തിരയുക

"ആയുധരഹിതവും നിരായുധീകരിക്കുന്നതും: സമാധാനം ഒരു ദാനമാണ്" "ആയുധരഹിതവും നിരായുധീകരിക്കുന്നതും: സമാധാനം ഒരു ദാനമാണ്" 

ആയുധങ്ങളല്ല, നിരായുധീകരണമാണ് സമാധാനം കൊണ്ടുവരുന്നത്: ലിയോ പതിനാലാമൻ പാപ്പാ

പത്രോസിന്റെ പിൻഗാമിയായി 2025 മെയ് 8-ന് തിരഞ്ഞെടുക്കപ്പെട്ടതുമുതൽ, സമാധാനവുമായി ബന്ധപ്പെട്ട് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ നടത്തിയിട്ടുള്ള വിവിധ പ്രഭാഷണങ്ങളും സന്ദേശങ്ങളും അടിസ്ഥാനമാക്കി, "ആയുധരഹിതവും നിരായുധീകരിക്കുന്നതും: സമാധാനം ഒരു ദാനമാണ്" എന്ന പേരിൽ വത്തിക്കാനിലെ പുസ്തക പ്രസിദ്ധീകരണശാല ഒരു പുതിയ പുസ്തകം പുറത്തിറക്കുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സമാധാനവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ പാപ്പായുടെ നിലപാടുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് "ആയുധരഹിതവും നിരായുധീകരിക്കുന്നതും: സമാധാനം ഒരു ദാനമാണ്" എന്ന പേരിൽ ഉടൻ ഒരു പുസ്തകം പുറത്തിറങ്ങുമെന്ന് "ലിബ്റേറിയ എദിത്രീച്ചെ വത്തിക്കാന" (Libreria Editrice Vaticana - LEV) എന്ന വത്തിക്കാനിലെ പുസ്തക പ്രസിദ്ധീകരണശാല അറിയിച്ചു. താൻ പത്രോസിന്റെ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 2025 മെയ് 8 മുതൽ നാളിതുവരെ പാപ്പാ നടത്തിയിട്ടുള്ള പ്രസ്താവനകളെയും പ്രഭാഷണങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കും വിവിധ ഭാഷകളിൽ ഈ പുസ്തകം പുറത്തിറങ്ങുക.

അലെസ്സാന്ദ്രോ ബാൻഫി എഡിറ്റ് ചെയ്തിട്ടുള്ള ഈ പുസ്തകത്തിൽ, പരിശുദ്ധ പിതാവ് സമാധാനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഒരു ആമുഖവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിദ്ധീകരണശാല അറിയിച്ചു. സാങ്കേതിക, ആയുധ രംഗങ്ങളിൽ വലിയ നേട്ടങ്ങൾ കൈവന്നുവെന്ന് അഭിമാനിക്കുന്ന ഇക്കാലത്തും, ആയുധങ്ങളല്ല, നിരായുധീകരണമാണ് സമാധാനം സൃഷ്ടിക്കുന്നത് എന്ന ഉദ്ബോധനമാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്.

ഉത്ഥിതനായ ക്രിസ്തു നൽകുന്ന സമാധാനാശംസയെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് പാപ്പാ പുസ്തകത്തിന്റെ ആമുഖം ആരംഭിക്കുന്നത്. ഈയൊരു സമാധാനം ഉത്ഥിതൻ തന്റെ സുഹൃത്തുക്കൾക്കും ലോകം മുഴുവനുമായി നൽകുന്ന സമ്മാനമാണ്. ആയുധരഹിതനും നിരായുധീകരിക്കുന്നവനുമായ യേശു അനീതി ഏറ്റുവാങ്ങിയെന്നും, എന്നാൽ അവൻ ഉയിർത്തെഴുന്നേറ്റുവെന്നും പരിശുദ്ധപിതാവ് ഓർമ്മിപ്പിക്കുന്നുണ്ട്.

ഇന്ന് ലോകമെമ്പാടും നൂറ്റിമൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള യുദ്ധങ്ങളോ സായുധസംഘർഷങ്ങളോ നിലനിൽക്കുന്നുണ്ടെന്ന് എഴുതിയ പാപ്പാ, ഉക്രൈൻ, മദ്ധ്യപൂർവ്വദേശങ്ങൾ, സുഡാൻ, മ്യാന്മാർ, യമൻ, കോംഗോ തുടങ്ങിയ ഇടങ്ങൾ പ്രത്യേകമായി പരാമർശിച്ചു. സമാധാനം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്നും, അത് മറ്റുള്ളവർക്കെതിരെ കുറ്റപ്പെടുത്തലോ വിധിപ്രസ്താവനകളോ നടത്തുന്നതിലൂടെയല്ല, സ്വന്തം ജീവിതത്തിൽനിന്നാണ് ആരംഭിക്കേണ്ടതെന്നും, ആരും യുദ്ധം നടത്തുന്നത് യുദ്ധത്തിന് വേണ്ടിയല്ലെന്നും എഴുതുന്ന പാപ്പാ, ആത്യന്തികമായി എല്ലാവരും നീതിക്കും സമാധാനത്തിനും വേണ്ടിയാണ് അഭിലഷിക്കുന്നതെന്ന് യുദ്ധങ്ങൾക്ക് കാരണമാകുന്നവർക്ക് ഉൾപ്പെടെ ഏവർക്കും അറിയാമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട്.

ലോകത്തിലെ വിവിധ യുദ്ധരംഗങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്ന പാപ്പാ, ഹിരോഷിമ, നാഗസാക്കി ദുരന്തങ്ങൾ, സോവിയേറ്റ് യൂണിയന്റെ സ്റ്റാനിസ്ലാവ് പെട്രോവ് എന്ന സൈനിക ഉദ്യോഗസ്ഥൻ 1983 സെപ്റ്റംബർ 26-ന് എടുത്ത ഒരു തീരുമാനത്തിലൂടെ ന്യൂക്ലിയർ യുദ്ധം ഒഴിവാക്കിയത് തുടങ്ങിയ സംഭവങ്ങൾ പ്രത്യേകമായി പരാമർശിക്കുന്നുണ്ട്. അമേരിക്കൻ മിസൈലുകൾ എത്തുന്നുവെന്ന് സോവിയറ്റ് ഉപഗ്രഹങ്ങൾ തെറ്റായി നൽകിയ വിവരമനുസരിച്ച് പെട്രോവ് പ്രവർത്തിക്കാതിരുന്നത്, ദശലക്ഷക്കണക്കിന് മരണങ്ങളാണ് ഒഴിവാക്കിയത്. ഒരു തിരിച്ചുപോക്ക് എളുപ്പമല്ലാത്തതാക്കുന്ന സാഹസമാണ് യുദ്ധമെന്ന്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായെ അധികരിച്ച് ലിയോ പതിനാലാമൻ പാപ്പാ ഓർമ്മിപ്പിക്കുന്നു.

അണുവായുധങ്ങൾ പോലെയുള്ള സങ്കീർണ്ണമായ യുദ്ധസംവിധാനങ്ങളുള്ള ആധുനിക ലോകത്ത്, ആയുധങ്ങളല്ല, നിരായുധീകരണമാണ് സമാധാനം സൃഷ്ടിക്കുന്നതെന്ന് ലോകം തിരിച്ചറിയേണ്ടതുണ്ടെന്ന് പാപ്പാ എഴുതി. ആഗോളരംഗത്തെ ആയുധശേഖരണവും സൈബർ സാങ്കേതിക വിദ്യയുമുൾപ്പെടെയുള്ള യാഥാർത്ഥ്യങ്ങൾ, മാനവരാശിയുടെ ഭാവിയെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങളാണുയർത്തുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

അഹിംസയുടെ മാർഗ്ഗത്തിലൂടെ ദൈവം നമ്മെ നയിക്കട്ടെയെന്നും, വിശ്വാസികളും സന്മനസ്സിന് ഉടമകളായ മനുഷ്യരും സമാധാനസ്ഥാപനശ്രമങ്ങളുമായി മുന്നോട്ടുപോകട്ടെയെന്നും ഏവരും സമാധാനം തങ്ങളുടെ ജീവിതലക്ഷ്യമാക്കി കാണട്ടെയെന്നും പുസ്തകത്തിന് ആമുഖമായി എഴുതിയ സന്ദേശത്തിൽ പരിശുദ്ധ പിതാവ് ആശംസിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

21 ജൂലൈ 2026, 13:25