തിരയുക

ലെബനനിൽ നടന്ന ഒരു ഇസ്രായേലി ആക്രമണത്തിന്റെ ദൃശ്യം ലെബനനിൽ നടന്ന ഒരു ഇസ്രായേലി ആക്രമണത്തിന്റെ ദൃശ്യം  (AFP or licensors)

ലെബനനിലെ ആക്രമണങ്ങളുടെ തിക്തഫലങ്ങളനുഭവിക്കാൻ വിധിക്കപ്പെട്ട് കൊച്ചുകുട്ടികൾ: യൂണിസെഫ്

മദ്ധ്യപൂർവ്വദേശങ്ങളിൽ അടുത്തിടെ നടക്കുന്ന സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും ഭാഗമായി ലെബനനിൽ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ ഫലങ്ങൾ അനുഭവിക്കാൻ അവിടുത്തെ കുട്ടികൾ വിധിക്കപ്പെട്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 7 കുട്ടികൾ കൊല്ലപ്പെട്ടുവെന്നും, 38 കുട്ടികൾക്ക് പരിക്കേറ്റുവെന്നും മാർച്ച് 4-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലെബനനിലെ കുട്ടികൾ അവിടെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ തിക്തഫലങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ലെബനനുനേരെ നടന്നുവരുന്ന തുടർച്ചയായ വ്യോമാക്രമണങ്ങൾ മൂലം, മാർച്ച് മൂന്നാം തീയതി മാത്രം രാജ്യത്ത് ഏഴ് കുട്ടികൾ കൊല്ലപ്പെട്ടുവെന്നും മുപ്പത്തിയെട്ട് കുട്ടികൾക്ക് പരിക്കേറ്റുവെന്നും മാർച്ച് നാലാം തീയതി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുകളിൽ ലെബനനിൽ അറുപതിനായിരത്തോളം ആളുകൾ കുടിയിറങ്ങിയെന്നും, അവരിൽ പതിനെണ്ണായിരത്തോളം കുട്ടികൾ ഉണ്ടെന്നും യൂണിസെഫ് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറന്ന മുന്നോറോളം അഭയാർത്ഥികേന്ദ്രങ്ങളിലാണ് പതീരായിരത്തോളം കുടുംബങ്ങൾ അഭയം തേടിയിരിക്കുന്നതെന്നും, പല ക്യാമ്പുകളും ഇപ്പോൾത്തന്നെ നിറഞ്ഞുവെന്നും സംഘടന വിശദീകരിച്ചു.

ഒരു കുട്ടിപോലും കൊല്ലപ്പെടരുതെന്നും, ജീവിതകാലം മുഴുവൻ ആക്രമണങ്ങളുടെ ശാരീരികവും മാനസികവുമായ മുറിപ്പാടുകൾ കൊണ്ടുനടക്കാൻ അവർ നിർബന്ധിതരാകരുതെന്നും ലെബനനിലേക്കുള്ള യൂണിസെഫ് പ്രതിനിധി മാർക്കോലൂയീജി കോർസി പ്രസ്താവിച്ചു. ആക്രമണങ്ങൾ അവസാനിക്കണമെന്നും കുട്ടികൾ എക്കാലവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലെബനനുനേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും അടിയന്തിരസഹായമെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തങ്ങൾ തുടങ്ങിയെന്ന് ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. യൂണിസെഫിന്റെ പിന്തുണയോടെ മുപ്പത്തിയേഴ് യൂണിറ്റുകൾ പ്രതിരോധമരുന്നുകൾ നൽകുന്നതിനും, അടിയന്തിര ആരോഗ്യശുശ്രൂഷകൾ ഉറപ്പാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് സംഘടന അറിയിച്ചു.

അഭയാർത്ഥിക്യാമ്പുകളിൽ ആളുകൾക്ക് മാനസികാരോഗ്യസഹായം ഉറപ്പാക്കുന്നതിനാണ് തങ്ങൾ മുൻ‌തൂക്കം നൽകുന്നതെന്ന് യൂണിസെഫ് വ്യക്തമാക്കി. നാൽപ്പത്തയ്യായിരത്തോളം ദുർബലകുടുംബങ്ങൾക്കും കുട്ടികൾക്കും അടിയന്തിര സാമ്പത്തികസഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും സംഘടന അറിയിച്ചു.

പത്തുലക്ഷത്തോളം ആളുകൾക്ക് സഹായമേകാനായി അഞ്ചുകോടിയോളം ഡോളറിന്റെ സാമ്പത്തികസഹായം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നും എന്നാൽ ഏതാണ്ട് പതിനാറ് ശതമാനം സാമ്പത്തികശേഖരമേ തങ്ങൾക്ക് സ്വരൂപിക്കാനായിട്ടുള്ളുവെന്നും യൂണിസെഫ് എഴുതി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 മാർച്ച് 2026, 13:17