പടിഞ്ഞാറൻ-മദ്ധ്യ ആഫ്രിക്കയിൽ കോളറ വ്യാപനം: ആറു രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് കുട്ടികൾ അപകടത്തിലെന്ന് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ആഫ്രിക്കയുടെ പടിഞ്ഞാറും മദ്ധ്യഭാഗത്തുമുള്ള രാജ്യങ്ങളിൽ കോളറ ഗുരുതരമായ രീതിയിൽ പടരുകയാണെന്നും, രോഗബാധിതരിൽ വലിയൊരു ഭാഗവും കുട്ടികളാണെന്നും ഓഗസ്റ്റ് 13 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക് (RCA), കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക് (RDC), റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ (Nigeria), ചാഡ് (Ciad), കാമറൂൺ (Camerun) എന്നീ ആറ് രാജ്യങ്ങളിലാണ് നിലവിൽ രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയ യൂണിസെഫ്, കാലവർഷം, വെള്ളപ്പൊക്കം, ജനങ്ങളുടെ കുടിയൊഴിപ്പിക്കൽ, അതിർത്തി കടന്നുള്ള രോഗവ്യാപനം എന്നിവ സ്ഥിതിഗതികൾ രൂക്ഷമാകാൻ കാരണമാകുന്നതായി വിലയിരുത്തി.
ദശലക്ഷക്കണക്കിന് കുട്ടികളാണ് കൊളറാരോഗബാധയുടെ ഇരകളാകാൻ സാധ്യതയുള്ളതെന്നും, ശുദ്ധജലലഭ്യതയില്ലാത്തതിനാലും, രോഗാണുക്കൾ പുഴകളിലൂടെ വ്യാപിക്കുന്നതിനാലും രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് കടന്നുപോവുകയാണെന്ന് അറിയിച്ച, പടിഞ്ഞാറൻ മദ്ധ്യ ആഫ്രിക്കയ്ക്കായുള്ള യൂണിസെഫ് പ്രതിനിധി, ഗീൽ ഫഞ്ഞിനൂ (Gilles Fagninou), ശുദ്ധജലലഭ്യത ഉറപ്പാക്കിയും, പ്രാദേശികമായ ശ്രമങ്ങൾ കൂടുതലായി നടത്തിയും ഈ രോഗവ്യാപനസാധ്യത ഇല്ലാതാക്കണമെന്ന് ആഹ്വാനം ചെയ്തു.
മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോളറ രോഗബാധ കേസുകളിൽ 44 ശതമാനം 10 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ശിശുക്ഷേമനിധി അറിയിച്ചു. ചാഡിൽ രോഗബാധിതരിൽ മൂന്നിൽ രണ്ടിനടുത്ത് പേരും 15 വയസ്സിന് താഴെയുള്ളവരാണ്. ചാഡ് തടാക മേഖലയിലും കോംഗോ നദീതടത്തിലുമാണ് രോഗവ്യാപനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. കാമറൂണിലാകട്ടെ രോഗികളുടെ ശരാശരി പ്രായം 10 വയസ്സ് മാത്രമാണ്..
നൈജീരിയയിലാണ് മേഖലയിലെ ഏറ്റവും ഗുരുതരമായ കോളറ രോഗവ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2026 ജനുവരി ഒന്നുമുതൽ രാജ്യത്ത് 50,000-ത്തിലേറെ കേസുകളും 338 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിൽ 30,400-ത്തിലേറെ കേസുകളും ഏകദേശം 700 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെള്ളപ്പൊക്കം ജലസ്രോതസ്സുകൾ മലിനമാക്കുകയും ശുചിത്വ സംവിധാനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നത് രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച ശിശുക്ഷേമനിധി, തങ്ങളുടെ സഹകാരികൾക്കൊപ്പം, ശുദ്ധജലലഭ്യത, ശുചിത്വം, രോഗനിരീക്ഷണം, ആരോഗ്യസാമഗ്രികൾ, വാക്സിനേഷൻ, ബോധവത്കരണം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് അറിയിച്ചു. അടുത്ത ആറുമാസത്തേക്കുള്ള അടിയന്തര പ്രവർത്തനങ്ങൾക്കായി 15 ദശലക്ഷം യുഎസ് ഡോളർ അധിക ധനസഹായം ആവശ്യമുണ്ടെന്ന് യുണിസെഫ് വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.