തിരയുക

ലബനനിലെ യാരൂൺ - ആക്രമണത്തിന് മുൻപും ശേഷവും ലബനനിലെ യാരൂൺ - ആക്രമണത്തിന് മുൻപും ശേഷവും 

കഴിഞ്ഞ എട്ടു ദിവസങ്ങളിൽ ലെബനനിലുണ്ടായ അക്രമങ്ങളിൽ ഇരകളായത് അറുപതോളം കുട്ടികൾ: യൂണിസെഫ്

ഇസ്രായേൽ ലെബനനിൽ നടത്തിവരുന്ന അക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തിൽ, മാർച്ച് 2 മുതൽ നാളിതുവരെയുള്ള കാലയളവിൽ രാജ്യത്ത് ഇരുനൂറ് കുട്ടികൾ കൊല്ലപ്പെടുകയും എണ്ണൂറിലധികം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന്, ലെബനനിലെ പൊതുജനാരോഗ്യ മന്ത്രാലയത്തെ അധികരിച്ച് യൂണിസെഫ് റിപ്പോർട്ട് ചെയ്തു. എട്ടുലക്ഷത്തോളം കുട്ടികളാണ് തുടർച്ചയായ മാനസിക സംഘർഷത്തിന് വിധേയരാകുന്നതെന്നും സംഘടന അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലെബനനിലെ കുട്ടികൾ കടുത്ത സംഘർഷങ്ങൾക്കും ആക്രമണങ്ങൾക്കും വിധേയരാകുകയാണെന്നും, നൂറുകണക്കിന് കുട്ടികളാണ് കഴിഞ്ഞ രണ്ടുമാസങ്ങൾക്കുള്ളിൽ യുദ്ധത്തിന്റെ ഇരകളായതെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് (UNICEF). കഴിഞ്ഞ എട്ടു ദിവസങ്ങൾക്കുള്ളിൽ മാത്രം അൻപത്തൊൻപത് കുട്ടികൾ ആക്രമണങ്ങൾക്കിരകളായെന്ന് അറിയിച്ച ശിശുക്ഷേമനിധി, വെടിനിറുത്തൽ പ്രഖ്യാപനം ഉണ്ടായതിന് ശേഷം മാത്രം ഇരുപത്തിരണ്ട് കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും, തൊണ്ണൂറ്റിമൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കി.

മാർച്ച് 2-ന് ആരംഭിച്ച പുതിയ സംഘർഷങ്ങളും ആക്രമണങ്ങളും മൂലം രാജ്യത്ത് നാളിതുവരെ 200 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച ഈ ഐക്യരാഷ്ട്രസഭാസംഘടന, 806 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും മെയ് 14 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വിശദീകരിച്ചു. രാജ്യം നേരിടുന്ന തുടർച്ചയായ ആക്രമണങ്ങൾ മൂലം ഭവനരഹിതരായവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് അറിയിച്ച യൂണിസെഫ്, കുറഞ്ഞത് ഏഴുലക്ഷത്തിഎഴുപത്തിനായിരം കുട്ടികളെങ്കിലും കടുത്ത മാനസികബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് അറിയിച്ചു.

ഏപ്രിൽ 17-ന് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ലെബനന് നേരെയുള്ള ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും, കുട്ടികളിലും അവരുടെ കുടുംബങ്ങളിലും കടുത്ത സംഘർഷത്തിനാണ് അവ കാരണമാകുന്നതെന്നും യൂണിസെഫ് എഴുതി. സ്‌കൂളുകളിൽ വിദ്യാഭ്യാസം തേടുകയും കൂട്ടുകാരുമൊത്ത് കളിച്ചുനടക്കുകയും ചെയ്യണ്ട കുഞ്ഞുങ്ങളാണ് രാജ്യത്ത് കൊല്ലപ്പെടുകയും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്നതെന്ന്, മദ്ധ്യപൂർവ്വദേശങ്ങൾക്കും വടക്കേ ആഫ്രിക്കയ്ക്കുമായുള്ള യൂണിസെഫ് പ്രാദേശിക ഡയറക്ടർ എഡ്‌വാർഡ് ബീഗ്ബെഡർ (Edouard Beigbeder) അപലപിച്ചു.

ലെബനനിലെ കുട്ടികളുടെ മാനസികാരോഗ്യത്തിനും, ശാരീരിക, സാമൂഹിക വളർച്ചയ്ക്കും വേണ്ടിയുള്ള സേവനങ്ങൾ തങ്ങൾ ശക്തിപ്പെടുത്തുകയാണെന്നും, എന്നാൽ നിലവിൽ ലഭ്യമായ സാധനസാമഗ്രികളും സൗകര്യങ്ങളും മതിയാകുന്നില്ലെന്നും സംഘടന വ്യക്തമാക്കി. കുട്ടികളെ സംരക്ഷിക്കാനും, അന്താരാഷ്ട്രമാനവികനിയമങ്ങളും അവകാശങ്ങളും ഉറപ്പാക്കാനും, നിലവിലെ വെടിനിറുത്തൽ പ്രഖ്യാപനം തുടരാനും വേണ്ട നടപടികൾ വേണമെന്ന് തങ്ങളുടെ പ്രസ്താവനയിലൂടെ സംഘടന ആവശ്യപ്പെട്ടു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 മേയ് 2026, 12:02