഷമാക്കിക്കൊണ്ടോ എത്ര ഗാഢമായി തിരുക്കർമ്മങ്ങളോട് വിശുദ്ധഗീതം ബന്ധപ്പെട്ടു നിൽക്കുന്നുവോ അത്രമാത്രം അത് പവിത്രമായിത്തീരുന്നു (ibid.).
വിശുദ്ധ പത്താം പിയൂസ് പാപ്പാ “ഇന്റർ സൊള്ളിച്ചിത്തൂദിനെസ്” (Inter sollicitudines) എന്ന മോത്തു പ്രൊപ്രിയോ രേഖയിൽ മുൻപുതന്നെ വ്യക്തമാക്കിയിരുന്നതുപോലെ (1903 നവംബർ 22), ആരാധനാക്രമത്തിൽ സംഗീതത്തിന്റെ "ശുശ്രൂഷാപരമായ ദൗത്യം" സ്ഥിരീകരിക്കുകയും കൂടുതൽ ആഴത്തിൽ വ്യക്തമാക്കുകയും ചെയ്യുന്ന, കൗൺസിൽ പ്രബോധനത്തിന്റെ കാതൽ ഇവിടെ നമുക്ക് കണ്ടെത്താം. യഥാർത്ഥത്തിൽ, സംഗീതം ആരാധനാക്രമപരമായ ആഘോഷത്തിന്റെ വെറും അലങ്കാരമല്ല, ആരാധനാക്രമപ്രവർത്തനത്തിന്റെ ഭാഗമാണ്. ആരാധനാക്രമത്തിൽ പാടുകയും വാദ്യോപകരണങ്ങൾ വായിക്കുകയും ചെയ്യുക എന്നാൽ, ആഘോഷിക്കപ്പെടുന്ന രഹസ്യത്തിൽ സജീവമായ പങ്കാളിത്തത്തോടെ, സ്വന്തം ഹൃദയത്തെ സഹോദരീസഹോദരന്മാരുടെയും ദൈവത്തിന്റെയും ഹൃദയവുമായി ഏകോപിപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുക എന്നതാണ്. "കാന്താരെ അമാന്തിസ് എസ്ത് (Cantare amantis est)", അതായത് «പാടുന്നത് സ്നേഹിക്കുന്നവന്റെ സ്വഭാവമാണ്» (Sermo 336, 1) എന്ന് വിശുദ്ധ അഗസ്റ്റിൻ പറയുന്നതുപോലെ, സംഗീതം പ്രത്യേകമായ രീതിയിൽ പ്രാർത്ഥനയുടെ വൈകാരികമായ മാനത്തെ പ്രകടിപ്പിക്കുന്നു. കൃപയിൽ, ദൈവത്തിന്റെ ഇടപെടലിനായി ഹൃദയത്തെ തുറക്കുന്നതിനും, അതിനാൽ രൂപാന്തരപ്പെടാനും സഹായിക്കുന്നതായതുകൊണ്ടുതന്നെ ഇത് ഏറെ പ്രധാനപ്പെട്ടതാണ്.
ഗാനം കൂട്ടായ്മയ്ക്കും പ്രോത്സാഹനം നൽകുന്നു. ശബ്ദങ്ങളുടെ സ്വരലയത്തിലൂടെ വ്യക്തികൾക്കിടയിലെ വ്യത്യാസങ്ങളെ മറികടന്നും, എല്ലാവരെയും ദൈവസ്തുതിയിൽ ഒരുമിപ്പിച്ചുകൊണ്ടും, അത് മനസ്സുകളുടെ ഐക്യത്തിനായി സംഭാവന ചെയ്യുന്നു. അങ്ങനെ അത് സഭയുടെ ഒരു എപ്പിഫനിയായി, അതായത് സഭയുടെ സ്വഭാവത്തിൽ തന്നെയുള്ള കൂട്ടായ്മയുടെ ഇന്ദ്രിയഗോചരമായ പ്രകടനമായി മാറുന്നു.
ആരാധനാക്രമപരമായ കർമ്മങ്ങളുടെ അവിഭാജ്യഘടകമെന്ന നിലയിലുള്ള തിരുക്കർമ്മഗീതത്തിന്റെ ആഴമേറിയ ദൈവശാസ്ത്രപരമായ പ്രാധാന്യത്തിൽ നിന്ന് ചില ആവശ്യകതകൾ ഉരുത്തിരിയുന്നു. അവയിൽ ആദ്യത്തേത്, കാലികമായ പ്രവണതകൾക്കോ രചയിതാക്കളുടെ പ്രത്യേക അഭിരുചികൾക്കോ അതീതമായി, ആഘോഷത്തിന്റെ ഓരോ നിമിഷത്തിനും ഏറ്റവും അനുയോജ്യമായതെന്താണോ അതിനെ എല്ലാ തലങ്ങളിലും അത് പ്രതിഫലിപ്പിക്കണം എന്നതാണ്. തിരുക്കർമ്മഗീതത്തിന്റെ ആകാരം, പ്രത്യേകിച്ച് അതിന്റെ ഈണപരമായ വശം, ഒരേസമയം ഉന്നതവും ലളിതവും ഉയർന്ന സംഗീതനിലവാരമുള്ളതുമായിരിക്കണം. മുഴുവൻ സമൂഹവും ചേർന്ന് പാടാൻ ഉദ്ദേശിച്ചിട്ടുള്ളതാണെങ്കിൽ, അത് എളുപ്പത്തിൽ ആലപിക്കാവുന്നതും ആയിരിക്കണം (cf. SC, 121).
ഇതേ കാരണത്താൽ, തിരുക്കർമ്മഗീതത്തിന്റെ ഉള്ളടക്കം അനുയോജ്യവും ആഴമുള്ളതും അതേസമയം എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായിരിക്കണമെന്ന് കൗൺസിൽ ശുപാർശ ചെയ്യുന്നു. അവ പ്രധാനമായും വിശുദ്ധ ഗ്രന്ഥത്തിൽ നിന്നും ആരാധനാക്രമ ഗ്രന്ഥങ്ങളിൽ നിന്നും സഭയുടെ ആദ്ധ്യാത്മികപാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവയായിരിക്കണം. "ലെക്സ് ഒറാന്തി ലെക്സ് ക്രെദെന്തി (lex orandi lex credendi), അതായത്, പ്രാർത്ഥനയുടെ നിയമം വിശ്വാസത്തിന്റെയും നിയമമാണ് എന്ന പുരാതന തത്വത്തിലെ ചലനാത്മകത സജീവമായി നിലനിൽക്കുകയും വളരുകയും ചെയ്യേണ്ടതിനായി, ഇതിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
വിശ്വാസികളുടെ സജീവ പങ്കാളിത്തത്തിന് "സാക്രോസാന്ക്തും കൊൺചീലിയും" (cf. n. 114) വിപുലമായ സ്ഥാനം നൽകുന്നുണ്ട്. "ആഘോഷിക്കപ്പെടുന്ന ദിവ്യരഹസ്യത്തെക്കുറിച്ചും ദൈനംദിന ജീവിതവുമായുള്ള അതിന്റെ ബന്ധത്തെക്കുറിച്ചുമുള്ള വലിയ ഒരു ബോധ്യം ഉൾപ്പെടുന്നതും" (Benedict XVI, Esort. ap. Sacramentum caritatis, 52), എല്ലാ വിശ്വാസികളുടെയും ജീവിതത്തിന്റെ ഭാഗമായിത്തീരുന്നതുമായ, നിരന്തരമായ പരിവർത്തനത്തിന്റെ ആത്മാവിൽ ഉള്ളതുമാകണം ഈ പങ്കാളിത്തം" (ibid. 55). തിരുക്കർമ്മഗീതത്തിന്റെ കൃത്യമായ പങ്കാളിത്വത്തിലൂടെ, ഇത് എപ്രകാരം പ്രായോഗികമായി സാക്ഷാത്കരിക്കാമെന്നതിനെക്കുറിച്ച് പ്രമാണരേഖ വ്യക്തമായ ഉത്തരം നൽകുന്നുണ്ട്. "വിശ്വാസികളുടെ കർമ്മാശംസകൾ, മറുപടിപ്രാർത്ഥനകൾ, സങ്കീർത്തനഗാനം, പ്രതിഗാനങ്ങൾ, ഗാനങ്ങൾ» എന്നിവയും "പൂജ്യമായ മൗനവും" ക്രമപ്പെടുത്തണമെന്നും (SC, 30), പുരോഹിതനായാലും അൽമായനായാലും, "തിരുക്കർമ്മത്തിന്റെ സ്വഭാവത്തിനും ആരാധനാക്രമത്തിന്റെ നിബന്ധനകൾക്കും യോജിച്ച വിധത്തിൽ", വിവിധ ശുശ്രൂഷകൾക്കും വിവിധ ഇടപെടലുകൾക്കും നിശ്ശബ്ദതയുടെ നിമിഷങ്ങൾക്കും ഇടയിൽ സമന്വയപൂർണ്ണമായ ഒരു സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് "അവരവരുടെ ഭാഗം മാത്രം" നിർവ്വഹിക്കണമെന്നും ഈ അദ്ധ്യായം ആഹ്വാനം ചെയ്യുന്നു.
മറ്റു തിരുക്കർമ്മഗീതങ്ങളെ ഒഴിവാക്കാതെതന്നെ, കൗൺസിൽ ഗ്രിഗോറിയൻ സംഗീതത്തിന് വലിയൊരു മൂല്യം കൽപ്പിക്കുന്നുണ്ട്. ഓർഗന്റെ ഉപയോഗത്തിന് കൗൺസിൽ പ്രത്യേകമായ ശ്രദ്ധ കൊടുക്കുന്നുണ്ട് (cf. SC, 120). അതേസമയം, തിരുക്കർമ്മോപയോഗത്തിന് ഉപയുക്തമോ, ഉപയുക്തമാക്കാവുന്നവയോ, ദേവാലയത്തിന്റെ മഹത്വത്തിന് യോജിക്കുന്നതോ, വിശ്വാസികളുടെ ആത്മീയാഭിവൃദ്ധിക്ക് ശരിക്കും സഹായകമോ ആണെങ്കിൽ (SC, 120) മറ്റ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതും അനുവദിക്കപ്പെട്ടിട്ടുണ്ട്.
കൗൺസിൽ പരിഷ്കരണത്തിന് പ്രിയപ്പെട്ട ഒരു വിഷയം, തിരുക്കർമ്മഗീത മേഖലയിൽക്കൂടി ബാധകമായ സംസ്കാരിക അനുരൂപണം ആണ്. ജനങ്ങളുടെ മതപരവും സാമൂഹികവുമായ ജീവിതത്തിന്റെ ഭാഗമെന്ന നിലയിൽ, വിവിധ സംസ്കാരങ്ങളുടെ സംഗീതപാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട്, അവയെ ഗൗരവത്തോടെ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം കൗൺസിൽ പ്രത്യേകമായി ഊന്നിപ്പറയുന്നുണ്ട്. അതുകൊണ്ടുതന്നെ, ഒരു ഭാഗത്ത് എല്ലാവരിലും മതിയായ "മതപരമായ ബോധ്യത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം" (SC 119) നടപ്പാക്കാനും, മറുവശത്ത് "സാധ്യമാകുന്നത്ര […], ആ ജനതകളുടെ പരമ്പരാഗത സംഗീതത്തെ, സ്കൂളുകളിലും വിശുദ്ധ കർമ്മങ്ങളിലും ഒരുപോലെ, പ്രോത്സാഹിപ്പിക്കാനും" (ibid.) ഇത് ശുപാർശ ചെയ്യുന്നു.
ആരാധനാക്രമപരമായ സാഹചര്യത്തിൽ, ഗായകസംഘത്തിന്റെ പ്രത്യേകമായ ഒരു ഉത്തരവാദിത്വം അംഗീകരിക്കപ്പെടുന്നുണ്ട്. വിവിധ തരത്തിലുള്ള ഗാനങ്ങൾക്കനുസരിച്ച് അതിന്റെ ഭാഗങ്ങൾ കൃത്യമായി ആലപിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും, ഗാനാലാപനത്തിൽ വിശ്വാസികളുടെ സജീവ പങ്കാളിത്തത്തെ സഹായിക്കുന്നതിനുമായി, അജപാലനപരമായ ഒരു ഉപകരണമായ ഇതിനെ പ്രോത്സാഹിപ്പിക്കണമെന്ന് കൗൺസിൽ ശുപാർശ ചെയ്യുന്നു (S. Congr. dei Riti, Istr. Musicam sacram, 19).
ഇതിലേക്കായി, തിരുക്കർമ്മഗീതത്തിന്റെ രചയിതാവ് സഭയുടെ സംഗീതപൈതൃകം അറിയുകയും സംരക്ഷിക്കുകയും ചെയ്യാൻ ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു.. ആരാധനാക്രമത്തിന്റെ ശുശ്രൂഷയ്ക്കായി പുതിയ രചനകൾക്ക് ജീവൻ നൽകുന്നതിന് അവൻ ഈ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം; സമകാലീന സംവേദനക്ഷമതയെയും വിവിധ സാംസ്കാരിക പാരമ്പര്യങ്ങളെയും മാനിച്ചുകൊണ്ട്, "ശൈലീപരമായ അപാകതകളിൽ നിന്നും, അശ്രദ്ധമായ ആവിഷ്കാര രൂപങ്ങളിൽ നിന്നും, ആഘോഷിക്കപ്പെടുന്ന കർമ്മത്തിന്റെ മഹത്വത്തിന് യോജിക്കാത്ത അലക്ഷ്യമായ സംഗീതങ്ങളിലും രചനകളിലും നിന്ന് ആരാധനയെ ശുദ്ധീകരിക്കുകയും, ആരാധനാക്രമ സംഗീതത്തിന് രൂപത്തിലും ഗുണത്തിലും മാന്യത ഉറപ്പാക്കുകയും" (വിശുദ്ധ ജോൺ പോൾ രണ്ടാമൻ, Chirografo on sacred music, 22 നവംബർ 2003, 3) ചെയ്യുന്നത് ലക്ഷ്യമാക്കി വേണം അവൻ പ്രവർത്തിക്കേണ്ടത്.
മേലുദ്ധരിച്ച എല്ലാ കാരണങ്ങളാലും, കൗൺസിൽ പിതാക്കന്മാർ, "സെമിനാരികളിലും, സന്ന്യാസീ സന്ന്യാസിനികളുടെ നൊവിഷ്യേറ്റുകളിലും വിദ്യാമന്ദിരങ്ങളിലും, അതുപോലെ മറ്റ് കത്തോലിക്കാ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും" (SC, 115) തിരുക്കർമ്മഗീതത്തിന്റെ പരിശീലനവും ഉപയോഗവും പ്രോത്സാഹിപ്പിക്കാനും, സംഗീതജ്ഞർക്കും ഗായകർക്കും ഉറച്ച ആരാധനാക്രമപരമായ പരിശീലനം ഉറപ്പാക്കാനും നിർദ്ദേശിക്കുന്നു (cf. ibid.).
പ്രിയ സഹോദരീസഹോദരന്മാരേ, സഭാപിതാക്കന്മാർ സഭാപരമായ കൂട്ടായ്മയുടെ പ്രതീകമായ ആരാധനാക്രമഗാനത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. അതിനാൽ അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ മനോഹരമായ ഈ വാക്കുകളോടെ നമുക്ക് ഉപസംഹരിക്കാം: "പരസ്പര ധാരണയിലുള്ള സ്വരൈക്യത്തിൽ ദൈവത്തിന്റെ സ്വരം ഏകതയിൽ സ്വീകരിച്ച്, യേശുക്രിസ്തുവിലൂടെ പിതാവിനായി ഏകസ്വരത്തിൽ പാടുന്നതിനും, അങ്ങനെ അവിടുന്ന് നിങ്ങളെ കേൾക്കുന്നതിനും, നിങ്ങൾ ചെയ്യുന്ന സൽപ്രവൃത്തികളിലൂടെ നിങ്ങൾ അവന്റെ പുത്രന്റെ ശരീരത്തിലെ അംഗങ്ങളാണെന്ന് തിരിച്ചറിയുന്നതിനുമായി, നിങ്ങൾ ഓരോരുത്തരും ഒരു ഗായകസംഘമായി മാറുക (എഫേസോസുകർക്കുള്ള ലേഖനം 4, 2).
ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
