സ്പെയിനിൽനിന്നുള്ള ഇരുപത് വൈദികരുടെയും മറ്റ് അഞ്ച് ദൈവദാസരുടെയും നാമകരണനടപടികൾ പ്രസിദ്ധീകരിച്ച് പരിശുദ്ധ സിംഹാസനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കത്തോലിക്കാ സഭയിൽ ഇരുപത് പുതിയ വാഴ്ത്തപ്പെട്ടവർ കൂടി ഉടൻ പ്രഖ്യാപിക്കപ്പെടും. ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധരുടെ നാമകരണച്ചടങ്ങുകൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചെല്ലോ സെമെറാറോയ്ക്ക് ജൂൺ പതിനെട്ടിന് അനുവദിച്ച കൂടിക്കാഴ്‌ചയിൽ ഇതുസംബന്ധിച്ച രേഖകൾ പ്രസിദ്ധീകരിക്കാൻ അനുമതി നൽകി.
സ്പെയിനിലെ ഇബിത്സ രൂപതയുടെ പരിധിക്കുള്ളിൽ, 1936 ഓഗസ്റ്റിനും സെപ്റ്റംബറിനും ഇടയിൽ നടന്ന മതപീഡനവുമായി ബന്ധപ്പെട്ട് ക്രൈസ്തവവിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ട രൂപതാവൈദികരായിരുന്ന ദൈവദാസൻ ഹുവാൻ തോറെസിന്റെയും (Juan Torres Torres) മറ്റ് പത്തൊൻപത് സഹവൈദികരുടെയും രക്തസാക്ഷിത്വം സംബന്ധിച്ച ഡിക്രി പുറത്തുവിടാൻ പരിശുദ്ധ പിതാവ് കർദ്ദിനാൾ സെമെറാറോയ്ക്ക് അനുവാദം നൽകി.
ഇതുകൂടാതെ അഞ്ച് ദൈവദാസരുടെ വീരോചിത പുണ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള രേഖകൾ പുറത്തുവിടാനും പാപ്പാ നിർദ്ദേശം നൽകി. ഇവരുടെ പേരുവിവരങ്ങൾ ഇപ്രകാരമാണ്:
തിരുക്കുടുംബത്തിന്റെ മിഷനറിമാർ എന്ന സഭാംഗമായിരുന്ന ദൈവദാസൻ ഹൂലിയോ മരിയ ദേ ലൊംബേർദേ (Júlio Maria De Lombaerde). 1878 ജനുവരി 7-ണ് ബെൽജിയത്തുള്ള വാറെഗെമിൽ ജനിച്ച ഇദ്ദേഹം, ബ്രസീലിലുള്ള ആൾത്തോ ജെക്കിത്തിബായിൽ 1944 ഡിസംബർ 24-നാണ് മരണമടഞ്ഞത്. മാതാവിന്റെ അമലോത്ഭവഹൃദയത്തിന്റെ പുത്രിമാർ (Congregazione delle Figlie del Cuore Immacolato di Maria), വിശുദ്ധ കുർബാനയുടെ നാഥയുടെ മിഷനറിമാർ (Congregazione dei Missionari di Nostra Signora del Santissimo Sacramento), പരിശുദ്ധ കുർബാനയുടെ അമ്മയുടെ സന്ന്യസ്‌തകൾ (Congregazione delle Suore di Nostra Signora del Santissimo Sacramento) എന്നീ സഭകളുടെ സ്ഥാപകനാണ്.
വടക്കേ അമേരിക്കയിലെ ഹാനോവറിൽ 1867 മെയ് 6-ന് ജനിച്ച ദൈവദാസി മരിയ തെരേസ തല്ലോൺ (Maria Teresa Tallon). അമലോത്ഭവമാതാവിന്റെ ഇടവകസന്ദർശന സഭയുടെ (Congregazione delle Visitatrici Parrocchiali di Maria Immacolata) സ്ഥാപകയാണ്. 1954 മാർച്ച് 10-ന് മൺറോയിൽ മരണമടഞ്ഞു.
ഇറ്റലിയിൽനിന്നുള്ള ദൈവദാസി മരിയ അഞ്ഞേസെ ത്രിബ്ബിയോളി (Maria Agnese Tribbioli). ഫ്ലോറൻസിൽ 1879 ഏപ്രിൽ 20-ന് ജനിച്ച ഈ ദൈവദാസി വിശുദ്ധ യൗസേപ്പിന്റെ ഭക്തപ്രവർത്തകർ (Congregazione delle Suore Pie Operaie di San Giuseppe) എന്ന സഭയുടെ സ്ഥാപകയാണ്. 1965 ജനുവരി 27-ന് ഫ്ലോറൻസിൽ മരണമടഞ്ഞു.
സ്പെയിനിൽനിന്നുള്ള ദൈവദാസി ക്‌ളാര ആൻഡ്രു ഇ മാൽഫെരീത് (Clara Andreu y Malferit). ഇങ്കയിലുള്ള വിശുദ്ധ ബർത്തലോമിയോയുടെ ജിറോളമൻ ആശ്രമാംഗമായിരുന്ന (Monastero girolamino di San Bartolomeo di Inca) ഈ സന്ന്യാസിനി മായോർക്കയിലെ പാൽമയിൽ 1596 ഡിസംബർ 4-നാണ് ജനിച്ചത്. 1628 ജൂൺ 24-ന് ഇങ്കയിൽ വച്ച് മരണമടഞ്ഞു.
ഇറ്റലിയിൽനിന്നുള്ള ദൈവദാസി മരിയ പേത്ര ജ്യോർദാനോ (Maria Petra Giordano). ഡൊമിനിക്കൻ സഭാംഗമായിരുന്ന (Ordine dei Predicatori) ഈ സന്ന്യാസിനി 1912 ജൂലൈ 4-ന് നേപ്പിൾസിൽ ജനിച്ചു. ഇറ്റലിയിലെ ബിബ്ബിയേനയിൽവച്ച് 2006 ജൂൺ 21-ന് മരണമടഞ്ഞു.
"ധന്യ"പദവിയിലേക്ക് പ്രവേശിക്കുനതിനുള്ള മുന്നോടിയായാണ് വീരോചിത പുണ്യങ്ങൾ അംഗീകരിക്കപ്പെടുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
