കുടിയിറക്കപ്പെട്ടവർക്കായുള്ള ക്യാമ്പിൽനിന്നുള്ള ഒരു ദൃശ്യം കുടിയിറക്കപ്പെട്ടവർക്കായുള്ള ക്യാമ്പിൽനിന്നുള്ള ഒരു ദൃശ്യം  

ലെബനൻ നൂറിലധികം ദിവസങ്ങളായി നേരിടുന്ന ആക്രമണങ്ങളിൽ 247 കുട്ടികൾ കൊല്ലപ്പെട്ടു: യൂണിസെഫ്

ലെബനന് നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനമില്ലാത്ത തുടരുമ്പോൾ, നാളിതുവരെ 247 കുട്ടികൾ കൊല്ലപ്പെട്ടുവെന്നും 992 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ജൂൺ 17-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് രാജ്യത്തെ കുട്ടികളുടെ ദുരിതാവസ്ഥയെക്കുറിച്ച് സംഘടന അറിയിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ മൂന്ന് മാസങ്ങളായി തുടരുന്ന കടുത്ത ആക്രമണങ്ങൾ മൂലം ലബനനിലെ കുട്ടികൾ തികച്ചും ദുരിതപൂർണ്ണമായ അവസ്ഥയെയാണ് നേരിടുന്നതെന്നും, നാളിതുവരെ രാജ്യത്ത് 247 കുട്ടികൾ കൊല്ലപ്പെട്ടുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കഴിഞ്ഞ നൂറിലധികം ദിനങ്ങളിലായി നടന്ന ആക്രമണങ്ങളിൽ 992 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ജൂൺ 17 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലോടെ ശിശുക്ഷേമനിധി അറിയിച്ചു. നിരവധി കുട്ടികൾ കുടിയൊഴിയാൻ നിർബന്ധിതരായിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

കഴിഞ്ഞ മാർച്ച് 2 തിങ്കളാഴ്ച ആരംഭിച്ച സംഘർഷങ്ങളും ആക്രമണങ്ങളും നിമിത്തം ദിനം പ്രതി 12 കുട്ടികളെങ്കിലും കൊല്ലപ്പെടുകയോ ഗുരുതരമായ പരിക്കുകൾക്ക് ഇരകളാകുകയോ ചെയ്തിട്ടുണ്ടെന്ന് ശിശുക്ഷേമനിധി എഴുതി. മരണമടഞ്ഞവരും പരിക്കേറ്റവരുമായ കുട്ടികളുടെ സംഖ്യ വർദ്ധിച്ചുവരുന്നു എന്നതിനുമപ്പുറം, തങ്ങളുടെ ബാല്യം തകർത്തെറിയപ്പെട്ട ഒരു തലമുറയാണ് രാജ്യത്ത് വളർന്നുവരുന്നതെന്ന് സംഘടന ഓർമ്മിപ്പിച്ചു.

രാജ്യത്തെ സംഘർഷങ്ങളും രാജ്യം നേരിടുന്ന ആക്രമണങ്ങളും എത്രയും പെട്ടന്ന് അവസാനിക്കട്ടെയെന്ന് ആശംസിച്ച ഐക്യരാഷ്ട്രസഭാസംഘടന, കുട്ടികൾക്ക് സംരക്ഷണത്തിന്റെയും തുടർച്ചയായ പിന്തുണയുടെയും, സുരക്ഷിതമായ ഒരു ഭാവിയുടെയും ആവശ്യമുണ്ടെന്ന് ഓർമ്മപ്പെടുത്തി.

രാജ്യത്തിന്റെ അനേകയിടങ്ങളിൽ നാശനഷ്ടങ്ങളുടെ ചിത്രമാണ് നമുക്ക് കാണാനാകുകയെന്നും, വീടുകൾക്ക് പുറമെ, പൊതുമേഖലാസ്ഥാപനങ്ങളും സ്‌കൂളുകളും ആവശ്യസേവനങ്ങൾ ഉറപ്പാക്കേണ്ട ഇടങ്ങൾ പോലും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി.

ലബനനിൽ ഏതാണ്ട് ഏഴേമുക്കാൽ ലക്ഷത്തോളം കുട്ടികളാണ് തുടർച്ചയായ ആക്രമണങ്ങളും, പ്രിയപ്പെട്ടവരുടെ വിയോഗവും, കുടിയിറക്കപെടലും മൂലം കടുത്ത ദുരിതമനുഭവിക്കുന്നതെന്ന് യൂണിസെഫ് അറിയിച്ചു. രാജ്യം നേരിടുന്ന ആക്രമങ്ങളെ അതിജീവിക്കുക എന്നത് മാത്രമല്ല ആവശ്യമെന്നും, അവയെ മറികടന്നുള്ള ഒരു ജീവിതമാണ് വേണ്ടതെന്നും സംഘടന എഴുതി. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

18 ജൂൺ 2026, 13:25