ഇറാനും അമേരിക്കയും ആക്രമണങ്ങൾ ശക്തമാക്കിയതോടെ ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു
വത്തിക്കാൻ ന്യൂസ്
ഗൾഫ് മേഖലയിലുൾപ്പെടെ സാധാരണ ജനജീവിതത്തിനും സാമ്പത്തികസ്ഥിതിക്കും പ്രതികൂലമാകുന്ന വിധത്തിൽ ഇറാൻ-അമേരിക്ക ആക്രമണങ്ങൾ രൂക്ഷമായി തുടരുന്നു. ഇറാൻ ചർച്ചകൾക്ക് തയ്യാറാകാത്ത പക്ഷം, ഇറാനെതിരെയുള്ള ആക്രമണങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിൽ, തങ്ങളുടെ ഊർജ്ജോത്പാദന നിലയങ്ങൾക്കോ പാലങ്ങൾക്കോ നേരെ അമേരിക്ക ആക്രമിച്ചാൽ, പശ്ചിമേഷ്യയിലുടനീളമുള്ള അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെ തങ്ങൾ രൂക്ഷമായ ആക്രമണം നടത്തുമെന്ന് ഇറാന്റെ പരമോന്നത സൈനികനേതൃത്വം മറുപടി നൽകി.
ഗൾഫ് മേഖലയിലെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ പുതിയ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജോർദാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ ആക്രമിച്ചതായി ടെഹ്റാൻ അറിയിച്ചു. അതേസമയം, ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കയുടെ ആക്രമണം തുടരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.
യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട പ്രാഥമിക ധാരണ നിലനിൽക്കുന്നതിനിടെയാണ് തുടർച്ചയായ ആറാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന നിരപരാധികളായ കപ്പൽയാത്രികരെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ ശേഷി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ഇടങ്ങളിൽ ആറു മണിക്കൂർ നീണ്ട വ്യോമാക്രമണം നടത്തിയതായി അമേരിക്കൻ സൈന്യം അറിയിച്ചു.
പ്രദേശത്ത് സംഘർഷം രൂക്ഷമാകുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്ട്രസഭാ ജനറൽ സെക്രെട്ടറി അന്തോണിയോ ഗുത്തേരെസ് (António Guterres), ആക്രമണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും ഉടൻ സംഘർഷം അവസാനിപ്പിക്കുന്നതിനും, സംവാദത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങുന്നതിനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു.
ആഗോള എണ്ണ-വാതക ഗതാഗതത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിലെ ചരക്കുഗതാഗത അവകാശങ്ങൾ പൂർണമായി പുനഃസ്ഥാപിക്കണമെന്ന് ഐക്യരാഷ്ട്രസഭാ ജനറൽ സെക്രെട്ടറി ആവശ്യപ്പെട്ടു. കടൽയാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കാനുമായി എല്ലാ കക്ഷികളോടും സംയമനം പാലിക്കാൻ അന്താരാഷ്ട്ര സമുദ്ര സംഘടനയും (International Maritime Organization) ആഹ്വാനം ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.