സുഡാനിലെ അർ റഹാദ് മാർക്കറ്റിൽ ഡ്രോൺ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നിരവധി ജീവനുകളെടുത്ത് സുഡാനിൽ ഡ്രോൺ ആക്രമണം. വടക്കൻ കൊർദോഫാനിലെ (Kordofan) അർ റഹാദ് (Ar Rahad) മാർക്കറ്റിൽ കഴിഞ്ഞ ദിവസമുണ്ടായ ഡ്രോൺ ആക്രമണത്തിൽ നാല് പേര് കൊല്ലപ്പെടുകയും ഇരുപത്തിയാറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. ആറിനും പതിനാലിനും ഇടയിലുള്ള രണ്ട് കുട്ടികളും മുതിർന്ന രണ്ടു വ്യക്തികളുമാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറ് കുട്ടികൾക്കും ഇരുപതോളം മുതിർന്നവർക്കും സംഭവത്തിൽ പരിക്കേറ്റു.
സംഭവത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് നടത്തിയ ഒരു പ്രഖ്യാപനത്തിൽ സുഡാനിലേക്കുള്ള യൂണിസെഫ് പ്രാതിനിധി ഷെൽഡൺ യെറ്റ് (Sheldon Yett), സംഘർഷങ്ങളിലും സാധാരണ ജനജീവിതയിടങ്ങളിലും കുട്ടികളും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു. ദീർഘനാളുകളായി തുടരുന്ന സംഘർഷങ്ങളും ആക്രമണങ്ങളും മൂലം രാജ്യത്തെ മാനവികസഹായവിതരണം പ്രതിസന്ധിയിലാണെന്നും അദ്ദേഹം അറിയിച്ചു.
സംഘർഷങ്ങൾ കുട്ടികളുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഇതുപോലെയുള്ള ആക്രമണങ്ങളെന്ന് അഭിപ്രയപ്പെട്ട യൂണിസെഫ് പ്രതിനിധി, കുടുംബങ്ങൾ ഭക്ഷ്യസാധനങ്ങൾ വാങ്ങാനും ഉപജീവനമാർഗ്ഗങ്ങൾ കണ്ടെത്താനും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും എത്തുന്ന മാർക്കറ്റുകൾ മരണത്തിന്റെയും നാശത്തിന്റെയും വേദിയാകരുതെന്ന് ഓർമ്മിപ്പിച്ചു.
അൽ ഒബൈദിലും സമീപപ്രദേശങ്ങളിലും സംഘർഷങ്ങൾ രൂക്ഷമായത് അന്താരാഷ്ട്രശ്രദ്ധ നേടിയിരുന്നുവെന്നും, എന്നാൽ, കൊർദോഫാനിലെ സ്ഥിതിഗതികളും അതീവ ആശങ്കാജനകമാണെന്നും ശിശുക്ഷേമനിധി ചൂണ്ടിക്കാട്ടി. ദക്ഷിണ കോർഡോഫാനിലെ ഡില്ലിംഗ്, കടുഗ്ലി മേഖലകൾ, വടക്കൻ ദാർഫൂറിന്റെ ചില ഭാഗങ്ങൾ, സംഘർഷം വ്യാപിച്ചുകൊണ്ടിരിക്കുന്ന ബ്ലൂ നൈൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജനങ്ങൾ സുരക്ഷാപ്രതിസന്ധിയും കുടിയൊഴിപ്പിക്കൽ ഭീഷണിയും നേരിടുന്നുണ്ടനെനും സംഘടന വ്യക്തമാക്കി.
സംഘർഷബാധിതപ്രദേശങ്ങളിലെ കുട്ടികൾ വലിയ പ്രതിസന്ധികളാണ് നേരിടുന്നതെന്നും, തുടർച്ചയായ സംഘർഷങ്ങൾ, ആരോഗ്യസംരക്ഷണം ജലവിതരണസംവിധാനങ്ങൾ മാർക്കറ്റുകൾ എന്നിവയുടെ പ്രവർത്തനം താറുമാറാക്കുന്നുണ്ടെന്ന് സംഘടന അറിയിച്ചു.
സാധാരണ ജനങ്ങളെയും, അടിസ്ഥാനസൗകര്യങ്ങളും സംരക്ഷിക്കാനും അന്താരാഷ്ട്ര മാനവികനിയമങ്ങൾ പാലിക്കാനും, പ്രതിസന്ധികളെ നേരിടുന്നവരിലേക്ക് സുരക്ഷിതമായി മാനവികസഹായമെത്തിക്കാൻ വേണ്ട സഹകരണം ഉറപ്പാക്കാനും, കുട്ടികളുടെ ജീവൻ സുരക്ഷിതമാക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ നടത്താനും നടപടികൾ വേണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.