റഷ്യ-ഉക്രൈൻ സംഘർഷം: ഉക്രൈനിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയരുന്നുവെന്ന് സേവ് ദി ചിൽഡ്രൻ
ദേബൊറ കസ്‌തെയ്യാനോ ലൂബോവ്, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
റഷ്യ ഉക്രൈനിൽ നടത്തുന്ന ആക്രമണങ്ങളുടെ ഇരകളാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയരുന്നുവെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന. 2022 ഏപ്രിലിന് ശേഷം, യുദ്ധത്തിന്റെ ഇരകളാകുന്ന കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതൽ ഉണ്ടായത് 2026 ജൂൺ മാസത്തിലാണെന്ന് അറിയിച്ച സംഘടന, ഐക്യരാഷ്ട്രസഭയിലെ കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള സംഘടനയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസത്തിൽ മാത്രം 123 കുട്ടികൾ ആക്രമണങ്ങളുടെ ഇരകളായെന്ന് വ്യക്തമാക്കി. ഇവരിൽ ഏഴ് കുട്ടികൾ കൊല്ലപ്പെട്ടുവെന്നും, 116 പേർക്ക് പരിക്കേറ്റുവെന്നും സംഘടന വിശദീകരിച്ചു. 2022 ജൂലൈയിൽ ആക്രമണത്തിന്റെ ഇരകളായത് 209 കുട്ടികളായിരുന്നു.
റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഇരകളാകുന്ന കുട്ടികളെ ലോകം അവഗണിക്കുകയോ മറന്നുകളയുകയോ ചെയ്യരുതെന്നും, അവരെ സംരക്ഷിക്കാനും ഗുരുതരമായ ഈ ലംഘനങ്ങൾ അവസാനിപ്പിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഉക്രൈനിലേക്കുള്ള സേവ് ദി ചിൽഡ്രൻ പ്രാതിനിധി സോണിയ ഖുഷ് ഓർമ്മിപ്പിച്ചു.
2014 മുതൽ ഉക്രൈനിൽ പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ സംഘടന, 2022 ഫെബ്രുവരിയിൽ റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന്, രാജ്യത്തെ തങ്ങളുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിച്ചതായി അറിയിച്ചു. ഇതിനോടകം ഏതാണ്ട് 47 ലക്ഷത്തിലധികം ആളുകളിലേക്ക് തങ്ങളുടെ സഹായങ്ങൾ എത്തിക്കാനായിട്ടുണ്ടെന്നും, അവരിൽ 19 ലക്ഷവും കുട്ടികളായിരുന്നുവെന്നും വിശദീകരിച്ച സംഘടന, നാലര ലക്ഷത്തോളം കുട്ടികൾക്ക് വിദ്യാഭ്യാസസഹായങ്ങൾ നൽകാനായതായും അവകാശപ്പെട്ടു.
അടുത്തിടെയായി ഉക്രൈനിലെ പാർപ്പിടസമുച്ചയങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, അവയിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവെന്നും സംഘടന റിപ്പോർട്ട് ചെയ്തു. സമീപകാലത്ത് ഉക്രൈനുനേരെയുള്ള ആക്രമണങ്ങൾ കൂടുതൽ ശക്തമായിട്ടുണ്ടെന്ന് സംഘടനാ പ്രതിനിധി ഖുഷ് അറിയിച്ചു.
നാളിതുവരെ സ്ഫോടനങ്ങളിൽനിന്ന് രക്ഷനേടാനായി രണ്ടു ഭിത്തികളുടെ സംരക്ഷണമുള്ളയിടങ്ങളിലാണ് ആളുകൾ അഭയം കണ്ടെത്തിയിരുന്നതെന്നും, എന്നാൽ കൂടുതൽ ശക്തമായ മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ആരംഭിച്ചതോടെ, ഈ ഇടങ്ങളും, ഭൂഗർഭ പാർക്കിങ് കേന്ദ്രങ്ങളും പോലും സുരക്ഷിതമല്ലാതായതായിട്ടുണ്ടെന്ന് സേവ് ദി ചിൽഡ്രൻ പ്രതിനിധി കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.