തിരയുക

ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ നീങ്ങുന്ന ഒരു പാലസ്തീൻ കുടുംബം ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ നീങ്ങുന്ന ഒരു പാലസ്തീൻ കുടുംബം  (ANSA)

ഗാസാ: കഴിഞ്ഞ 300 ദിവസങ്ങളിൽ 300 കുട്ടികളെങ്കിലും കൊല്ലപ്പെട്ടുവെന്ന് യൂണിസെഫ്

കഴിഞ്ഞ 300 ദിവസങ്ങളിൽ പ്രതിദിനം ഒരു കുട്ടി വീതം ഗാസാ മുനമ്പിൽ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. പ്രദേശത്ത് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടിട്ടും കുട്ടികളുടെ സുരക്ഷ യാഥാർത്ഥ്യമായിട്ടില്ലെന്ന് അപലപിച്ച ശിശുക്ഷേമനിധി, മാനവികസഹായം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഓഗസ്റ്റ് 6-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസാ മുനമ്പിൽ വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷവും പ്രതിദിനം ഒരു കുട്ടിയെന്ന നിരക്കിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കഴിഞ്ഞ 300 ദിവസങ്ങളിൽ മാത്രം 300 കുട്ടികളെങ്കിലും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി, ഓഗസ്റ്റ് 6 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന വ്യക്തമാക്കി.

വെടിനിറുത്തലിന്റെ പത്ത് മാസങ്ങൾ

കഴിഞ്ഞ ഒക്ടോബറിൽ ഗാസാ മുനമ്പിൽ വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെടുകയും, സൈനിക നടപടികൾ നിറുത്തി വയ്ക്കാൻ തീരുമാനമെടുക്കുകയും, മാനവികസഹായമെത്തിക്കുന്നതിനും രക്ഷാനടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും തീരുമാനമെടുക്കപ്പെട്ടിരുന്നുവെങ്കിലും, പ്രദേശം ഇപ്പോഴും കുട്ടികൾക്ക് സുരക്ഷിതമായ ഇടമായി മാറിയിട്ടില്ലെന്നും, മരണമടഞ്ഞ കുട്ടികൾക്ക് പുറമെ, ഗാസായിലെ നൂറുകണക്കിന് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും സംഘടനയുടെ റിപ്പോർട്ടിലൂടെ മദ്ധ്യപൂർവ്വദേശങ്ങളിലേക്കും വടക്കൻ ആഫ്രിക്കയിലേക്കുമുള്ള യൂണിസെഫ് പ്രതിനിധി എഡ്‌വേർഡ്‌ ബൈഗ്ബെഡർ (Edouard Beigbeder) പ്രസ്താവിച്ചു.

ദുരിതപൂർണ്ണമായ സാഹചര്യങ്ങൾ

തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സമാധാനപൂർണ്ണമായ സാഹചര്യത്തിനായി ഗാസായിലെ കുട്ടികൾ ഇനിയും കാത്തിരിക്കുകയാണെന്ന് ഓർമ്മിപ്പിച്ച ശിശുക്ഷേമനിധി, പ്രദേശത്തെ ജനങ്ങൾ ഗാസാ മുനമ്പിന്റെ മൂന്നിലൊന്ന് ഭാഗത്താണ് തിങ്ങിപ്പാർക്കുന്നതെന്ന് അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കും അവശിഷ്ടങ്ങൾക്കും മാലിന്യക്കൂമ്പാരങ്ങൾക്കുമിടയിലാണ് പലരും കഴിയുന്നത്. ഗാസായിലെ കുട്ടികൾ ഗുരുതരമായ പോഷകാഹാരക്കുറവും രോഗങ്ങളും ശുദ്ധജല ലഭ്യതക്കുറവും നേരിടുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്രനിയമങ്ങൾ പാലിക്കപ്പെടണം

ഗാസാ മുനമ്പിലുൾപ്പെടെ അന്താരാഷ്ട്രനിയമങ്ങൾ പാലിക്കപ്പെടണമെന്നും കുട്ടികൾക്ക് ആരോഗ്യപരിചരണം, വിദ്യാഭ്യാസം, ശുദ്ധജലം, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കണമെന്നും ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കുട്ടികളുടെ ജീവനുനേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കണമെന്നും, പ്രദേശത്ത് മാനവികസഹായമെത്തിക്കുന്നതിന് സൗകര്യമേർപ്പെടുത്തണമെന്നും ബൈഗ്ബെഡർ എഴുതി. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

06 ഓഗസ്റ്റ് 2026, 13:18