കാരക്കാസിൽനിന്നുള്ള ഒരു ദൃശ്യം കാരക്കാസിൽനിന്നുള്ള ഒരു ദൃശ്യം 

വെനിസ്വേലയുടെ തലസ്ഥാനത്ത് വൻ സ്‌ഫോടനങ്ങൾ: മദൂറോയും ഭാര്യയും പിടിക്കപ്പെട്ടതായി ട്രംപ്

വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ അമേരിക്കൻ ആക്രമണം. ഏഴോളം സ്ഥലങ്ങളിൽ വൻ സ്‌ഫോടനങ്ങൾ. പ്രസിഡന്റ് മദൂറോയും അദ്ധേഹത്തിന്റെ ഭാര്യയും പിടിക്കപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. ഐക്യരാഷ്ട്രസഭാരേഖകളുടെ വ്യക്തമായ ലംഘനമാണ് ഈ ആക്രമണമെന്ന് മദൂറോ സർക്കാർ.

ജൂല്യേൽമോ ഗല്ലോണെ - മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ വൻ ആക്രമണം ഉണ്ടായി. പ്രാദേശികസമയം രാവിലെ രണ്ടുമണിയോടെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. നിരവധി യുദ്ധവിമാനങ്ങൾ രാജ്യതലസ്ഥാനത്ത് താഴ്ന്നു പറന്നതായും വാർത്തകൾ പുറത്തുവന്നു.

സംഭവത്തെക്കുറിച്ച് സംസാരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തങ്ങൾ വെനിസ്വേലയിൽ വിജയകരമായ രീതിയിൽ ആക്രമണം നടത്തിയെന്നും, രാജ്യത്തിന്റെ പ്രസിഡന്റ് മദൂറോയും അദ്ധേഹത്തിന്റെ ഭാര്യയും പിടിക്കപ്പെട്ടതായും അവകാശപ്പെട്ടു. ഇരുവരെയും രാജ്യത്തിന് പുറത്തേയ്ക്ക് തട്ടിക്കൊണ്ടുപോയതായി അദ്ദേഹം പ്രസ്താവിച്ചു.

അമേരിക്കൻ നിയമനിർവ്വഹണസേനയുമായുള്ള സഹകരണത്തോടെ നടത്തിയ ഒരു ആക്രമണമായിരുന്നു ഇതെന്ന് അറിയിച്ച ട്രംപ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടുമെന്നും പ്രസ്താവിച്ചു.

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം തലസ്ഥാനനഗരത്ത് ഏഴിടങ്ങളിൽ ശക്തമായ സ്‌ഫോടനങ്ങൾ ഉണ്ടായി. കാരാക്കാസിന്റെ വിവിധയിടങ്ങളിൽ വിദ്യുശ്ചക്തി തടസ്സപ്പെട്ടുവെന്നും, ജനങ്ങൾ തെരുവുകളിൽ ഇറങ്ങാൻ നിർബന്ധിതരായെന്നും വാർത്തകൾ പുറത്തുവന്നു. മിലിട്ടറി ബേസുകളാണ് ആക്രമണലക്ഷ്യമായിരുന്നതെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.

എന്നാൽ അതേസമയം, രാജ്യത്ത് പ്രസിഡന്റ് മദൂറോ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതായുള്ള വാർത്തകളും പുറത്തുവന്നു. രാജ്യത്തിനുനേരെയുണ്ടായ ഗുരുതരമായ മിലിട്ടറി അക്രമണമാണുണ്ടായതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഐക്യരാഷ്ട്രസഭാരേഖകളുടെ വ്യക്തമായ ലംഘനമാണ് ഈ ആക്രമണമെന്ന് രാജ്യത്തെ ഗവൺമെന്റ് ഓഫീസുകൾ പ്രസ്താവന പുറത്തിറക്കി.

രാജ്യത്തെ പെട്രോളിയം, മിനറലുകൾ തുടങ്ങിയവയുടെ പ്രധാനപ്പെട്ട സ്രോതസ്സുകൾ കയ്യടക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് മദൂറോ ഗവൺമെന്റ് ആരോപണമുയർത്തി. ജനവാസപ്രദേശങ്ങളിലും ആക്രമണമുണ്ടായതായും സർക്കാർ വൃത്തങ്ങൾ ആരോപിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ജനുവരി 2026, 13:19