സംഘർഷങ്ങൾ മൂലം രണ്ടേകാൽ കോടിയിലധികം കുട്ടികൾ ദാരിദ്ര്യഭീഷണി നേരിടുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മദ്ധ്യപൂർവ്വദേശങ്ങളിൽ തുടരുന്ന സംഘർഷങ്ങളും, അതിന്റെ ഫലമായി ആഗോള തലത്തിൽ സാമ്പത്തികരംഗത്തുൾപ്പെടെ വിവിധ മേഖലകളിൽ ഉണ്ടാകുന്ന പ്രതിസന്ധികളും മൂലം രണ്ടുകോടി മുപ്പത്തിനാല് ലക്ഷത്തോളം കുട്ടികളാണ് ദാരിദ്ര്യഭീഷണി നേരിടാൻ പോകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. നിലവിലെ സംഘർഷങ്ങൾ കടൽവ്യാപാരപാതകളിലുണ്ടാക്കുന്ന തടസങ്ങളും ഇതിനെ ബാധിക്കുന്നുണ്ടെന്ന്, ഈ മേഖലയിൽ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിൽ ശിശുക്ഷേമനിധി അറിയിച്ചു.
167-ലധികം രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയ ഈ പഠനമനുസരിച്ച്, ഭക്ഷ്യവസ്തുക്കളുടെയും, വിവിധ ഇന്ധനങ്ങളുടെയും വിലവർധനയും, രാജ്യങ്ങൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്ന ശത്രുതയും ഹോർമുസ് കടലിടുക്ക് ഉപയോഗവുമായി ബന്ധപ്പെട്ട പ്രതിസന്ധികളും, കുടുംബങ്ങളുടെ വാങ്ങൽ ശേഷി ഗണ്യമായി കുറച്ചതായി യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു.
ആഗോളതലത്തിൽ രാജ്യങ്ങളും സാമ്പത്തികരംഗവും നേരിടുന്ന പ്രതിസന്ധികൾ ദാരിദ്ര്യ കുടുംബങ്ങളിലെ കുട്ടികളിൽ വലിയ ആഘാതമാണ് ഏൽപ്പിക്കുന്നതെന്നും, ഭക്ഷണത്തിനുപരി, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സാമൂഹികസേവനങ്ങൾ തുടങ്ങിയ മേഖലകളിലും കൂടുതൽ ബുദ്ധിമുട്ടേറിയ നിലയിലേക്കാണ് നയിക്കുന്നതെന്നും യൂണിസെഫ് അറിയിച്ചു.
ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളെയാണ് നിലവിലെ പ്രതിസന്ധി കൂടുതലായി ബാധിച്ചിരിക്കുന്നതെന്നും, മിതമായ സാമ്പത്തിക ആഘാതം പോലും രണ്ടു കോടിക്കടുത്ത് കുട്ടികളെ ദാരിദ്ര്യാവസ്ഥയിലേക്ക് നയിച്ചേക്കാമെന്നും, ശിശുക്ഷേമനിധി വിശദീകരിച്ചു.
സൊമാലിയയിൽ ഇന്ധനവില ഇരട്ടിയിലേറെയായതോടെ ഭക്ഷണം, വെള്ളം, ഗതാഗതം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയുടെ ചെലവ് കുത്തനെ ഉയർന്നു. എത്യോപ്യയിൽ ഡീസൽ വില മുപ്പത്തിയൊന്ന് ശതമാനം വർദ്ധിച്ചതിന്റെ ഭാഗമായി മാനവികസേവനവിഭാഗത്തിലെ ചിലവുകൾ അൻപത് മുതൽ എഴുപത് ശതമാനം വരെയാണ് വർദ്ധിച്ചിരിക്കുന്നത്. നൈജീരിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ വിലക്കയറ്റം മൂലം പ്രതിസന്ധി നേരിടുന്നുണ്ടെന്ന് യൂണിസെഫ് എഴുതി.
കുട്ടികളുടെ ഭാവി സംരക്ഷിക്കാൻ ഭക്ഷ്യ, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക സുരക്ഷാ മേഖലകളിലേക്ക് നൽകുന്ന ധനസഹായം വർദ്ധിപ്പിക്കണമെന്ന് യൂണിസെഫ് സർക്കാരുകളോടും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.