ലിയോ പതിനാലാമൻ പാപ്പായുടെ ആറാമത് വിദേശ അപ്പസ്തോലികയാത്ര നവംബറിൽ: ഉറുഗ്വായ്, അർജന്റീന, പെറു എന്നീ രാജ്യങ്ങൾ പരിശുദ്ധ പിതാവ് സന്ദർശിക്കും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പന്ത്രണ്ടു ദിവസങ്ങൾ നീളുന്ന പുതിയ അപ്പസ്തോലിക യാത്രയ്‌ക്കൊരുങ്ങി ലിയോ പതിനാലാമൻ പാപ്പാ. നവംബർ ആറുമുതൽ പതിനേഴ് വരെ തീയതികളിൽ നടക്കുന്ന ഈ ആറാമത് വിദേശ അപ്പസ്തോലിക യാത്രയിൽ, പരിശുദ്ധ പിതാവ് ഉറുഗ്വായ്, അർജന്റീന, പെറു എന്നീ തെക്കേ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് ഓഗസ്റ്റ് അഞ്ചാം തീയതി വത്തിക്കാൻ പ്രെസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി (Matteo Bruni) അറിയിച്ചു.
വൈവിധ്യമാർന്ന പത്തിടങ്ങളിലേക്ക്
ഈ മൂന്ന് രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരുടയും സഭാ നേതൃത്വങ്ങളുടയും ക്ഷണം സ്വീകരിച്ചുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ 2026 നവംബർ 6 മുതൽ 17 വരെ ഉറുഗ്വായ്, അർജന്റീന, പെറു എന്നിവിടങ്ങളിലേക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്ന് അറിയിച്ച പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ്, നവംബർ 6 മുതൽ 8 വരെ ഉറുഗ്വായിലെ മോന്തെവീദെയോ (Montevideo), പൈസാന്തൂ (Paysandú), ഫ്ലോറിഡ (Florida) എന്നിവിടങ്ങളും; നവംബർ 8 മുതൽ 11 വരെ അർജന്റീനയിലെ ബൊയ്നോസ് അയ്റെസ് (Buenos Aires), കോർദൊബ (Córdoba), ലുഹാൻ (Luján) എന്നിവിടങ്ങളും; നവംബർ 11 മുതൽ 17 വരെ പെറുവിലെ ലീമ (Lima), ചിക്ലായോ (Chiclayo), കൂസ്കോ (Cusco), പുക്കാൽപ (Pucallpa) എന്നിവിടങ്ങളും ഉൾപ്പെടെ പത്ത് സ്ഥലങ്ങളായിരിക്കും പരിശുദ്ധ പിതാവ് സന്ദർശിക്കുകയെന്ന് വിശദീകരിച്ചു. അതേസമയം യാത്രയൂടെ കൂടുതൽ വിശദവിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
വിശുദ്ധ ജോൺ പോൾ രണ്ടാമനുശേഷം ഉറുഗ്വായ് സന്ദർശിക്കുന്ന പാപ്പാ
നാൽപ്പതോളം വർഷങ്ങൾക്ക് മുൻപ് 1988-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ സന്ദർശിച്ച ഉറുഗ്വായിലേക്കാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയുടെ ആദ്യപാദമായി (നവംബർ 6 മുതൽ 8 വരെ) പാപ്പാ എത്തുക. ശതമാനക്കണക്കിൽ, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ കത്തോലിക്കാ ജനവിഭാഗം ഏറ്റവും കുറഞ്ഞ രാജ്യമാണിത്. ജനസംഖ്യയുടെ 36 ശതമാനത്തോളം മാത്രമാണ് ഇവിടുത്തെ കത്തോലിക്കർ. രാജ്യത്തെ കത്തോലിക്കാ വിശ്വാസികൾക്ക് പ്രിയപ്പെട്ടതും പ്രാദേശികസഭാവിശ്വാസത്തിന് പ്രധാനപ്പെട്ടതും "വിർഹെൻ ദേ ലോസ് ത്രെയ്ന്ത ഇ ത്രേസ്" (Virgen de los Treinta y Tres - മുപ്പത്തിമൂന്നിന്റെ കന്യക) എന്ന പേരിൽ അറിയപ്പെടുന്നതുമായ പരിശുദ്ധ അമ്മയുടെ തടിയിൽ തീർത്ത തിരുരൂപമുള്ള ഫ്ലോറിഡയിലെ കത്തീഡ്രൽ ദേവാലയവും പരിശുദ്ധ പിതാവ് സന്ദർശിക്കും.
ഫ്രാൻസിസ് പാപ്പായുടെ ജന്മനാട്ടിൽ ലിയോ പതിനാലാമൻ പാപ്പാ
ഉറുഗ്വായിലേക്കുള്ള സന്ദർശനത്തിന് ശേഷം, തന്റെ മുൻഗാമിയായ ഫ്രാൻസിസ് പാപ്പായുടെ ജന്മനാട്ടിലെത്തുന്ന പരിശുദ്ധ പിതാവ് (നവംബർ 8 മുതൽ 11 വരെ), ലൂഹാനിലെ പരിശുദ്ധ അമ്മയുടെ (Nuestra Señora de Luján) പേരിലുള്ള മരിയൻ തീർത്ഥാടന കേന്ദ്രവും സന്ദർശിക്കും. 1800-കളുടെ ആരംഭത്തിൽ നടന്ന ഒരു അത്ഭുതത്തിന്റെ പേരിലാണ് ഇവിടെയുള്ള മരിയൻ വണക്കം ആരംഭിച്ചത്.
പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ 12 വർഷങ്ങൾ നീണ്ട തന്റെ ഭരണകാലത്ത് വിവിധ കാരണങ്ങളാൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായ്ക്ക് അർജന്റീന സന്ദർശിക്കാൻ സാധിച്ചിരുന്നില്ല.
പെറു സന്ദർശിക്കുന്ന “പെറുക്കാരനായ പാപ്പാ”
പെറുവിലെ ആളുകൾ സ്നേഹപൂർവ്വം "പെറുക്കാരനായ പാപ്പാ" എന്ന് വിളിക്കുന്ന ലിയോ പതിനാലാമൻ പാപ്പായുടെ നവംബറിലെ അപ്പസ്തോലിക യാത്രയുടെ മൂന്നാം പാദം (നവംബർ 11 മുതൽ 17 വരെ) പെറുവിലേക്കുള്ള യാത്രയാണ്. ഫാ. റോബർട്ട് പ്രേവോസ്റ്റ് എന്ന അഗസ്റ്റീനിയൻ മിഷനറി വൈദികനായി എൺപതുകളിൽ പെറുവിലെത്തിയ ലിയോ പതിനാലാമൻ പാപ്പാ പിന്നീട് 2015 മുതൽ 2023 വരെ ചിക്ലായോ രൂപതയുടെ മെത്രാനായും ശുശ്രൂഷ ചെയ്തിരുന്നു. മെത്രാന്മാർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷനായി ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ നിയമിച്ചതോടെയാണ് മോൺസിഞ്ഞോർ പ്രേവോസ്റ്റ് പെറുവിൽനിന്ന് വത്തിക്കാനിലേക്ക് യാത്രയായത്.
അഞ്ച് വിദേശ അപ്പസ്തോലിക യാത്രകൾ
ഇതിന് മുൻപായി, തുർക്കി, ലെബനൻ എന്നിവടങ്ങളിലേക്ക് 2025 നവംബറിലും, മൊണാക്കോയിലേക്ക് കഴിഞ്ഞ മാർച്ചിലും, വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഏപ്രിൽ മാസത്തിലും, സ്പെയിനിലേക്ക് ജൂണിലും പരിശുദ്ധ പിതാവ് അപ്പസ്തോലിക യാത്ര നടത്തിയിരുന്നു. സെപ്റ്റംബർ മാസത്തിൽ പാപ്പാ ഫ്രാൻസിലേക്ക് തൻറെ അഞ്ചാമത് വിദേശ അപ്പസ്തോലിക യാത്ര നടത്തും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
