തിരയുക

മഡഗാസ്കറിൽനിന്നുള്ള ഒരു ദൃശ്യം മഡഗാസ്കറിൽനിന്നുള്ള ഒരു ദൃശ്യം 

സോമാലിയ: വരൾച്ച, ക്ഷാമ ഭീതികൾ നിലനിൽക്കെ ഭക്ഷ്യ അരക്ഷിതാവസ്ഥ ഗുരുതരമാകുന്നുവെന്ന് ഫീദെസ് ഏജൻസി

ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ കടുത്ത വരൾച്ച, ക്ഷാമ ഭീഷണികളാണ് നിലനിൽക്കുന്നതെന്നും, രാജ്യത്ത് ജനങ്ങൾക്കിടയിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ അവസ്ഥ വളർന്നുവരികയാണെന്നും ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2026-ലെ ആദ്യ മൂന്ന് മാസത്തെ ലഭ്യമായ കണക്കുകൾ പ്രകാരം സൊമാലിയയിൽ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ആളുകളുടെ എണ്ണം അറുപത്തഞ്ച് ലക്ഷത്തോളം ആയേക്കാമെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേ കാലയളവിലെ കണക്കുകൾ പ്രകാരം മുപ്പത്തിനാല് ലക്ഷത്തോളം ആളുകളായിരുന്നു കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിച്ചിരുന്നത്. ഇതേസമയം സോമാലിയയിലെ മാനവികപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ പുതിയൊരു മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഏജൻസി വ്യക്തമാക്കി.

2025-ന്റെ രണ്ടാം പകുതിയിൽ സോമാലിയ നേരിട്ട കടുത്ത വരൾച്ചയുടെ കൂടി അടിസ്ഥാനത്തിലാണ്, ഐക്യരാഷ്ട്രസംഘടന ഇത്തരമൊരു പ്രസ്താവന പുറത്തുവിട്ടതെന്നും, ക്ഷേമപ്രശ്നങ്ങൾ ഭാഗികമായെങ്കിലും അതിജീവിക്കാൻ തക്കവിധം ഇതിന് മുൻപുള്ള രണ്ടുവർഷങ്ങളിൽ കുറച്ചെങ്കിലും മഴ ലഭിച്ചിരുന്നുവെന്നും ഫീദെസ് എഴുതി.

നിലവിലെ കാലാവസ്ഥാപ്രതിസന്ധിയും ഭക്ഷ്യ അരക്ഷിതാവസ്ഥയും ഇടയന്മാരെയും പാവപ്പെട്ടവരും കുടിയൊഴിക്കപ്പെട്ടവരായ കൃഷിക്കാരെയുമാണ്  കൂടുതലായി ബാധിക്കുകയെന്ന് ഓർമ്മിപ്പിച്ച ഫീദെസ്, രാജ്യത്തിനുള്ളിലെ പ്രതിസന്ധികൾ, പ്രത്യേകിച്ച് ജിഹാദി തീവ്രവാദപ്രവർത്തനങ്ങളും രാഷ്ട്രീയ സുസ്ഥിരതയില്ലായ്മയും ഇത് കൂടുതൽ ഗൗരവതരമാക്കുമെന്നും കൂട്ടിച്ചേർത്തു.

ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ വില വർദ്ധിച്ചതും, അന്താരാഷ്ട്രസഹായങ്ങൾ എത്തുന്നത് കുറഞ്ഞതും ഈ പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ കാരണമായെന്ന് വിശദീകരിച്ച ഫീദെസ്, ജനുവരി മാസത്തെ കണക്കുകൾ പ്രകാരം, രാജ്യത്ത് സഹായം ആവശ്യമുള്ളവരിൽ 17 ശതമാനത്തിന് മാത്രമേ അതെത്തിക്കാനായിട്ടുള്ളൂ എന്നും, വരും മാസങ്ങളിൽ ഇത് ഇനിയും കുറഞ്ഞ്, 9 ശതമാനമായേക്കാമെന്നും മുന്നറിയിപ്പ് നൽകി.

ഒരു കോടി തൊണ്ണൂറ് ലക്ഷത്തോളം ആളുകളുള്ള സോമാലിയയിലെ മൂന്നിലൊന്ന് ആളുകളും ഐപിസി നിരക്ക് മൂന്നിലാണെന്നും, ഏതാണ്ട് നാൽപ്പത് ലക്ഷത്തോളം ആളുകൾ നാലാമത്തെ നിരക്കിലാണെന്നും അറിയിച്ചു. നിലവിലെ പ്രതിസന്ധിയുടെ മുന്നിൽ സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി സമ്മേളനങ്ങളും ചർച്ചകളും നടത്തിയിരുന്നുവെന്നും ഏജൻസി വ്യക്തമാക്കി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 മാർച്ച് 2026, 13:37