ലിയോ പതിനാലാമൻ പാപ്പായുടെ ബഹുമാനാർത്ഥം സംഗീതവിരുന്നൊരുക്കി അൽബാനോ രൂപത
വത്തിക്കാന്‍ ന്യൂസ്
ലിയോ പതിനാലാമൻ പാപ്പായുടെ ബഹുമാനാർത്ഥം സംഗീതപരിപാടി സംഘടിപ്പിച്ച് അൽബാനോ രൂപത. വേനലവധിയുടെ ഭാഗമായി റോമിന് പുറത്തുള്ള കാസ്തെൽ ഗാന്തോൾഫോയിലെ (Castel Gandolfo) വേനൽക്കാല വസതിയിലെത്തിയ പരിശുദ്ധ പിതാവിനെ ആദരിക്കുന്നതിന്റെ ഭാഗമായി ജൂലൈ 18 ശനിയാഴ്ച വൈകുന്നേരം ഒൻപതുമണിക്കായിരിക്കും അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച് ഈ സംഗീതവിരുന്ന് നടക്കുക.
പരിശുദ്ധ പിതാവിന്റെ സാന്നിധ്യം പ്രാദേശിക സഭയ്ക്കും വിശ്വാസിസമൂഹത്തിനും വലിയ സന്തോഷം നൽകുന്നതാണെന്ന് അൽബാനോ രൂപതാദ്ധ്യക്ഷനും, മുൻ പൊന്തിഫിക്കൽ ഉർബാനിയൻ കോളേജ് റെക്ടറുമായ ബിഷപ് വിൻചെൻസോ വിവ (Msgr. Vincenzo Viva) പറഞ്ഞു. പരിപാടി യാഥാർത്ഥ്യമാക്കാൻ പിന്തുണ നൽകുന്ന പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്ച്ചറിനും, അതിലെ പ്രവർത്തകർക്കും, സംഗീതവിരുന്നുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾക്കും കലാകാരന്മാർക്കും വിവിധ സംഘാടകർക്കും അദ്ദേഹം നന്ദി അറിയിച്ചു.
പാപ്പായോടുള്ള സ്നേഹത്തിന്റെയും സഭൈക്യത്തിന്റെയും അടയാളം കൂടിയാണ് പരിശുദ്ധ പിതാവിന്റെ സാന്നിദ്ധ്യത്തിൽ നടത്തപ്പെടുന്ന ഈ സംഗീതവിരുന്ന്. പരിപാടിക്കുള്ള എല്ലാ ടിക്കറ്റുകളും ഇതിനകം വിതരണം ചെയ്തുകഴിഞ്ഞുവെന്ന് സംഘാടകർ അറിയിച്ചു.
നിക്കോളോ പഗനീനിയുടെ വയലിനുപയോഗിച്ചുള്ള കൺസേർട്ട്, ഓർക്കസ്ട്ര നമ്പർ 3-ലെ "ല പൊളാക്ക"യോടെയാണ് സംഗീതപരിപാടി ആരംഭിക്കുക. ലോകപ്രശസ്ത വയലിനിസ്റ്റ് മാർക്കോ റൊല്യാനോയായിരിക്കും ഇത് അവതരിപ്പിക്കുക. തുടർന്ന് പിയാനിസ്റ്റ് റൊസാന തൊമാസ്സി ഗോൽക്കർ, വിഞ്ചെൻസോ ബെല്ലിനിയുടെ പ്രശസ്ത സൃഷ്ടിയായ "നോർമ"യെ ആസ്പദമാക്കി ഓസ്കർ ജേതാവായ സംഗീതസംവിധായകൻ ലൂയിസ് ബകലോവ പുനഃസൃഷ്ടിച്ച "നോർമ: ആൻ ഇമെൻസ് ലവ് സ്റ്റോറി – ഫ്രീ ഫാന്റസി ആൻഡ് വേരിയേഷൻസ് ഫോർ പിയാനോ ആൻഡ് ഓർക്കസ്ട്ര" അവതരിപ്പിക്കും.
55 അംഗങ്ങളുള്ള "ഇ മുസിച്ചി ദി പാർമ" ഓർക്കസ്ട്ര കലാകാരന്മാരെ അനുഗമിക്കും. 2006 മുതൽ ബ്രെഷ്യ-ബെർഗാമോ അന്താരാഷ്ട്ര പിയാനോ ഫെസ്റ്റിവലിന്റെ കലാസംവിധായകനും ലൂക്ക മറെൻസിയോ കൺസർവേറ്ററിയിലെ ഓർക്കസ്ട്രാ പ്രൊഫസറുമായ പിയർ കാർലോ ഒറീത്സിയോ ഓർക്കസ്ട്രയെ നയിക്കും. ബെല്ലിനിയുടെ കൃതിയുടെ അവതരണത്തിനൊപ്പം ഓപ്പറയിലെ പ്രധാന നാടകീയ മുഹൂർത്തങ്ങൾ ദൃശ്യാവിഷ്കാരമായി അവതരിപ്പിക്കപ്പെടും. ഫബ്രിനി ശേഖരത്തിലുള്ള ബെക്സ്റ്റൈൻ ഗ്രാൻഡ് പിയാനോയാണ് പരിപാടിയിൽ ഉപയോഗിക്കപ്പെടുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
