ഗാസായിൽ വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടശേഷവും പ്രതിദിനം ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ ഒക്ടോബർ മുതൽ ഗാസാ മുനമ്പിൽ വെടിനിറുത്തൽ പ്രഖ്യാപനം നിലനിൽക്കുന്നുണ്ടെങ്കിലും, അവിടെ അനുദിനം ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി വക്താവ് ജെയിംസ് എൽഡർ. വെടിനിറുത്തൽ പ്രഖ്യാപനം ക്രൂരവും മാരകവുമായ ഒരു മിഥ്യയായി മാറിയെന്നും, ഇതിനോടകം പ്രദേശത്ത് 265 കുട്ടികൾ കൊല്ലപ്പെട്ടുകഴിഞ്ഞുവെന്നും ജൂൺ പത്തൊൻപത് വെള്ളിയാഴ്ച സംഘടന പുറത്തുവിട്ട ഒരു പ്രസ്താവനയിൽ അദ്ദേഹം വിശദീകരിച്ചു.
സംരക്ഷണത്തിന്റെയും കുറഞ്ഞ അപകടനിരക്കിന്റെയും സമയമാകേണ്ടിയിരുന്ന ഒരു കാലഘട്ടത്തിൽ ഇത്രയധികം കുഞ്ഞുങ്ങൾ കൊലചെയ്യപ്പെട്ടത് തികച്ചും പരിതാപകരമാണെന്ന് പ്രസ്താവിച്ച എൽഡർ, ഇവർ യുദ്ധമേഖലയിലല്ല, സ്വഭവനങ്ങളിലും സ്‌കൂളുകളിലും കളിക്കളങ്ങളിലും വച്ചാണ് കൊല ചെയ്യപ്പെട്ടതെന്ന് ഓർമ്മിപ്പിച്ചു.
ലോകം വെടിനിറുത്തൽ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ ഗാസാ പ്രദേശത്ത് ഇത്രയധികം കുട്ടികൾ മരണമടയുമ്പോൾ, ഈ പ്രഖ്യാപനത്തിന്റെ നന്മയല്ല, സത്യസന്ധതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ശിശുക്ഷേമനിധി വക്താവ് എഴുതി. ഈ ആഴ്ചയിൽ മാത്രം പതിമൂന്ന് വയസ്സുള്ള ഒരു കുട്ടി വെടിയേറ്റ് മരിച്ചുവെന്നും, അഞ്ചുവയസ്സുള്ള ഒരു കുട്ടിയും പിതാവും കൊല്ലപ്പെട്ടുവെന്നും, ഇതുപോലെയുള്ള നിരവധി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതേ കാലയളവിൽ നാനൂറിലധികം കുട്ടികൾക്ക് ആക്രമണങ്ങളിൽ പരിക്കേറ്റുവെന്നും, അവരിൽ പലരുടെയും സ്ഥിതി ഗുരുതരമാണെന്നും എൽഡർ അറിയിച്ചു. കൊച്ചു കുഞ്ഞുങ്ങൾ കൊലചെയ്യപ്പെടുന്നത് മറ്റു പോംവഴികൾ ഇല്ലാത്തതിനാലല്ല, രാഷ്ട്രീയമായ ഇശ്ചയുടെ ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ മാർച്ച് 2 മുതൽ ലെബനനിൽ 247 കുട്ടികൾ കൊല ചെയ്യപ്പെട്ടുവെന്നും, ആയിരത്തിലധികം കുട്ടികൾക്ക് പരിക്കേറ്റുവെന്നും കഴിഞ്ഞ ദിവസം യൂണിസെഫ് റിപ്പോർട്ട് ചെയ്തിരുന്നു.
കുഞ്ഞുങ്ങൾ കൊലചെയ്യപ്പെടുന്നത് തുടരുമ്പോൾ വെടിനിറുത്തൽ അർത്ഥപൂർണ്ണമാകില്ലെന്നും, കുട്ടികൾക്ക് നേരെയുള്ള ആക്രമണം അവസാനിക്കണമെന്നും ശിശുക്ഷേമനിധി വക്താവ് ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.