തിരയുക

ഒസ്ത്രാവയിൽ നടക്കുന്ന ദേശീയ യുവജന ദിനത്തിൽനിന്നുള്ള ഒരു ചിത്രം ഒസ്ത്രാവയിൽ നടക്കുന്ന ദേശീയ യുവജന ദിനത്തിൽനിന്നുള്ള ഒരു ചിത്രം 

ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സാക്ഷികളാകാൻ യുവജനങ്ങളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ

ഓഗസ്റ്റ് 11 മുതൽ 16 വരെ തീയതികളിൽ ഒസ്ത്രാവയിൽ നടക്കുന്ന ദേശീയ യുവജന ദിനത്തിലേക്ക് പാപ്പായുടെ സന്ദേശം; പ്രത്യാശയും സമാധാനവും നിറഞ്ഞ ജീവിതത്തിലേക്ക് കടന്നുവരാനും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സാക്ഷികളാകാനും, കർദ്ദിനാൾ പരൊളീൻ ഒപ്പിട്ടയച്ച ഈ സന്ദേശത്തിലൂടെ പരിശുദ്ധ പിതാവ് യുവാക്കളെ ക്ഷണിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പ്രത്യാശയും സമാധാനവും നിറഞ്ഞ ജീവിതത്തിലേക്ക് കടന്നുവരാനും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സാക്ഷികളാകാനും യുവജനത്തെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഓഗസ്റ്റ് 11 മുതൽ 16 വരെ തീയതികളിൽ ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ത്രാവയിൽ (Ostrava) നടക്കുന്ന ദേശീയ യുവജനദിനത്തിൽ പങ്കെടുക്കുന്നവർക്കായി, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ ഒപ്പിട്ടയച്ച ഒരു സന്ദേശത്തിലൂടെയാണ് പരിശുദ്ധ പിതാവ് ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.

ലോകത്തെ ജയിച്ച കർത്താവായ യേശുവിലേക്ക് വിശ്വാസത്തോടെ തിരിയാൻ, വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാറാം അദ്ധ്യായനം മുപ്പത്തിമൂന്നാം (യോഹ. 16, 33) തിരുവചനത്തെ ആധാരമാക്കിയാണ് പാപ്പാ യുവജനങ്ങളെ ക്ഷണിച്ചത്. ക്രിസ്തു തന്റെ ശിഷ്യരുടെ ജീവിതയാത്രയിൽ ഇന്നും വഴികാട്ടിയായി തുടരുന്നുവെന്നും അവരുടെ ഹൃദയങ്ങളിൽ പ്രത്യാശയും സന്തോഷവും സമാധാനവും പകരുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

യുവാക്കൾ ക്രിസ്തുവിന്റെ സജീവ സാന്നിദ്ധ്യവും അവിടുത്തെ വചനത്തിന്റെ പ്രകാശവും ആത്മാർത്ഥതയോടെയും തീക്ഷ്‌ണതയോടെയും സ്വീകരിക്കണമെന്നും, കുടുംബങ്ങളിലും സമൂഹത്തിലും ജീവിതത്തിന്റെ വിവിധ മേഖലകളിലും ജോലി സ്ഥലങ്ങളിലും പഠനാന്തരീക്ഷങ്ങളിലും ക്രിസ്തുവിന്റെ സ്നേഹത്തിന് സാക്ഷികളാകാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്‌തു.

പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരെയും പ്രാർത്ഥനയിൽ പിതൃസ്നേഹത്തോടെ അനുസ്മരിക്കുന്നതായി അറിയിച്ച പാപ്പാ, സമൃദ്ധമായ ദൈവകൃപകൾക്കായുള്ള ആശംസകൾ നേർന്നുകൊണ്ട്, എല്ലാവർക്കും അപ്പസ്തോലിക ആശീർവാദവും നൽകി. പുതിയതും ആത്മാർത്ഥവുമായ സൗഹൃദങ്ങൾ വളരുന്നതിനുള്ള അവസരമായി ദേശീയ യുവജനദിനം മാറട്ടെയെന്നും പാപ്പാ ആശംസിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

12 ഓഗസ്റ്റ് 2026, 12:44