തിരയുക

കർദ്ദിനാൾ കമില്ലോ റുയീനി, ബെനഡിക്ട് പതിനാറാമൻ പാപ്പായ്‌ക്കൊപ്പമുള്ള ഒരു ചിത്രം കർദ്ദിനാൾ കമില്ലോ റുയീനി, ബെനഡിക്ട് പതിനാറാമൻ പാപ്പായ്‌ക്കൊപ്പമുള്ള ഒരു ചിത്രം 

കർദ്ദിനാൾ റുയീനി സുവിശേഷത്തിനും സഭയ്ക്കും വേണ്ടി നിസ്വാർത്ഥമായാണ് ശുശ്രൂഷ ചെയ്‌തത്: ലിയോ പതിനാലാമൻ പാപ്പാ

കർദ്ദിനാൾ റുയീനിയുടെ നിര്യാണത്തിൽ പ്രാർത്ഥനാശംസകളുമായി ലിയോ പതിനാലാമൻ പാപ്പാ. റേജ്ജ്യോ എമിലിയ-ഗ്വാസ്തെല്ല രൂപതയുടെ സഹായമെത്രാൻ ഇറ്റലിയിലെ മെത്രാൻസമിതിയുടെ പ്രസിഡന്റ്, റോം രൂപതയിലേക്കുള്ള പരിശുദ്ധ പിതാവിന്റെ വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന കർദ്ദിനാൾ കമില്ലോ റുയീനി ജൂൺ പതിനാറാം തീയതിയാണ് മരണമടഞ്ഞത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിവേകപൂർവ്വവും നിസ്വാർത്ഥവുമായ സേവനത്തിന്റെ ജീവിതമായിരുന്നു കർദ്ദിനാൾ റുയീനി നയിച്ചിരുന്നതെന്നും, അദ്ദേഹത്തിന്റെ ജീവിതത്തെയോർത്ത് ദൈവത്തിന് നന്ദി പറയുന്നുവെന്നും ലിയോ പതിനാലാമൻ പാപ്പാ. റേജ്ജ്യോ എമിലിയ-ഗ്വാസ്തെല്ല രൂപതയുടെ സഹായമെത്രാൻ  ഇറ്റലിയിലെ മെത്രാൻസമിതിയുടെ പ്രസിഡന്റ്, റോം രൂപതയിലേക്കുള്ള പരിശുദ്ധ പിതാവിന്റെ വികാരി എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തിരുന്ന കർദ്ദിനാൾ കമില്ലോ റുയീനിയുടെ നിര്യാണത്തെത്തുടർന്ന്, ജൂൺ 17-ന് റോം രൂപതയിലേക്കുള്ള നിലവിലെ തന്റെ വികാരി ജനറലായ കർദ്ദിനാൾ ബാൽദസേരെ റെയ്‌നയ്ക്കയച്ച ടെലെഗ്രാം സന്ദേശത്തിലാണ് ഇത്തരമൊരു സാക്ഷ്യം പാപ്പാ നടത്തിയത്.

ആദരവർഹിക്കുന്ന വ്യക്തിത്വമായിരുന്നു കർദ്ദിനാൾ റുയീനിയുടെതെന്ന് എഴുതിയ പാപ്പാ, ആഴമേറിയ വിശ്വാസവും, സൂക്ഷ്മമായ ബുദ്ധിശക്തിയും, ദീർഘവീക്ഷണവും അദ്ദേഹത്തിന് മുതൽക്കൂട്ടായുണ്ടായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തി. സുവിശേഷത്തിന്റെയും സഭയുടെയും കാര്യങ്ങൾക്ക് വേണ്ടി വിവേചനബുദ്ധിയോടെയും നിസ്വാർത്ഥമായും അദ്ദേഹം സേവനം ചെയ്തുവെന്നും പാപ്പാ എഴുതി.

റേജ്ജ്യോ എമിലിയ-ഗ്വാസ്തെല്ല വൈദികനായിരുന്ന അദ്ദേഹം അവിടെ മുതൽ സഭയ്ക്കായുള്ള അജപാലനമേഖലയിൽ ഉദാരതയോടെ ശുശ്രൂഷ ചെയ്തുവെന്ന് അനുസ്മരിച്ച പാപ്പാ, റോം രൂപതയിലെ ഏവർക്കും, പ്രത്യേകിച്ച് വൈദികർക്ക് തന്റെ സാമീപ്യവും അനുശോചനവും അറിയിച്ചു.

ഇറ്റലിയുടെ മെത്രാൻസമിതിയിൽ, പ്രത്യേകിച്ച് സാംസ്കാരികലോകവുമായുള്ള ബന്ധത്തിൽ കർദ്ദിനാൾ റുയീനിയുടെ ഫലപ്രദമായ ഇടപെടലുകളും സേവനങ്ങളും എടുത്തുപറഞ്ഞ പാപ്പാ, പരിശുദ്ധ അമ്മയുടെ പ്രാർത്ഥനകളാൽ ദൈവം അദ്ദേഹത്തെ സ്വർഗ്ഗീയ ജെറുസലേമിലേക്ക് പ്രവേശിപ്പിക്കട്ടെയെന്ന് ആശംസിച്ചു

കർദ്ദിനാളിന് ശുശ്രൂഷകൾ ചെയ്തുകൊടുത്തവർക്കും, അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന ഏവർക്കും പരിശുദ്ധ പിതാവ് നന്ദി അറിയിക്കുകയും അപ്പസ്തോലിക ആശീർവാദം നേരുകയും ചെയ്തു.

ജൂൺ 18 വ്യാഴാഴ്ച വൈകുന്നേരം 4.30-ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വച്ചായിരിക്കും കർദ്ദിനാൾ റുയീനിയുടെ മൃതസംസ്കാരച്ചടങ്ങുകൾ നടക്കുക. ലിയോ പതിനാലാമൻ പാപ്പാ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

18 ജൂൺ 2026, 10:57