കുഞ്ഞുങ്ങളുടെ ജീവിതം ആരോഗ്യകരമാക്കാൻ വേണ്ടി മുലപ്പാൽ നൽകാൻ ആഹ്വാനവുമായി യുണിസെഫും ലോകാരോഗ്യ സംഘടനയും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കുഞ്ഞുങ്ങളുടെ ജീവനും ആരോഗ്യകരമായ വളർച്ചയും ഉറപ്പാക്കാൻ മുലപ്പാൽ നൽകുന്നത് അവഗണിക്കരുതെന്ന് ഓർമ്മിപ്പിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുണിസെഫും (UNICEF) ലോകാരോഗ്യ സംഘടനയും (WHO). ഓഗസ്റ്റ് 1 മുതൽ 7 വരെ ലോകമെമ്പാടും ആചരിക്കപ്പെടുന്ന മുലയൂട്ടൽ വാരത്തിന്റെ കൂടി പശ്ചാത്തതലത്തിലാണ്, ജൂലൈ 31 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു സംയുക്ത പത്രക്കുറിപ്പിലൂടെ ശിശുക്ഷേമനിധി ഡയറക്ടർ ജനറൽ കാതറിൻ റസ്സലും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. തെദ്രോസ് അദനോം ഗെബ്രിയേസസും ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.
ജനിച്ച് ആദ്യ ആറുമാസങ്ങളിൽ മുലപ്പാൽ ലഭിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തിൽ അടുത്തിടെ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് അറിയിച്ച ഐക്യരാഷ്ട്രസഭാസംഘടനകൾ, 2012-ലെ 37 ശതമാനത്തിൽനിന്ന് ഇന്ന് 47 ശതമാനത്തിലേക്ക് മുലപ്പാൽ ലഭിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഉയർന്നതായി വിശദീകരിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ മാത്രം, രണ്ടുവയസ്സുവരെ മുലപ്പാൽ ലഭ്യമാകുന്ന കുഞ്ഞുങ്ങളുടെ ശതമാനം 38-ൽനിന്ന് 50 ആയി ഉയർന്നുവെന്നും സംഘടനകൾ അറിയിച്ചു.
മുലയൂട്ടൽ ശിശുക്കൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ഗുരുതര രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ബൗദ്ധിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് തങ്ങളുടെ റിപ്പോർട്ടിൽ എഴുതിയ സംഘടനകൾ, മുലയൂട്ടൽ ഉറപ്പാക്കുന്നതിലൂടെ, പ്രതിവർഷം നാലുലക്ഷം കുഞ്ഞുങ്ങളുടെ മരണം ഒഴിവാക്കാനാകുമെന്ന് വ്യക്തമാക്കി. ഏതാണ്ട് ഒന്നരലക്ഷത്തോളം അമ്മമാരുടെ മരണം തടയാനും മുലയൂട്ടൽ സഹായകമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രസവകാല അവധി, ആരോഗ്യസംവിധാനങ്ങളുടെ പിന്തുണ, സമൂഹതല കൗൺസിലിംഗ്, മുലപ്പാലിന് പകരമുള്ള ഉത്പന്നങ്ങളുടെ വിപണനനിയന്ത്രണം എന്നിവ ശക്തിപ്പെടുത്തണമെന്ന് യുണിസെഫും ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടു. ഗർഭകാലം മുതൽ പ്രസവാനന്തര പരിചരണം വരെയുള്ള എല്ലാ ആരോഗ്യസേവനങ്ങളിലും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും ലഭ്യമാക്കണമെന്നും സംഘടനകൾ ഓർമ്മിപ്പിച്ചു.
മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനായി ചിലവഴിക്കുന്ന തുകയുടെ അൻപത്തിയൊൻപത് ഇരട്ടി സാമ്പത്തികലാഭം തിരികെ ലഭിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ട് രേഖപ്പെടുത്തി.
എല്ലാ രാജ്യങ്ങളും, മുലയൂട്ടലും, കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ ജീവിതാരംഭവും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള പദ്ധതികൾ സാമ്പത്തികസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭ്യമാക്കികൊണ്ട്, കൂടുതലായി ശക്തിപ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭാസംഘടനകൾ തങ്ങളുടെ പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
ഇറ്റലിയിൽ മാത്രം യുണിസെഫ്–ലോകാരോഗ്യ സംഘടനയുടെ ശിശുസൗഹൃദ പദ്ധതിയുടെ (Baby Friendly UNICEF-OMS) ഭാഗമായി 36 അംഗീകൃത ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും, 12 ശിശുസൗഹൃദ സമൂഹങ്ങളും, 1,100-ലധികം ബേബി പിറ്റ് സ്റ്റോപ്പ് കേന്ദ്രങ്ങളും കുടുംബങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് പ്രവർത്തിച്ചുവരുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.