അമേരിക്കയിലെ സ്വാതന്ത്ര്യവും ജനവൈവിധ്യവുമാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ
എദ്വാർദോ ഗിരിബാൾദി, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
അമേരിക്കയെക്കുറിച്ച് താൻ ഇഷ്ടപ്പെടുന്നത്, അവിടെ നിലനിൽക്കുന്ന സ്വാതന്ത്ര്യബോധവും, ഏവർക്കും ലഭിക്കുന്ന അവസരങ്ങളും, ലോകം മുഴുവനും നിന്നുള്ള ആളുകളെ സ്വീകരിക്കുന്നതിനുള്ള മനഃസ്ഥിതിയുമാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. അന്ത്രെയാ ബൊച്ചെല്ലി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കസ്തേൽ ഗന്തോൾഫോയിൽ നടന്ന "സമാധാനത്തിന്റെ ഗീതം" എന്ന സംഗീതപരിപാടിയുടെ അവസാനത്തിൽ എൻബിസി (NBC), റ്റെലെമൂന്തോ (Telemundo) ടെലിവിഷൻ ചാനലുകൾക്ക് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ ഹൃദയത്തിൽ അമേരിക്കയെക്കുറിച്ചുള്ള ചിന്ത എപ്രകാരമാണെന്ന് പാപ്പാ വിശദീകരിച്ചത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളെ ഒരൊറ്റ രാജ്യത്തിന്റെ ഭാഗമാക്കി സ്വീകരിച്ച പാരമ്പര്യമാണ് അമേരിക്കയുടേതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഗായകസംഘത്തിലുണ്ടായിരുന്ന വിവിധ രാജ്യക്കാരും മതക്കാരുമായ കുട്ടികളെക്കുറിച്ച് അഭിമുഖത്തിൽ പരാമർശിച്ച പാപ്പാ, "എന്തുകൊണ്ടാണ് സമാധാനത്തിന് പകരം യുദ്ധം? എന്തുകൊണ്ടാണ് സ്നേഹത്തിന് പകരം വെറുപ്പ്?" എന്ന മുതിർന്നവരോടുള്ള കുട്ടികളുടെ ചോദ്യങ്ങൾ നിരായുധീകരണത്തിലേക്ക് നയിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. എല്ലാ മനുഷ്യരും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവരാണെന്നും സമാധാനവും പരസ്പര സ്വീകരണവും വളർത്തിയെടുക്കാൻ കുട്ടികളിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. വ്യത്യാസങ്ങൾ മറികടന്ന് മനുഷ്യന്റെ മഹത്വം തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയിലേക്കും പാപ്പാ വിരൽ ചൂണ്ടി.
താൻ അമേരിക്കയിൽനിന്നുള്ളയാളാണ് എന്നതിനുപരി, ആഗോളസഭയുടെ ശുശ്രൂഷകനാണെന്ന യാഥാർത്ഥ്യം എടുത്തുകാണിച്ച പരിശുദ്ധ പിതാവ്, അമേരിക്കക്കാരനെന്ന നിലയിലെന്നതിലുപരി പാപ്പായെന്ന നിലയിലാണ് താൻ തന്നെത്തന്നെ കാണാൻ ഇഷ്ടപ്പെടുന്നതെന്നത്, തന്റെ ജന്മനാടിനോടുള്ള ബന്ധത്തെ കുറച്ചുകാണിക്കുന്നതിനല്ലെന്നും, ആഗോളസഭയുടെ ഇടയനെന്ന തന്റെ വിളിയും നിയോഗവും എടുത്തുകാണിക്കുന്നതിനാണെന്നും വിശദീകരിച്ചു. ആദ്യ അമേരിക്കൻ പാപ്പായാണ് താനെന്നത് ഓർമ്മിപ്പിക്കുന്നതാണ്, കഴിഞ്ഞ വർഷം മെയ് എട്ടുമുതലുള്ള അമേരിക്കക്കാരുടെ പ്രതികരണങ്ങൾ എന്ന് പാപ്പാ കൂട്ടിച്ചേർത്തു.
അമേരിക്കയുടെ സ്വാതന്ത്ര്യബോധവും അവസരസമത്വവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ സ്വാഗതം ചെയ്ത ചരിത്രവുമാണ് താൻ ഏറ്റവും വിലമതിക്കുന്നതെന്ന കാര്യത്തെക്കുറിച്ച് പരാമർശിച്ച പരിശുദ്ധ പിതാവ്, തന്റെ കുടുംബത്തിനും കുടിയേറ്റത്തിന്റെ പശ്ചാത്തലമുണ്ടെന്നും അമേരിക്ക ഉയർത്തിപ്പിടിച്ചിരുന്ന മൂല്യങ്ങൾ തുടർന്നും കാത്തുസൂക്ഷിക്കുമെന്നും പറഞ്ഞു.
അമേരിക്ക സന്ദർശിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയ പാപ്പാ, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവും ശ്രമങ്ങളും മുന്നോട്ട് വയ്ക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. അടുത്ത രണ്ട് വർഷത്തെ യാത്രാപരിപാടികൾ ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ലെന്നും, എന്നാൽ ഉടൻ അമേരിക്ക സന്ദർശിക്കാനാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
കുടിയേറ്റക്കാരെക്കുറിച്ച് പരാമർശിക്കവെ, അവരോട് പ്രത്യാശ കൈവിടരുതെന്നും നിയമാനുസൃതമായ ജീവിതം നയിക്കണമെന്നും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. കുറ്റകൃത്യങ്ങൾ ചെയ്യരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അത് സമാധാനപൂർണമായ ഒരു സമൂഹസൃഷ്ടിക്ക് ഉപകരിക്കില്ലെന്നും, സധൈര്യം, എന്നാൽ, പ്രത്യാശയോടെയും സമാധാനപൂർവ്വവും ജീവിക്കാനാണ് ഏവരും പരിശ്രമിക്കേണ്ടതെന്നും ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
