നിക്കരാഗ്വയിൽ തിരഞ്ഞെടുപ്പ് നടത്തില്ലെന്ന തീരുമാനത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നിക്കരാഗ്വയിൽ ഇനി തിരഞ്ഞെടുപ്പ് നടത്തില്ലെന്ന പ്രസിഡന്റ് ദാനിയേൽ ഒർത്തേഗയുടെ (Daniel Ortega) തീരുമാനത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. നിക്കരാഗ്വയിലെ പൗര-രാഷ്ട്രീയ അവകാശങ്ങൾക്കു മേലുള്ള പുതിയ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്നും പൗരസമൂഹത്തിന് പ്രവർത്തനസ്വാതന്ത്ര്യം ഉറപ്പാക്കി നിയമവാഴ്ച പുനഃസ്ഥാപിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടുർക്ക് (Volker Türk) രാജ്യത്തെ അധികൃതരോട് ആവശ്യപ്പെട്ടു.
അതേസമയം, പ്രസിഡന്റ് ഒർത്തേഗയുടെ തീരുമാനങ്ങൾ നിയമമാക്കുന്നതിനായി ജൂലൈ അവസാനത്തോടെ പാർലമെന്റിൽ ഭരണഘടനാ ഭേദഗതി അവതരിപ്പിക്കുമെന്ന് ദേശീയ അസംബ്ലി അധ്യക്ഷൻ ഗുസ്താവോ പോറാസ് (Gustavo Porras) അറിയിച്ചു. നിക്കരാഗ്വയിലെ ഭരണമേഖലയിൽ വിദേശ ഇടപെടലുകൾ തടയുന്നതിനും "നിക്കരാഗ്വയിലെ ജനത്തിന്റെ ജനാധിപത്യം" സംരക്ഷിക്കുന്നതിനുമാണ് ഈ നടപടിയെന്ന് പോറാസ് വിശദീകരിച്ചു. തെരഞ്ഞെടുപ്പ് എപ്പോൾ, എങ്ങനെ നടത്തണമെന്നത് രാജ്യത്തെ ജനങ്ങളാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുകൾ നിറുത്തലാക്കാനുള്ള തീരുമാനം
1979-ലെ സാൻഡിനിസ്റ്റ് വിപ്ലവത്തിന്റെ നാല്പത്തിയേഴാം വാർഷിക ചടങ്ങിലാണ്, ഇനി എതിരാളികൾക്ക് അധികാരം പിടിക്കാനുള്ള അവസരം നൽകുന്ന തെരഞ്ഞെടുപ്പുകൾ ഉണ്ടാകില്ലെന്ന് ഒർത്തേഗ പ്രഖ്യാപിച്ചത്. 2027 നവംബറിൽ അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരിക്കെയാണ് പ്രസിഡന്റ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
2007 മുതൽ ഭരണനേതൃത്വത്തിലായിരിക്കുന്ന എൺപത്തിനാലുകാരനായ പ്രസിഡന്റ് ഒർത്തേഗ, 2021-ലെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ നേതാക്കളെയും വ്യവസായ പ്രമുഖരെയും അറസ്റ്റ് ചെയ്യിപ്പിച്ചതും ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്തിയതും വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
സാൻഡിനിസ്റ്റ് പാർട്ടിയുടെ കൈകളിൽ അധികാരം കൂടുതൽ കേന്ദ്രീകരിക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണ് ഇലക്ഷൻ നിറുത്തലാക്കാനുള്ള നീക്കമെന്ന്, 2021-ലെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ഹുവാൻ സെബസ്ത്യാൻ ചമോറോ (Juan Sebastián Chamorro) ആരോപിച്ചു. 2007-ൽ തടവിലാക്കപ്പെട്ടിരുന്ന അദ്ദേഹം 2023-ലാണ് ജയിൽ മോചിതനായത്.
2018 മുതൽ നിക്കരാഗ്വയിൽ നിരവധി മതസംഘടനകളുൾപ്പെടെ 5,000-ത്തിലധികം സംഘടനകൾ നിരോധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം തന്റെ ഭാര്യ റൊസാറിയോ മുറിയ്യോയെ സഹ പ്രസിഡന്റായി പ്രസിഡന്റ് ഒർത്തേഗ നിയമിച്ചിരുന്നു. 2026 ജൂലൈ മാസത്തിൽ ഒർത്തേഗ-മുറിയ്യോ ഗവണ്മെന്റ് നിരവധി അഡ്വക്കേറ്റുമാരുടെ ലൈസൻസുകൾ പിൻവലിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.