വെനിസ്വേല: ഭൂകമ്പങ്ങൾക്ക് ഒരു മാസത്തിനിപ്പുറവും ആയിരക്കണക്കിന് കുട്ടികൾ ദുരിതത്തിലെന്ന് ശിശുക്ഷേമനിധി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇരട്ട വൻ ഭൂകമ്പങ്ങൾ ദുരിതത്തിലാക്കിയ വെനിസ്വേലയിൽ ഒരു മാസത്തിനിപ്പുറവും ലക്ഷക്കണക്കിന് ആളുകൾ ദുരിതാവസ്ഥയിലാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ജൂൺ മാസം 24 ന് ഉണ്ടായ ഈ ദുരന്തത്തിൽ 5.390-ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നുവെന്നും, 16.700-ലധികം പേർക്ക് പരിക്കേറ്റിരുന്നുവെന്നും ജൂലൈ 24 വെള്ളിയാഴ്ച പുറത്തുവിട്ട തങ്ങളുടെ പത്രക്കുറിപ്പിലൂടെ ശിശുക്ഷേമനിധി അറിയിച്ചു.
വെനിസ്വേലയുടെ മധ്യ-വടക്കൻ തീരപ്രദേശങ്ങളെ നടുക്കിയ ഇരട്ട ഭൂകമ്പങ്ങൾക്ക് ഒരു മാസത്തിന് ശേഷവും ഈ പ്രദേശങ്ങളിലെ കുട്ടികളും കുടുംബങ്ങളും ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് മുക്തരായിട്ടില്ലെന്ന് യുണിസെഫ് എഴുതി. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രതകൾ രേഖപ്പെടുത്തിയ ഇരട്ടഭൂകമ്പങ്ങൾക്ക് ശേഷം, പ്രദേശത്ത് 1,400-ലധികം തുടർചലനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.
ഈ ഭൂകമ്പങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരിൽ 1.69 ലക്ഷം കുട്ടികളുൾപ്പെടെ 4.7 ലക്ഷം ആളുകളിലേക്ക്, ആരോഗ്യസംരക്ഷണം, പോഷകാഹാരം, ശുദ്ധജലം, ശുചിത്വം, വിദ്യാഭ്യാസം, ശിശുക്കളുടെയും കുട്ടികളുടെയും സംരക്ഷണം എന്നിവ ഉൾപ്പെടുന്ന മേഖലകളിൽ തങ്ങൾ അടിയന്തര സഹായങ്ങൾ എത്തിക്കുന്നുണ്ടെന്ന് അറിയിച്ച ശിശുക്ഷേമനിധി, ഇതിനോടകം 82 ടണ്ണിലധികം അടിയന്തര സഹായ സാമഗ്രികൾ വിതരണം ചെയ്തതായി അറിയിച്ചു.
ഭൂകമ്പങ്ങളുണ്ടാക്കിയ ഭൗതികമായ നാശനഷ്ടങ്ങൾക്ക് പുറമെ, കുഞ്ഞുങ്ങളുൾപ്പെടെയുള്ള ആളുകളിൽ അവയുണ്ടാക്കിയ ഭീതിയും മാനസികസംഘർഷവും ഏറെ വലുതാണെന്നും, അവ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ നീണ്ടുനിൽക്കുന്ന പ്രതികൂലഫലങ്ങൾ ഉണ്ടാക്കുമെന്നും രാജ്യത്തേക്കുള്ള യൂണിസെഫ് പ്രതിനിധി മാനുവൽ റൊഡ്രീഗസ് പുമറോൾ (Manuel Rodriguez Pumarol) പ്രസ്താവിച്ചു. 23,100-ഓളം ആളുകൾ ഇപ്പോഴും താത്കാലിക ക്യാമ്പുകളിലാണ് കഴിയുന്നതെന്ന് സംഘടന വ്യക്തമാക്കി.
ഭൂകമ്പത്തിൽ 856 കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടായതായും അവയിൽ 190 എണ്ണം പൂർണ്ണമായും തകർന്നുവെന്നും യൂണിസെഫ് അറിയിച്ചു. നിരവധി ആരോഗ്യപരിപാലനകേന്ദ്രങ്ങളും സ്‌കൂളുകളും തകർന്നിട്ടുണ്ട്. ക്യാമ്പുകളിലുള്ള കുട്ടികൾ കുടുംബങ്ങളിൽനിന്നുള്ള വേർപാട് മൂലം മാനസിക സമ്മർദം, അക്രമം, ചൂഷണം, തുടങ്ങിയ ഗുരുതര വെല്ലുവിളികൾ നേരിടുന്നതായും യുണിസെഫ് മുന്നറിയിപ്പ് നൽകി.
ഒരുലക്ഷത്തി എഴുപത്തിനായിരത്തോളം കുട്ടികളുൾപ്പെടെ അഞ്ചുലക്ഷത്തോളം ആളുകൾക്ക് തങ്ങൾ സഹായമെത്തിക്കുന്നുണ്ടെന്ന് അറിയിച്ച ശിശുക്ഷേമനിധി, ദുരന്തബാധിതപ്രദേശങ്ങളിലെ കുട്ടികളുടെ ഭാവി സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ തുടർച്ചയായ സാമ്പത്തിക പിന്തുണ അനിവാര്യമാണെന്നും, വരും മാസങ്ങളിൽ 65.7 ദശലക്ഷം ഡോളറിന്റെ ധനസഹായം ആവശ്യമായി വരുമെന്നും ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.