തിരയുക

ഭക്ഷണം ജീവിതത്തിനാണ് ഭക്ഷണം ജീവിതത്തിനാണ് 

ലോകത്ത് പൊണ്ണത്തടിയുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം പത്തൊൻപത് കോടിയോളം: യൂണിസെഫ്

മാർച്ച് നാലാം തീയതി ലോക പൊണ്ണത്തടി ദിനം ആചരിക്കവേ, നിലവിലെ കണക്കുകൾ പ്രകാരം ലോകത്ത് പൊണ്ണത്തടിയുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം 18.8 കോടിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. മാർച്ച് നാലാം തീയതി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് കുട്ടികളുടെ അനാരോഗ്യത്തിന് കാരണമാകുന്ന ഈ അവസ്ഥയെക്കുറിച്ച് ശിശുക്ഷേമനിധി ഓർമ്മിപ്പിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്ത് പത്തിലൊന്ന് കുട്ടികളും കൗമാരക്കാരും പൊണ്ണത്തടിയുള്ളവരാണെന്നും, ജനനം മുതൽ, കൃത്യവും ആരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരേണ്ടതിന്റെ പ്രാധാന്യമാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നതെന്നും യൂണിസെഫ്. അടുത്തിടെ യൂണിസെഫ് പുറത്തുവിട്ട ഒരു റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ, ഇറ്റലിയിലെ യൂണിസെഫ് ഘടകമാണ്, ലോക പൊണ്ണത്തടി ദിനം ആചരിക്കപ്പെടുന്ന മാർച്ച് നാലാം തീയതി ഇത്തരമൊരു വസ്തുതയിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

ഇതാദ്യമായി കഴിഞ്ഞവർഷം ലോകത്ത് പോഷകാഹാരക്കുറവ് മൂലം അനാരോഗ്യകരമായ രീതിയിൽ ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തേക്കാൾ, പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണം കൂടുതലായി. സഹാറായ്ക്ക് തെക്കുള്ള ആഫ്രിക്കൻ പ്രദേശങ്ങളിലും, ദക്ഷിണേഷ്യയിലും മാത്രമാണ് കണക്കുകൾ വ്യത്യസ്തമാകുന്നത്. 2000-ലെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോൾ 2022-ൽ ഭാരക്കുറവുള്ള കുട്ടികളുടെ ശതമാനം 13-ൽനിന്ന് 9.2 ശതമാനമായി കുറഞ്ഞപ്പോൾ, പൊണ്ണത്തടിയുള്ളവരുടെ ശതമാനം 3-ൽ നിന്ന് 9.2 ശതമാനമായി വളർന്നു.

അമിതഭാരത്തിന്റെ ഒരു ഗുരുതരമായ രൂപമാണ് പൊണ്ണത്തടി, ഇത് ഇൻസുലിൻ പ്രതിരോധം, കടുത്ത രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണെന്ന് യൂണിസെഫ് എഴുതി. മുതിർന്ന പ്രായത്തിൽ ജീവനുതന്നെ വെല്ലുവിളിയുയർത്തുന്ന രോഗങ്ങൾക്കും പൊണ്ണത്തടി കാരണമായേക്കാം.

നിലവിലെ കണക്കുകൾ പ്രകാരം ലോകത്ത് അഞ്ചിലൊന്ന് കുട്ടികളും കൗമാരക്കാരും, അതായത് ഏതാണ്ട് മുപ്പത്തിയൊൻപത് കോടിയോളം പേരാണ് അമിതവണ്ണം മൂലം ബുദ്ധിമുട്ടുന്നത്.

2022-ലെ കണക്കുകൾ പ്രകാരം ഇറ്റലിയിൽ അഞ്ചിനും പത്തൊൻപതിനും ഇടയിൽ പ്രായമുള്ളവരിൽ 10 ശതമാനം പൊണ്ണത്തടിയുള്ളവരാണ്. രാജ്യത്ത് ഏതാണ്ട് 27 ശതമാനവും കുട്ടികളും കൗമാരക്കാരും അമിതവണ്ണമുള്ളവരാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 മാർച്ച് 2026, 13:30