വിജ്ഞാനം സ്വന്തമാക്കി വിവേകപൂർവ്വം ജീവിക്കാൻ ക്ഷണിക്കുന്ന ജ്ഞാനസൂക്തങ്ങൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
യുവജനങ്ങൾക്കും അനുഭവജ്ഞാനം കുറഞ്ഞവർക്കും വേണ്ടിയുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്ന സുഭാഷിതഗ്രന്ഥത്തിൽ ഒന്നു മുതൽ ഒൻപതു വരെയുള്ള ആമുഖ ഭാഗത്തിനു ശേഷം വരുന്നതും സോളമന്റെ സൂക്തങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പത്ത് മുതൽ ഇരുപത്തിരണ്ടാം അദ്ധ്യായം പതിനാറാം വാക്യം വരെ ഉള്ളതുമായ ഭാഗത്തിന്റെ അവസാനവാക്യങ്ങളും, ഇരുപത്തിരണ്ടാം അദ്ധ്യായത്തിന്റെ രണ്ടാം പകുതിയിൽ തുടങ്ങി ഇരുപത്തിനാലാം അദ്ധ്യായം ഇരുപത്തിരണ്ടാം വാക്യത്തിൽ അവസാനിക്കുന്നതുമായ ജ്ഞാനികളുടെ സൂക്തങ്ങൾ ഉൾക്കൊള്ളുന്ന ഭാഗത്തിന്റെ ആരംഭവുമാണ് ഇന്ന് നമുക്ക് മുന്നിലുള്ള ഇരുപത്തിരണ്ടാം അദ്ധായത്തിൽ നാം വിചിന്തനവിഷയമാക്കുന്നത്. ധനികരും ദരിദ്രരും തമ്മിലുളള ബന്ധത്തിൽ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങൾ, ജ്ഞാനം സ്വന്തമാക്കി വിവേകപൂർവ്വം ജീവിക്കേണ്ടതിന്റെ പ്രാധാന്യം, പാപത്തിലേക്കുള്ള പ്രലോഭനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറേണ്ടതിന്റെ ആവശ്യം തുടങ്ങി, മക്കളെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഉദ്ബോധനങ്ങളാണ് ആദ്യഭാഗത്തുള്ളത്. പതിനേഴാം വാക്യം മുതലുള്ള രണ്ടാം ഭാഗത്താകട്ടെ, ജ്ഞാനം ഉള്ളിൽ സ്വീകരിച്ച്, കർത്താവിൽ വിശ്വാസമർപ്പിച്ച്, വിവേകപൂർവ്വം പെരുമാറേണ്ടതിന്റെ പ്രാധാന്യമാണ് നാം കാണുക. രാജാവിന്റെയും ദൈവത്തിന്റെയും മുന്നിൽ സ്വീകാര്യതയും സ്ഥാനവും ലഭിക്കാൻ വേണ്ടിയുള്ള ഉപദേശങ്ങളാണിവ.
സോളമന്റെ സൂക്തങ്ങളുടെ അവസാനഭാഗം
ആമുഖമായി നാം കണ്ടതുപോലെ സോളമന്റെ സൂക്തങ്ങൾ ഒരുമിച്ച് ചേർത്തിട്ടുള്ള സുഭാഷിതഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിലെ അവസാന ഉപദേശങ്ങളാണ് ഈ അദ്ധ്യായത്തിന്റെ ഒന്ന് മുതൽ പതിനാറ് വരെയുള്ള വാക്യങ്ങളിൽ നാം കണ്ടുമുട്ടുന്നത്. സുദീർഘമായ ഒരു ക്രോഡീകരണത്തിന്റെ കൂടി ഭാഗമായ ഈ പുസ്തകത്തിലെ മറ്റ് അദ്ധ്യായങ്ങളിലെന്നപോലെ വിഭിന്നമായ ചിന്തകളാണ് ഇവിടെയും ചേർത്തുവയ്ക്കപ്പെട്ടിരിക്കുന്നത്.
സമ്പത്തിന്റെ മൂല്യവും ശരിയായ ഉപയോഗവും, എന്നാൽ അതിനേക്കാൾ വിലയേറിയ സത്‌കീർത്തിയുമാണ് ഈ വാക്യങ്ങളിൽ നാം കാണുന്ന ഒരു ചിന്ത. സമ്പത്തിനേക്കാൾ പ്രധാനപ്പെട്ടതാണ് സത്‌കീർത്തിയെന്ന ചിന്തയോടെയാണ് (1) ഈ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ. സ്വര്ണത്തെയും വെള്ളിയെയും കാൾ വിലയേറിയ സ്വഭാവസവിശേഷതയാണ് ദയയെന്നും സോളമൻ ഓർമ്മിപ്പിക്കുന്നുണ്ട്. കർത്താവ് സൃഷ്ടിച്ചവരെന്ന നിലയിൽ ധനികരും ദരിദ്രരും തുല്യരാണ് (2) എങ്കിലും, വിനയവും ദൈവഭക്തിയും നിറഞ്ഞ ജീവിതശൈലിക്കുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണെന്ന് (4), സ്വന്തം പ്രവൃത്തികൾ കൂടിയാണ് ഒരുവനെ ധനികനോ ദരിദ്രനോ ആക്കി മാറ്റുന്നതെന്ന ഒരു ചിന്തകൂടി അവൻ പങ്കുവയ്ക്കുന്നുണ്ട്.
സമ്പത്തിന്റെ ഉപയോഗത്തെക്കുറിച്ചും ധനികരുടെയും ദരിദ്രരുടെയും സ്വഭാവസവിശേഷതകളെക്കുറിച്ചും സോളമൻ പഠിപ്പിക്കുന്നതും നമുക്ക് കാണാം. ദരിദ്രന്റെമേൽ ഭരണം നടത്തുന്ന ധനികൻ, കടം വാങ്ങുന്നതുവഴി അത് നല്കുന്നവന്റെ അടിമയാകുന്ന മനുഷ്യൻ (7), സ്വന്തം സമ്പത്ത് വർദ്ധിപ്പിക്കാനായി ദരിദ്രരെ ഞെരുക്കുകയും സമ്പന്നരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നവനുണ്ടാകാൻ പോകുന്ന പതനം (16) തുടങ്ങിയ ചിന്തകളും അവൻ പങ്കുവയ്ക്കുന്നുണ്ട്.
യുവജനങ്ങൾക്കുള്ള ഉപദേശങ്ങൾ എന്ന സുഭാഷിതങ്ങളുടെ ഉദ്ബോധനഭാവം വ്യക്തമാക്കുന്നവയാണ് അഞ്ചുമുതലുള്ള വാക്യങ്ങൾ. ശിശുക്കളുടെ ഹൃദയത്തിലെ ഭോഷത്തത്തെ, ശിക്ഷണം കൊണ്ട്, ഉദ്‌ബോധനം കൊണ്ട് ആട്ടിയോടിക്കാൻ (15) സാധിക്കുമെന്ന് സോളമൻ എഴുതുന്നത് നാം ഇവിടെ കാണുന്നുണ്ട്. കെണികൾ നിറഞ്ഞ വികടബുദ്ധിയുടെ മാർഗ്ഗത്തിൽനിന്ന് കരുതലോടെ ഒഴിഞ്ഞുമാറാൻ (5) ശൈശവത്തിൽത്തന്നെ ശരിയായ വഴി പഠിപ്പിക്കുന്നെങ്കിൽ, വാർദ്ധക്യത്തിലും അവയിൽനിന്ന് മനുഷ്യൻ വ്യതിചതിക്കില്ലെന്ന് (6) അവൻ ഉദ്ബോധിപ്പിക്കുന്നുണ്ട്. ദരിദ്രരുമായി ആഹാരം പങ്കുവയ്ക്കുന്നവൻ, മറ്റുള്ളവരോട് ദയ കാണിക്കുന്നവൻ അനുഗ്രഹീതനാകുമെന്ന് (9) അവൻ ഉദ്ബോധിപ്പിക്കുന്നു. അലസൻ പറയുന്ന ദുർബലന്യായങ്ങൾ വിലപ്പോകുന്നവയല്ലെന്നും സുഭാഷിതം ഓർമ്മിപ്പിക്കുന്നുണ്ട് (13).
തിന്മയുടെയും അനീതിയുടെയും മാർഗ്ഗത്തിൽനിന്ന് അകന്നുനടക്കാനുള്ള ക്ഷണവും സോളമൻ മുന്നോട്ട് വയ്ക്കുന്നുണ്ട്. അനീതി വിതയ്ക്കുന്നവൻ അനർത്ഥം കൊയ്യുമെന്ന്, അവന്റെ കോപദണ്ഡ് പ്രയോജയപ്പെടില്ലെന്ന് (8) ഓർമ്മിപ്പിക്കുന്ന അവൻ, അവിശ്വസ്തരുടെ പദ്ധതികളെ കർത്താവ് തകിടം മറിക്കുമെന്ന് (12) എഴുതുന്നുണ്ട്.പരിഹാസകനെ ആട്ടിയോടിക്കാനും (10) അഗാധഗർത്തം പോലെയുള്ള ദുശ്ചരിതയുടെ വായയിൽനിന്ന്, കെണിയുടെ കപടവാക്കുകളിൽനിന്ന് അകന്നു നിൽക്കാനും (14) സോളമൻ ആഹ്വാനം ചെയ്യുന്നു.
ജീവിതത്തിലേക്ക് വേണ്ട ജ്ഞാനസൂക്തങ്ങൾ
ആമുഖമായി കണ്ടതുപോലെ സുഭാഷിതങ്ങളുടെ പുസ്തകത്തിന്റെ പുതിയൊരു ഭാഗമാണ് ഇരുപത്തിരണ്ടാം അദ്ധ്യായം പതിനേഴാം വാക്യം മുതൽ നാം കാണുന്നത്. എന്നാൽ കർത്താവിൽ വിശ്വാസമർപ്പിക്കാനും ദരിദ്രരോട് ശ്രദ്ധാപൂർവ്വം പെരുമാറാനും, ദുശ്ചരിതരിൽനിന്ന് മാറിനടക്കാനും, സമ്പത്തുമായി ബന്ധപ്പെട്ട് വിവേകപൂർവ്വം പ്രവർത്തിക്കാനുമുള്ള ആഹ്വാനങ്ങളാണ് ഈ ഭാഗത്തുമുള്ളത്. യുവജനം തങ്ങളുടെ ജീവിതത്തിൽ പാലിക്കേണ്ട വിവിധ മൂല്യങ്ങളെക്കുറിച്ചാണ് ഈ ഗ്രന്ഥഭാഗം പഠിപ്പിക്കുന്നത്.
ജ്ഞാനികളുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം ശ്രവിച്ച്, വിജ്ഞാനത്തിൽ മനസ്സ് പതിച്ച് (17) അവ ഉള്ളിൽ സംഗ്രഹിച്ച്, വാക്കുകളിലൂടെ പുറത്തേക്ക് കൊണ്ടുവരുന്നത് ആഹ്ളാദപ്രദമായിരിക്കുമെന്ന് (18) സുഭാഷിതം ഓർമ്മിപ്പിക്കുന്നു. കർത്താവിൽ വിശ്വാസം അർപ്പിക്കേണ്ടതിനയാണ് ഈ ജ്ഞാനം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത് (19). ഉപദേശങ്ങളും വിജ്ഞാനവുമടങ്ങുന്ന വിവിധ സൂക്തങ്ങൾ, സത്യവും ശരിയായതുമായ കാര്യങ്ങൾ ഗ്രഹിപ്പിക്കാൻ വേണ്ടിയാണ് എഴുതപ്പെടുകയും വിശദീകരിക്കപ്പെടുകയും (20 ചെയ്തിരിക്കുന്നതെന്നും ഈ ഭാഗം ഓർമ്മിപ്പിക്കുന്നു.
ഈ അദ്ധ്യായത്തിന്റെ ആദ്യഭാഗത്തും സുഭാഷിതഗ്രന്ഥത്തിലെ മറ്റ് അദ്ധ്യായങ്ങളിലുൾപ്പെടെ നാം കാണുന്നതുപോലെ, സമ്പത്തുമായി ബന്ധപ്പെട്ട ശരിയായ മനോഭാവവും വിവേകപൂർവ്വമുള്ള പ്രവർത്തനങ്ങളും ഈ അദ്ധ്യായത്തിന്റെ രണ്ടാം ഭാഗത്തും നമുക്ക് കാണാം. അന്യർക്കുവേണ്ടി വാക്കുകൊടുക്കുകയോ ജാമ്യം നിൽക്കുകയോ ചെയ്യുന്നതിലെ അപകടസാധ്യതകൾ മുന്നിൽക്കണണമെന്ന്, അവരുടെ കടം വീട്ടാൻവേണ്ടി നിന്റെ കിടക്ക നഷ്ടപ്പെടുത്തേണ്ട, നിന്റെ എല്ലാം നഷ്ടമാക്കേണ്ട ഇടവരുത്തരുതെന്ന് (25-27) ഈ അദ്ധ്യായത്തിന്റെ അവസാനഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. സമ്പത്തിനോടുള്ള തെറ്റായ മനോഭാവത്തിന്റെ ഭാഗമായി, പിതാക്കന്മാർ ഉറപ്പിച്ച അതിർത്തിക്കല്ല് മാറ്റി സ്ഥാപിക്കരുതെന്ന്, നിന്റെ സഹോദരന് അവകാശപ്പെട്ടത് മോഷ്ടിക്കരുതെന്ന് (28) ഇരുപത്തിയെട്ടാം വചനം ഉദ്ബോധിപ്പിക്കുന്നു.
ദരിദ്രന്റെ മുതൽ അപഹരിക്കരുതെന്നും, കഷ്ടപ്പെടുന്നവരെ നിന്റെ പടിവാതിൽക്കൽ വച്ച് മർദ്ദിക്കരുതെന്നും (22) ഓർമ്മിപ്പിക്കുന്ന വചനം, ദരിദ്രരുടെയും കഷ്ടപ്പെടുന്നവരുടെയും ഒപ്പമുള്ള കർത്താവ്, അത്തരം പ്രവൃത്തികൾ ചെയ്യുന്നവരുടെ ജീവൻ എടുക്കുമെന്നും (23) മുന്നറിയിപ്പ് നൽകുന്നുണ്ട്.
യുവജനങ്ങൾക്കും അറിവില്ലാത്തവർക്കുമുള്ള ഉപദേശങ്ങളുടെ ഭാഗമായി, കോപശീലരോടും രോഷാകുലരോടും കൂടി അവരുടെ ദുഃശീലങ്ങൾ പഠിച്ച് കെണിയിൽപ്പെടരുതെന്ന് (24-25) ഈ അദ്ധ്യായം ഉദ്ബോധിപ്പിക്കുന്നുണ്ട്. തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നല്ല രീതിയിൽ ചെയ്യുന്നവർക്ക് രാജസന്നിധിയിൽ സ്വീകാര്യതയും സ്ഥാനവും ലഭിക്കുമെന്ന, സാധാരണക്കാരിൽനിന്ന് അവർ ഉയർത്തപ്പെടുമെന്ന ചിന്ത യുവജനങ്ങൾക്ക് മുന്നിൽ വച്ചാണ് ഈ അദ്ധ്യായം അവസാനിക്കുന്നത്.
ഉപസംഹാരം
സോളമന്റെ ജ്ഞാനസൂക്തങ്ങളും, ജീവിതത്തിലേക്ക് വേണ്ട പൊതുവായ ജ്ഞാനവചസ്സുകളും ഉൾക്കൊള്ളുന്ന സുഭാഷിതങ്ങളുടെ പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായത്തെക്കുറിച്ചുള്ള ഈ വിചിന്തനം ചുരുക്കുമ്പോൾ, നമുക്കും നമ്മുടെ അജ്ഞതയുടെ ഇരുളിനെയും ഭോഷത്തത്തെയും ദൈവവചനം മുന്നിൽ വയ്ക്കുന്ന ഉദ്ബോധനങ്ങളുടെ വെളിച്ചത്താൽ തുടച്ചുമാറ്റി വിവേകപൂർവ്വം ജീവിക്കാം. കർത്താവിൽ വിശ്വാസം അർപ്പിക്കുകയും അവനിൽനിന്ന് ഉദ്‌ബോധനം തേടുകയും അവനിൽ ശരണപ്പെടുകയും ചെയ്യാം. ദരിദ്രരോടും പാവപ്പെട്ടവരോടുമുള്ള കടമകളും ഉത്തരവാദിത്വങ്ങളും ദയാപൂർവ്വം, എന്നാൽ വിവേകപൂർവ്വം നിർവഹിക്കാം. ദുശ്ചരിതയായ സ്ത്രീയുടെ വാക്കുകളിലൂടെ പ്രതീകാത്മകമായി അവതരിപ്പിക്കപ്പെടുന്ന പാപത്തിലേക്കും ദുഷ്ടതയിലേക്കുമുള്ള ക്ഷണങ്ങൾ ജീവിതത്തെ ഇല്ലാതാക്കുന്ന, കർത്താവിന്റെ സ്വീകാര്യത നഷ്ടപ്പെടുത്തുന്ന കെണികളാണെന്ന് തിരിച്ചറിഞ്ഞ് നന്മയുടെ പാതകൾ സ്വീകരിക്കുകയും, ഉത്തരവാദിത്വങ്ങൾ ശരിയായി നിർവ്വഹിച്ച്, ദൈവാശ്രയബോധത്തിൽ ആഴപ്പെട്ട് വളരുകയും ചെയ്യാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: