പങ്കുവയ്ക്കലിലൂടെ ദിവ്യകാരുണ്യയേശുവിലുള്ള വിശ്വാസം പ്രഘോഷിക്കുക: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
യൂറോപ്പിൽ വേനൽക്കാലമായതിനാൽ റോമിന് പുറത്ത് കാസ്തെൽ ഗന്തോൾഫോയിലുള്ള വേനൽക്കാലവസതിയിലായിരുന്ന ലിയോ പതിനാലാമൻ പാപ്പാ ജൂലൈ 27 തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലേക്ക് തിരികെയെത്തിയത്. ഓഗസ്റ്റ് രണ്ടാം തീയതി ഞായറാഴ്‌ച ഉച്ചയ്ക്ക് വത്തിക്കാനിൽ ഞായറാഴ്ചകളിൽ പതിവുള്ളതുപോലെ, പരിശുദ്ധ പിതാവ് ത്രികാലജപപ്രാർത്ഥന നയിക്കുകയും ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. യൂറോപ്പിൽ കനത്ത വേനൽക്കാലമായിട്ടും ആയിരക്കണക്കിന് ആളുകൾ പാപ്പായെ കാണാനും പ്രാർത്ഥനയിൽ പങ്കെടുക്കാനും ആശീർവാദം സ്വീകരിക്കാനുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പരിസരങ്ങളിലുമായി നിലനിന്നിരുന്നു.
ഉച്ചയ്ക്ക് കൃത്യം പന്ത്രണ്ടുമണിക്ക്, ഇന്ത്യയിൽ വൈകുന്നേരം മൂന്നരയ്ക്ക് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിലെത്തുകയും, ഏവരെയും അഭിസംബോധന ചെയ്തുകൊണ്ട് തന്റെ പ്രഭാഷണം നടത്തുകയും ചെയ്തു. അഞ്ച് അപ്പം കൊണ്ട് അയ്യായിരത്തോളം പുരുഷന്മാരുൾപ്പെടുന്ന ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്ന യേശുവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ഞായറാഴ്ചയിലെ സുവിശേഷ വായനയായ വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനാലാം അദ്ധ്യായം പതിമൂന്ന് മുതൽ ഇരുപത്തിയൊന്ന് വരെയുള്ള (Mt. 14, 13-21) സുവിശേഷഭാഗത്തെ അടിസ്ഥാനമാക്കിയായിരുന്നു പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തിയത്.
ഇറ്റാലിയൻ ഭാഷയിൽ പാപ്പാ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ ഇപ്രകാരമാണ്.
പ്രിയ സഹോദരീ സഹോദരന്മാരെ, ശുഭ ഞായർ"
സുവിശേഷം ശ്രവിക്കുമ്പോൾ, പലപ്പോഴും യേശു പ്രവർത്തിച്ച അടയാളങ്ങളെക്കുറിച്ച് നാം കേൾക്കാറുണ്ട്. അവ അവന്റെ നമ്മോടുള്ള പ്രത്യേക പ്രതിജ്ഞാബദ്ധതയെ, അവൻ ലോകത്തിലേക്ക് കൊണ്ടുവരുന്ന രക്ഷയെ വെളിപ്പെടുത്തുന്ന പ്രവൃത്തികളാണ്. ജീവിതത്തിന് അർത്ഥം നൽകുകയും, അതിനെ തിന്മയിൽ നിന്നും പാപത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നവനായാണ് കർത്താവ് ഓർക്കപ്പെടുന്നത്.
അന്ധർക്കു കാഴ്ചയും ബധിരർക്കു കേൾവിയും നൽകുമ്പോൾ, ക്രിസ്തു അത്ഭുതകരമായ പ്രവൃത്തികൾ മാത്രമല്ല ചെയ്യുന്നത്, മറിച്ച് ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് എല്ലാവരോടും പ്രഖ്യാപിക്കുക കൂടിയാണ്. അതുകൊണ്ടാണ് ഇന്നത്തെ സുവിശേഷം (മത്തായി 14, 13-21) യേശുവിന്റെ പ്രവൃത്തി ഇന്ദ്രിയങ്ങൾ നഷ്ടപ്പെട്ടവർക്ക് അവ തിരികെ നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, അവൻ നമ്മുടെ ഇന്ദ്രിയങ്ങളുടെ ആവശ്യങ്ങൾ കൂടി നടത്തുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നത്. കേൾവിശക്തി തിരികെ ലഭിച്ച ബധിരനോട്, കേൾക്കാനുള്ള സുവിശേഷം കർത്താവ് അറിയിക്കുന്നു; കാഴ്ചശക്തി തിരികെ ലഭിച്ച അന്ധനോട്, അവനുവേണ്ടി പൂർത്തിയാകുന്ന വീണ്ടെടുപ്പിന്റെ മഹത്തായ പ്രവൃത്തി കാണിച്ചുകൊടുക്കുന്നു. അതുപോലെ, വിശക്കുന്നവർക്ക് യേശു ഭക്ഷണം നൽകുന്നു: അപ്പം വർദ്ധിപ്പിക്കുന്ന സംഭവത്തിന്റെ അർത്ഥം, കർത്താവുമായുള്ള കൂടിക്കാഴ്ച പോഷണം നൽകുന്ന ഒരു അനുഭവമാണെന്നതാണ്. മരുഭൂമിയിൽ, അതായത് നമ്മുടെ ആവശ്യങ്ങളുടെ മുന്നിൽ, ക്രിസ്തു ജീവന്റെ അപ്പമാണ്. അവിടുന്നോടൊപ്പമാകുമ്പോൾ, നമുക്ക് അവശ്യം വേണ്ടത് സമൃദ്ധമായി ലഭിക്കുന്നു: “അവരെല്ലാവരും ഭക്ഷിച്ചു തൃപ്തിയായി”, “പന്ത്രണ്ട് കൊട്ടകൾ നിറയെ” ശേഷിക്കുകയും ചെയ്തു (വാക്യം 20). ഈ സംഖ്യ കർത്താവിന്റെ ദാനം സാർവലൗകികമാണെന്നും, നമ്മോടുള്ള അവിടുത്തെ കരുതൽ ഒരിക്കലും കുറയുന്നില്ലെന്നും വ്യക്തമാക്കുന്നു.
പ്രിയപ്പെട്ടവരേ, ക്രിസ്തു യഥാർത്ഥത്തിൽ മാനവികതയുടെ വിശപ്പിനെ, നമ്മുടെ സത്യത്തിനും ജീവനും വേണ്ടിയുള്ള വിശപ്പിനെ തൃപ്തിപ്പെടുത്തുന്നു. അതോടൊപ്പം, പങ്കുവെക്കുമ്പോൾ ഒന്നും പാഴാകുന്നില്ലെന്നും അവിടുത്തെ പ്രവൃത്തി നമ്മെ പഠിപ്പിക്കുന്നു. കൂട്ടിവയ്ക്കുന്നതും പാഴാക്കുന്നതും ഒരേ തിന്മയുടെ, അത്യാഗ്രഹത്തിന്റെ, രണ്ട് വശങ്ങളാണ്. ആത്മാവിന്റെ ഈ രോഗം മനുഷ്യനെ സമ്പത്തിന്റെ മദത്തിൽ മുക്കി, വിശപ്പുമൂലം കരയുകയും ദാഹം മൂലം നിലവിളിക്കുകയും ചെയ്യുന്നവരെ മറക്കാൻ തക്കവിധം ഇന്ദ്രിയബോധം നഷ്ടപ്പെട്ടവരാക്കി മാറ്റുന്നു. അങ്ങനെ, ചീഞ്ഞുനശിക്കുന്ന വസ്തുക്കളുടെ ആഡംബരത്തിന് മുന്നിൽ, ഭക്ഷണമില്ലാത്തവരുടെ നീട്ടിയ കൈകളും, സമാധാനമില്ലാത്തവരുടെ കത്തിനശിച്ച വീടുകളും നിൽക്കുന്നുണ്ട്.
യുദ്ധത്തിന്റെയും അഹങ്കാരത്തിന്റെയും മരുഭൂമിയിൽ, കർത്താവ് എത്രമാത്രം ദയയോടെയാണ് “സ്വർഗ്ഗത്തിലേക്ക് കണ്ണുയർത്തി”, “ആശീർവദിച്ച്”, ജനക്കൂട്ടത്തിന് വിതരണം ചെയ്യാനായി "അപ്പം മുറിച്ച് ശിഷ്യർക്ക് നൽകുന്നത്" (വാക്യം 19) എന്ന് നമുക്ക് കാണാം. കരുണയുടെ ഈ അത്ഭുതത്തിൽ, അന്ത്യ അത്താഴത്തിൽ പൂർണ്ണതയിലെത്തുന്ന യേശുവിന്റെ സവിശേഷ പ്രവൃത്തികളെ നാം തിരിച്ചറിയുന്നു. അന്ന് ദൈവപുത്രൻ, മാനുഷികതയിൽ നമ്മുടെ സഹോദരനെന്ന നിലയിൽ, തന്റെ സ്വന്തം ജീവൻ തന്നെ നമുക്ക് നൽകുന്നു. ദിവ്യകാരുണ്യമെന്ന കൃപ നാം സ്വീകരിക്കുമ്പോൾ, കുടുംബത്തോടും സുഹൃത്തുക്കളോടും കൂടെ ഭക്ഷണം ആശീർവദിച്ച് പങ്കിടുന്നതിൽ തുടങ്ങി, നമ്മുടെ ദൈനംദിന പ്രവർത്തികളിലൂടെ ദിവ്യകാരുണ്യത്തിന്റെ ഭംഗിക്ക് സാക്ഷ്യം വഹിക്കുന്നതിന് നമുക്ക് പ്രതിജ്ഞാബദ്ധരാകാം. നമുക്കരികിലുള്ള പാവപ്പെട്ടവരെക്കൂടി ഉൾച്ചേർക്കാനാകുന്നെങ്കിൽ, യേശുവിനോടൊപ്പമുള്ള അവധിക്കാലവും, സഹോദര്യപൂർണ്ണമായ ശാന്തതയുടെ സമയമായി മാറും.
അതുകൊണ്ട്, കരുതലുള്ള അമ്മയായ പരിശുദ്ധ കന്യകാമറിയത്തോട്, ആർക്കും അന്നന്നത്തെ അപ്പം മുടങ്ങാതിരിക്കാൻ വേണ്ടി, സ്നേഹത്തിൽ വളരാൻ നമ്മെ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാം.
തന്റെ പ്രഭാഷണത്തിനു ശേഷം പാപ്പാ ലത്തീൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.
ആശീർവാദത്തിന് ശേഷം, തനിക്ക് മുന്നിലുണ്ടായിരുന്ന വിവിധ ഭാഷക്കാരും രാജ്യക്കാരുമായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ, സ്പെയിനിന്റെ സ്വയംഭരണപ്രദേശമായ സെവുത്തയിലെ (Ceuta) വലിയ കുടിയേറ്റ പ്രതിസന്ധിയിൽ ആശങ്ക രേഖപ്പെടുത്തുകയും, നിരവധിയിടങ്ങളിലെ യുദ്ധങ്ങളും സംഘർഷങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം നൽകുകയും ചെയ്തു. അസ്സീസിയിലെ ദണ്ഡവിമോചനവും പരിശുദ്ധ പിതാവ് പ്രത്യേകം പരാമർശിച്ചു.
പ്രാർത്ഥനയ്ക്കും പ്രഭാഷണത്തിനും അഭിവാദ്യങ്ങൾക്കും ശേഷം, ഏവർക്കും ഒരു നല്ല ഞായറാഴ്ച ആശംസിച്ചുകൊണ്ടാണ് പാപ്പാ ജാലകത്തിങ്കൽനിന്നും പിൻവാങ്ങിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.