തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

സഭയുടെ ഉത്തമ മാതൃകയും അംഗവും അമ്മയുമായ പരിശുദ്ധ കന്യകാമറിയം: ലുമെൻ ജെൻസ്യുമിനെ ആധാരമാക്കിയ ലിയോ പതിനാലാമൻ പാപ്പായുടെ ഉദ്‌ബോധനം

മെയ് പതിമൂന്നാം തീയതി ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ. സഭയുടെ മാതൃകയായ കന്യകാമറിയത്തെക്കുറിച്ചുള്ള ഉദ്ബോധനമടങ്ങിയ ഈ പ്രഭാഷണത്തിൽ, ദൈവത്തോടും സഭയോടുമുള്ള സ്നേഹബന്ധത്തിലും, രക്ഷാകര രഹസ്യത്തിലും പരിശുദ്ധ അമ്മയുടെ സ്ഥാനവും മാതൃകയും എടുത്തു കാട്ടിയ പാപ്പാ, കന്യകാമറിയത്തിന്റെ മാതൃകയിൽ സഭയെ സ്നേഹിക്കാനും അവളുടെ ഭാഗമായി സ്വയം തിരിച്ചറിയാനും ഏവരെയും ക്ഷണിച്ചു.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2026 ജനുവരിയിലെ ആദ്യ ബുധനാഴ്ച അറിയിച്ചുരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് ഈ വർഷത്തിലെ ബുധനാഴ്ചകളിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിവരുന്നത്. ഇതനുസരിച്ച്, ജനതകളുടെ പ്രകാശം എന്നർത്ഥം വരുന്ന, "ലുമെൻ ജെൻസ്യും" (Lumen gentium) എന്ന പ്രമാണരേഖയെ ആധാരമാക്കി, " കന്യകാമറിയം, സഭയുടെ മാതൃക" എന്ന വിഷയത്തിൽ, ദൈവത്തോടും സഭയോടുമുള്ള സ്നേഹബന്ധത്തിലും, രക്ഷാകര രഹസ്യത്തിലും പരിശുദ്ധ അമ്മയുടെ സ്ഥാനവും മാതൃകയും എടുത്തു കാട്ടിയ പാപ്പാ, കന്യകാമറിയത്തിന്റെ മാതൃകയിൽ സഭയെ സ്നേഹിക്കാനും സഭയുടെ ഭാഗമായി സ്വയം തിരിച്ചറിയാനും ക്ഷണിച്ചുകൊണ്ടാണ് മെയ് പതിമൂന്നാം തീയതി ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിവുപോലെ ഉദ്‌ബോധനം നടത്തിയത്. പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ചത്വരത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് വരുന്ന ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. ബസലിക്കയ്ക്ക് മുന്നിൽ ഒരുക്കപ്പെട്ടിരുന്ന വേദിയിൽ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് ഒന്നരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.

പരിശുദ്ധ പിതാവിന്റെ പ്രബോധനപ്രഭാഷണത്തിന് മുൻപായി അപ്പസ്തോലപ്രവർത്തനങ്ങൾ ഒന്നാം അദ്ധ്യായം പതിമൂന്നും പതിനാലും വാക്യങ്ങൾ വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു.

"അവർ പട്ടണത്തിലെത്തി, തങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയിൽ ചെന്നു. അവർ, പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബർത്തലോമിയോ, മത്തായി, ഹൽപൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോൻ, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു. ഇവർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു." (അപ്പ. പ്രവർത്തനങ്ങൾ 1, 13-14).

വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭദിനം, സ്വാഗതം!

രണ്ടാം വത്തിക്കാൻ കൗൺസിൽ അതിന്റെ പ്രമാണരേഖയുടെ അവസാന അദ്ധ്യായം പരിശുദ്ധ കന്യകാമറിയത്തിനായാണ് സമർപ്പിച്ചിരിക്കുന്നത് (Lumen gentium, 52-69). അവളെ അതിശ്രേഷ്ഠയായും, തികച്ചും വ്യത്യസ്തയായ സംഭാംഗമായും, വിശ്വാസത്തിലും സ്നേഹത്തിലും ഏറ്റവും മികച്ച മാതൃകയായും സഭ അംഗീകരിക്കുന്നു (53). മാംസമായിത്തീർന്ന ദൈവപുത്രനെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് കീഴിൽ സ്വീകരിക്കുകയും അവന് ജന്മമേകുകയും ചെയ്ത അവളിൽ എപ്രകാരമാണ് മുഴുവൻ സഭാസമൂഹത്തിന്റെയും ഉത്തമ മാതൃകയെയും, അംഗത്തെയും, അമ്മയെയും തിരിച്ചറിയാൻ സാധിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ വാക്കുകൾ നമ്മെ ക്ഷണിക്കുന്നുണ്ട്.

തന്നിൽ പൂർത്തീകരിക്കപ്പെട്ട കൃപയുടെ പ്രവൃത്തിയാൽ സ്വയം രൂപപ്പെടാൻ വിട്ടുകൊടുക്കുകയും, തന്റെ വിശ്വാസത്താലും കന്യകാസ്‌നേഹത്താലും അത്യുന്നതന്റെ ദാനത്തെ സ്വീകരിക്കുകയും ചെയ്തുകൊണ്ട്, മുഴുവൻ സഭയും ആയിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നതെന്തിനാണോ, അതിന്റെ ഉത്തമമാതൃകയായി മറിയം മാറുന്നു. സഭയ്ക്കുള്ള ഈ വിളി കർത്താവിന്റെ വചനത്തിന്റെ സൃഷ്ടിയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് വിധേയമായി ജനിച്ച ദൈവമക്കളുടെ അമ്മയുമാകാനുള്ളതാണ്. മാത്രവുമല്ല, ദൈവത്തിന്റെ വിശുദ്ധ ജനവുമായുള്ള കൂട്ടായ്മയിൽ, ദൈവീകരഹസ്യത്തോടുള്ള നിരുപാധികമായ തുറന്ന മനസ്സിന്റെ ഉത്തമമായ രൂപം നല്കപ്പെടുന്ന ഏറ്റവും മികച്ച വിശ്വാസി എന്ന നിലയിൽ, മറിയം സഭാസമൂഹത്തിന്റെ മികച്ച അംഗമാണ്. അവസാനമായി, നമുക്കിടയിലേക്ക് വന്ന നിത്യപ്രിയനായ തന്റെ മകനിലൂടെ സ്നേഹിക്കപ്പെടുന്ന മക്കളെ ജനിപ്പിക്കുന്നതിനാൽ, മറിയം മുഴുവൻ സഭയുടെയും അമ്മയാകുന്നു എന്നതിനാൽ, മുഴുവൻ സഭയ്ക്കും, താൻ ശ്രവിക്കപ്പെടുമെന്നും, സംരക്ഷിക്കപ്പെടുമെന്നും സ്നേഹിക്കപ്പെടുമെന്നുമുള്ള ഉറപ്പോടെയും, പുത്രസഹജമായ വിശ്വാസത്തോടെയും അവളിലേക്ക് തിരിയാൻ കഴിയും.

പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ പ്രത്യേകതകളെയെല്ലാം ഒരുമിച്ച് ചേർത്ത്, അവളെ "രഹസ്യത്തിന്റെ പ്രതീകമായ സ്ത്രീ” (woman icon)" എന്ന് നമുക്ക് വിശേഷിപ്പിക്കാനാകും. സ്ത്രീ എന്ന പദം ഉപയോഗിക്കുന്നതുവഴി, മിശിഹായുടെ അമ്മയാകുകയെന്ന അസാധാരണ അനുഭവം ജീവിക്കാൻ സാധിച്ച ഈ ഇസ്രായേൽ പുത്രിയുടെ ചരിത്രപരമായ മൂർത്തതയാണ് എടുത്തുകാണിക്കപ്പെടുന്നത്. ഐക്കൺ, പ്രതീകം, എന്ന പ്രയോഗത്തിലൂടെ, അവരോഹണത്തിന്റെയും ആരോഹണത്തിന്റെയും ഇരട്ട ചലനങ്ങൾ അവളിൽ സാക്ഷാത്കരിക്കപ്പെടുന്നുവെന്നത് നാം ഊന്നിപ്പറയുന്നു. അവളിലാണ്, ദൈവത്തിന്റെ ഭാഗത്തുനിന്നുള്ള സൗജന്യമായ തിരഞ്ഞെടുപ്പും ദൈവത്തിലുള്ള വിശ്വാസത്തിന് അവളേകുന്ന സ്വതന്ത്രമായ സമ്മതവും വിളങ്ങുന്നത്. അതുകൊണ്ടുതന്നെ, ഒരിക്കൽ മറഞ്ഞിരുന്നതും, യേശുക്രിസ്തുവിൽ അതിന്റെ പൂർണ്ണതയിൽ വെളിപ്പെട്ടതുമായ ദൈവിക രക്ഷാകരപദ്ധതിയുയടെ, ദൈവീകരഹസ്യത്തിന്റെ പ്രതീകമായ സ്ത്രീയാണ് മറിയം.

രക്ഷാകരപ്രവൃത്തിയിൽ പരിശുദ്ധ കന്യകാമറിയത്തിനായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്ന പ്രത്യേകമായ സ്ഥാനത്തെക്കുറിച്ച് വ്യക്തമായ ഒരു ഉദ്ബോധനമാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ നമുക്ക് നൽകിയത് (LG, 60-62). രക്ഷയുടെ ഏക മദ്ധ്യസ്ഥൻ യേശുക്രിസ്തുവാണെന്നും (1 തിമോത്തി 2, 5-6), പരിശുദ്ധ അമ്മ ക്രിസ്തുവിന്റെ ഈ അതുല്യമായ മാദ്ധ്യസ്ഥ്യത്തെ ഒരു തരത്തിലും മറയ്ക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല, മറിച്ച് അതിന്റെ ശക്തി വെളിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും (LG, 60) കൗൺസിൽ ഓർമ്മിപ്പിച്ചു. അതേസമയം, വചനം മാംസമാകുകയെന്ന പദ്ധതിയുടെ ഭാഗമായി, ദൈവമാതാവാകാനായി അനാദി മുതൽ നിശ്ചയിക്കപ്പെട്ടിരുന്ന പരിശുദ്ധ കന്യക, തന്റെ അനുസരണം, വിശ്വാസം, പ്രത്യാശ, ആർദ്രമായ സ്നേഹം എന്നിവയാൽ, ആത്മാക്കളുടെ അഭൗമികമായ ജീവൻ തിരികെ നൽകാനുള്ള രക്ഷകന്റെ പദ്ധതിയോട്, തികച്ചും അതുല്യമായ രീതിയിൽ സഹകരിച്ചു. ഇക്കാരണത്താൽ അവൾ കൃപയുടെ ക്രമത്തിൽ നമുക്ക് അമ്മയായിത്തീർന്നു (61).

സഭയുടെ രഹസ്യാത്മകത പരിശുദ്ധ കന്യകാമറിയത്തിൽ പ്രതിഫലിക്കുന്നുണ്ട്. ദൈവജനം അവളിൽ തങ്ങളുടെ ഉത്ഭവവും മാതൃകയും ദേശവും പ്രതിനിധീകരിക്കപ്പെട്ടു കാണുന്നു. കർത്താവിന്റെ അമ്മയിൽ സഭ തന്റെതന്നെ രഹസ്യത്തെയാണ് ധ്യാനിക്കുന്നത്. ഇത്, അവൾ വിളിക്കപ്പെട്ടിരിക്കുന്ന കന്യാപരമായ വിശ്വാസത്തിന്റേയോ, മാതൃപരമായ സ്നേഹത്തിന്റേയോ, വൈവാഹിക ഉടമ്പടിയുടെയോ മാതൃക മറിയത്തിൽ കാണുന്നതിനാൽ മാത്രമല്ല, മറിച്ച്, തന്റെ മാതൃകാരൂപത്തെ, താൻ എന്തായിരിക്കാനാണോ വിളിക്കപ്പെട്ടിരിക്കുന്നത് അതിന്റെ മാതൃകാപരമായ രൂപത്തെ അവളിൽ തിരിച്ചറിയുന്നതിനാലാണ്.

നമുക്ക് കാണാൻ കഴിയുന്നതുപോലെ, ലൂമൻ ജെൻസ്യുമിൽ കന്യകാമാതാവിനെക്കുറിച്ചുള്ള വിചിന്തനങ്ങൾ, സഭയെ സ്നേഹിക്കാനും, വരാനിരിക്കുന്നതും, മഹത്വത്തിൽ പൂർണ്ണമായി സാക്ഷാത്കരിക്കപ്പെടുന്നതുമായ ദൈവരാജ്യത്തിന്റെ പൂർത്തീകരണത്തിനായി അവളിലൂടെ ശുശ്രൂഷ ചെയ്യാനുമാണ് നമ്മെ പഠിപ്പിക്കുന്നത്.

നമുക്ക് മുന്നിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഉന്നതമാതൃകയാൽ സ്വയം ചോദ്യം ചെയ്യപ്പെടാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുകയും, നമ്മോട് ആവശ്യപ്പെടുന്നവയ്ക്ക് അവളുടെ മാതൃകയിൽ ഉത്തരം നൽകാൻ കഴിയുന്നതിനു വേണ്ടി തന്റെ മദ്ധ്യസ്ഥ്യത്തിലൂടെ നമ്മെ സഹായിക്കണമേയെന്ന് അപേക്ഷിക്കുകയും ചെയ്യാം. സഭയിലുള്ള എന്റെ അംഗത്വം ഞാൻ എളിമയുള്ളതും സജീവവുമായ വിശ്വാസത്തോടെ ജീവിക്കുന്നുണ്ടോ? തന്റെ അനന്തമായ സ്നേഹത്തിന് പ്രത്യുത്തരം നല്കനായി ദൈവം എനിക്ക് നൽകിയ ഉടമ്പടിയുടെ സമൂഹത്തെ അതിൽ ഞാൻ തിരിച്ചറിയുന്നുണ്ടോ? ദൈവം തന്ന ഇടയന്മാരോടുള്ള അനുസരണത്തിലൂടെ, സഭയുടെ ജീവിക്കുന്ന ഭാഗമാണ് ഞാനെന്ന് തിരിച്ചറിയുന്നുണ്ടോ? സഭയുടെ ഉത്തമ മാതൃകയും അംഗവും മാതാവുമെന്ന നിലയിൽ മറിയത്തെ കണ്ട്, അവളുടെ പുത്രന്റെ വിശ്വസ്തശിഷ്യനായിരിക്കുന്നതിൽ സഹായിക്കാനായി അവളോട് അപേക്ഷിക്കാറുണ്ടോ?

സഹോദരീസഹോദരന്മാരെ, മറിയത്തിന്റെമേൽ ഇറങ്ങിവന്നതും, എളിമയോടും വിശ്വാസത്തോടും കൂടി നാം അപേക്ഷിക്കുന്നതുമായ പരിശുദ്ധാത്മാവ് ഈ അത്ഭുതകരമായ യാഥാർത്ഥ്യങ്ങൾ ജീവിക്കാൻ നമ്മെ സഹായിക്കട്ടെ. സഭയുടെ പ്രാമാണികരേഖയായ ലുമെൻ ജെൻസ്യും ആഴത്തിൽ പഠിച്ചശേഷം, പരിശുദ്ധ അമ്മയായ സഭയോടുള്ള സ്നേഹം നമ്മിൽ വളരാനുള്ള ദാനം, നമുക്കായി കന്യകാമറിയത്തോട് അപേക്ഷിക്കാം. അപ്രകാരം സംഭവിക്കട്ടെ!

ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മേയ് 2026, 12:28

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >