2025-ൽ ഒന്നേകാൽ കോടിയിലധികം കുട്ടികൾക്ക് പ്രതിരോധമരുന്നുകൾ ലഭിച്ചില്ലെന്ന് ലോകാരോഗ്യസംഘടനയും യൂണിസെഫും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ വർഷം ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷത്തോളം കുഞ്ഞുങ്ങൾക്ക് പ്രതിരോധമരുന്നുകൾ ലഭ്യമായില്ലെന്ന് ലോകാരോഗ്യസംഘടനയും യൂണിസെഫും. 2024-നെ അപേക്ഷിച്ച് പ്രതിരോധമരുന്നുകൾ ലഭ്യമാകുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവെങ്കിലും, ഒരു വയസ്സിൽ താഴെയുള്ള ലക്ഷക്കണക്കിന് കുട്ടികൾക്ക് ഇപ്പോഴും പ്രതിരോധമരുന്നുകളുടെ സംരക്ഷണം ലഭ്യമാകുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ജൂലൈ 15-ന് പുറത്തുവിട്ട ഒരു സംയുക്തറിപ്പോർട്ടിലൂടെ സംഘടനകൾ അറിയിച്ചു. ആദ്യ ഡോസ് വാക്സിനുകൾക്ക് ശേഷമുള്ള തുടർ വാക്സിനുകൾ എടുക്കാത്ത കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും സംഘടനകൾ കൂട്ടിച്ചേർത്തു.
2024-ൽ പ്രതിരോധമരുന്നുകൾ ലഭിച്ച കുട്ടികളുടെ എണ്ണത്തേക്കാൾ ഏഴര ലക്ഷത്തോളം കൂടുതൽ കുട്ടികൾക്ക് കഴിഞ്ഞ വർഷം വാക്സിനുകൾ ലഭ്യമായെന്ന് സംഘടനകൾ വ്യക്തമാക്കി. 2025-ൽ ലോകത്തെ 90 ശതമാനം ശിശുക്കൾക്ക് ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് (DTP) വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചപ്പോൾ, 85 ശതമാനം പേർ മൂന്ന് ഡോസുകളും പൂർത്തിയാക്കിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, പ്രതിരോധമരുന്നുകൾ ലഭിച്ച കുട്ടികളുടെ നിരക്ക്, കോവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന 2019-ലെ നിലവാരത്തേക്കാൾ ഇപ്പോഴും താഴെയാണെന്ന് സംഘടനകൾ തങ്ങളുടെ റിപ്പോർട്ടിൽ എഴുതി.
ആദ്യ ഡോസ് സ്വീകരിച്ചെങ്കിലും തുടർ ഡോസുകൾ പൂർത്തിയാക്കാൻ സാധിക്കാത്ത കുട്ടികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ടെന്ന് അറിയിച്ച ലോകാരോഗ്യസംഘടനയും യൂണിസെഫും, ഇതിന്റെ പ്രത്യാഘാതമായി അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ്പിന്റെ വ്യാപ്തി ആവശ്യമായ 95 ശതമാനത്തിൽ താഴെയായെന്നും, 2025-ൽ 57 രാജ്യങ്ങളിൽ വലിയ തോതിലുള്ള അഞ്ചാംപനി പടർന്നുപിടിച്ചുവെന്നും വിശദീകരിച്ചു.
സംഘർഷം, കുടിയൊഴിപ്പിക്കൽ, ദാരിദ്ര്യം എന്നിവയാണ് കുട്ടികൾക്ക് പ്രതിരോധമരുന്നുകൾ ലഭ്യമാക്കുന്നതിന് തടസ്സമായി നിൽക്കുന്ന പ്രധാന കാരണങ്ങളെന്ന് യുനിസെഫ് വ്യക്തമാക്കി. അതേസമയം, ഉയർന്ന വരുമാനമുള്ള ചില രാജ്യങ്ങളിൽ രാഷ്ട്രീയ പിന്തുണയുടെ കുറവും ആരോഗ്യ മേഖലയിലെ ഘടനാപരമായ പ്രശ്നങ്ങളും വാക്സിനുകൾക്കെതിരായ വർധിച്ചുവരുന്ന പ്രചാരണങ്ങളും വാക്സിനേഷൻ നിരക്ക് കുറയാൻ കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എല്ലാ കുട്ടികളിലേക്കും വാക്സിൻ എത്തിക്കുന്നതിനായി സർക്കാരുകളും ആഗോള പങ്കാളികളും കൂടുതൽ നിക്ഷേപവും ശക്തമായ പ്രവർത്തനവും ഉറപ്പാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.