തിരയുക

ക്രിസ്തുവിന് സാക്ഷ്യമേകുന്ന യോഹന്നാൻ ക്രിസ്തുവിന് സാക്ഷ്യമേകുന്ന യോഹന്നാൻ 

ലോകത്തിന്റെ ഇരുളിലേക്ക് കടന്നുവരുന്ന വചനമായ ക്രിസ്തുവിന്റെ വെളിച്ചവും സാക്ഷ്യമേകുന്ന യോഹന്നാനും

ലത്തീൻ ആരാധനാക്രമമനുസരിച്ച് ക്രിസ്തുമസിന് ശേഷം രണ്ടാം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം: യോഹന്നാൻ 1, 1-18
ശബ്ദരേഖ - ലോകത്തിന്റെ ഇരുളിലേക്ക് കടന്നുവരുന്ന വചനമായ ക്രിസ്തുവിന്റെ വെളിച്ചവും. സാക്ഷ്യമേകുന്ന യോഹന്നാനും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഉത്പത്തിപുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തിൽ നാം കാണുന്ന ചില ചിന്തകൾക്ക് സമാനമായ ആശയങ്ങളാണ് വിശുദ്ധ യോഹന്നാൻ തൻറെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത് എഴുതി വയ്ക്കുക. സുവിശേഷത്തിൽ പിന്നീടങ്ങോട്ട് യോഹന്നാൻ കൈകാര്യം ചെയ്യുന്ന, ജീവൻ, സത്യം, പ്രകാശം, സാക്ഷ്യം, വിശ്വാസം, മഹത്വം തുടങ്ങിയ ചിന്തകളും യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തിന്റെ ആദ്യവചനങ്ങളിൽ നമ്മൾ കണ്ടുമുട്ടുന്നുണ്ട്. യേശുക്രിസ്തുവിനെക്കുറിച്ച് ദൈവശാസ്ത്രപരമായ രീതിയിൽ എഴുതി സാക്ഷ്യപ്പെടുത്തുന്ന യോഹന്നാന്റെ സുവിശേഷത്തിന്റെ ശൈലിയോട് ചേർന്ന് പോകുന്ന ഒരു ഭാഗമാണിതെങ്കിലും, ഇതേ ആശയങ്ങൾ ക്രിസ്തുവുമായി ബന്ധപ്പെടുത്തി വിശുദ്ധ പൗലോസ് കൊളോസോസുകാർക്ക് എഴുതിയ ലേഖനം ഒന്നാം അദ്ധ്യായത്തിലും (കൊളോ. 1, 15-20), ഫിലിപ്പിയർക്കെഴുതിയ ലേഖനം രണ്ടാം അദ്ധ്യായത്തിലും (ഫിലിപ്പി. 2, 6-11) നാം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു ക്രൈസ്തവ പാരമ്പരാഗതകൃതിയുടെ ഭാഗമായിരുന്നുവെന്ന് കരുതുന്നവരുണ്ട്.

ആദിമുതലുള്ള വചനം

മാംസമായിത്തീർന്ന, മനുഷ്യനായിത്തീർന്ന വചനം, ആദിമുതൽ ഉണ്ടായിരുന്നുവെന്ന്, അവൻ ദൈവത്തോടൊത്തായിരുന്നുവെന്ന്, ദൈവമായിരുന്നുവെന്നാണ് ഈ തിരുവചനഭാഗം സാക്ഷ്യപ്പെടുത്തുന്നത്. സൃഷ്ടിയുടെ സമയത്ത് ഉണ്ടായിരുന്ന,മനുഷ്യർക്ക് വെളിച്ചമാകുന്ന ജീവനാണ് അവനെന്ന സാക്ഷ്യം ഏറെ ഭംഗിയുള്ളതും പ്രത്യാശ പകരുന്നതുമാണ്. ലോകത്തിന്റെ അന്ധകാരത്തെ നീക്കുന്ന പ്രകാശം, ഇരുളിന് കീഴടക്കാനാകാത്ത വെളിച്ചം അതാണ് ദൈവപുത്രനായ, പരിശുദ്ധ അമ്മയിലൂടെ ലോകത്തിലേക്ക് ജാതനാകുന്ന ക്രിസ്തു.

ദൈവശാസ്ത്രപരമായ പല ചിന്തകളും ഈ സുവിശേഷത്തിന്റെ, പ്രത്യേകിച്ച് ഒന്നാമദ്ധ്യായത്തിന്റെ ആദ്യഭാഗത്തിന്റെ പ്രത്യേകതയാണെന്ന് നമുക്കറിയാം. അതിലൊന്ന്, ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് തിരുവചനം പറഞ്ഞുവയ്ക്കുന്ന ചില ചിന്തകളിൽ ഒളിഞ്ഞുകിടപ്പുണ്ട്. അവൻ ജനിച്ചത് രക്തത്തിൽനിന്നോ, ശാരീരികാഭിലാഷത്തിൽനിന്നോ, പുരുഷന്റെ ഇശ്ചയിൽനിന്നോ അല്ല, ദൈവത്തിൽനിന്നത്രേ (യോഹ. 1, 13). പരിശുദ്ധ അമ്മയുടെ കന്യകാത്വം, യേശുവിന്റെ ജനനത്തിന് പിന്നിലെ ദൈവിക ഇടപെടൽ, തുടങ്ങിയ പല ചിന്തകളിലേക്കാണ് ഈ വചനഭാഗം നമ്മെ കൊണ്ടുപോവുക. യേശു ക്രിസ്തുവാണെന്ന്, ദൈവപുത്രനാണെന്ന് ഉദ്ബോധിപ്പിക്കുവാനാണ് യോഹന്നാൻ ഈ സുവിശേഷഭാഗത്തിലൂടെ പരിശ്രമിക്കുന്നത്

ക്രിസ്തുവിന് ലഭിക്കേണ്ട സ്വീകാര്യത

യോഹന്നാന്റെ സുവിശേഷത്തിന്റെ ഈ ആദ്യഭാഗത്ത് നാം കാണുന്ന പ്രധാനപ്പെട്ട മറ്റൊരു ചിന്ത, ക്രിസ്തുവിനെ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ടതാണ്. ഏതൊരുവനിലൂടെയാണോ ലോകം സൃഷ്ടിക്കപ്പെട്ടത്, ആ വചനത്തെ, ദൈവപുത്രനായ ക്രിസ്തുവിനെ ലോകം അറിഞ്ഞില്ലെന്നും, സ്വജനത്തിന്റെ അടുത്തേക്ക് വന്ന അവനെ അവർ സ്വീകരിച്ചില്ല എന്നും വചനം ഓർമ്മിപ്പിക്കുന്നുണ്ട്. എന്നാൽ, തന്നെ സ്വീകരിച്ചവർക്കെല്ലാം, തൻറെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ദൈവമക്കളാകാൻ അവൻ കഴിവുനൽകി (യോഹ. 1, 12) എന്ന് തിരുവചനം രേഖപ്പെടുത്തുന്നു.

യോഹന്നാന്റെ സാക്ഷ്യം

ദൈവികപദ്ധതിയുടെ ഭാഗമായിരുന്ന, ദൈവം അയച്ച സ്നാപകന്റെ സാക്ഷ്യത്തെക്കുറിച്ചും യോഹന്നാൻ നമ്മെ ഇവിടെ ഓർമ്മിപ്പിക്കുന്നുണ്ട്. വെളിച്ചത്തിന്, വചനമായ ക്രിസ്തുവിന് സാക്ഷ്യമേകാൻ വന്നവൻ. തന്നെക്കാൾ മുൻപുണ്ടായിരുന്നവനും, തന്നെക്കാൾ വലിയവനുമായ, ദൈവപുത്രനായ ക്രിസ്തുവിനെ അംഗീകരിക്കാനും, ലോകത്തിന് മുന്നിൽ ഏറ്റുപറയാനും തയ്യാറാകുന്ന താപസജന്മമാണ് അവന്റേത്. ക്രിസ്തുവിലൂടെയാണ് നാമേവരും കൃപ സ്വീകരിക്കുന്നതെന്ന്, ദൈവം തന്നെയായ, ഏകജാതനായ അവനാണ് നമുക്ക് ദൈവത്തെ വെളിപ്പെടുത്തിത്തരുന്നതെന്ന് യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു.

ക്രിസ്തുവിനെ അറിഞ്ഞ് അവനൊപ്പം ജീവിക്കുക

ദൈവത്തെ അവ്യക്തമായെങ്കിലും അറിഞ്ഞിരുന്ന, ദൈവാനുഭവത്തിന്റെയും അത്ഭുതങ്ങളുടെയും കഥകളറിഞ്ഞിരുന്ന യഹൂദജനത്തിന് മുന്നിൽ അവതരിക്കപ്പെടുന്ന വചനമാകുന്ന ക്രിസ്തുവിന് ലഭിക്കാത്ത സ്വീകാര്യത ആധുനികലോകത്തിലും ജീവിക്കപ്പെടുന്ന ഒരു യാഥാർത്ഥ്യമായി തുടരുന്നു എന്ന ദുഃഖസത്യം നമുക്ക് മുന്നിലുണ്ട്. സത്യത്തിന്റെ വെളിച്ചത്തെ ഭയപ്പെടുന്ന, അതിനെ സ്വീകരിക്കാൻ മടികാണിക്കുന്ന ഒരു ലോകം. മനുഷ്യനായി അവതാരം ചെയ്ത ക്രിസ്തുവിലൂടെ പിതാവേകുന്ന കൃപയും അനുഗ്രഹങ്ങളും സ്വന്തമാക്കാൻ കഴിയാത്ത, കൂടെ വസിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിൽനിന്ന് അകന്നു ജീവിക്കുന്ന, ദൈവജനം. ലോകത്തിന്റെ പ്രകാശമായ മിശിഹായുടെ വെളിച്ചത്തിൽനിന്നകന്ന് പാപത്തിന്റെയും അവിശ്വാസത്തിന്റെയും തിന്മകളുടെയും അന്ധകാരത്തിൽ തുടരുന്ന ജനം.

യോഹന്നാന്റെ തന്നെ സുവിശേഷത്തിൽ നാം വായിക്കുന്നതുപോലെ, "ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും" (യോഹ. 8, 12) എന്ന് പറയുന്ന ക്രിസ്തുവാകുന്ന വചനത്തെ, പ്രകാശത്തെ, ദൈവത്തിന്റെ ഏകജാതനെ തിരിച്ചറിയുവാനും, അംഗീകരിക്കുവാനും പിഞ്ചെല്ലുവാനുമാണ് ഇന്ന് തിരുവചനം നമ്മെ ആഹ്വാനം ചെയ്യുന്നത്.

സ്നാപകനെക്കുറിച്ച് തിരുവചനം പറയുന്ന ചില സന്ദേശങ്ങൾ നമ്മുടെ വ്യക്തിപരമായ ക്രൈസ്തവജീവിതത്തിലും സഭാപരമായ ജീവിതത്തിലും ഏറെ പ്രധാനപ്പെട്ടതാണ്. യോഹന്നാനെപ്പോലെ, ഓരോ മനുഷ്യർക്കും വചനത്തിന്റെ, ദൈവികവെളിച്ചത്തിന്റെ സാക്ഷ്യമേകാനുള്ള വിളി ദൈവം നൽകുന്നുണ്ട് എന്ന ഒരു ചിന്ത നമ്മുടെ ജീവിതങ്ങൾക്ക് മുന്നിൽ ഒരു ഉദ്ബോധനമായി ഉയർന്നുനിൽക്കുന്നുണ്ട്. വിശ്വാസം ജീവിക്കാൻ മാത്രമുള്ളതല്ല, സാക്ഷ്യപ്പെടുത്താൻ കൂടിയുള്ളതാണ്. അന്ധകാരത്തെ അകറ്റുന്ന പ്രകാശത്തിന്, മാംസമായിത്തീരുന്ന വചനത്തിന്, ദൈവത്തെ വെളിപ്പെടുത്തിത്തരുന്ന, അവനിലേക്കുള്ള വഴിയായി മാറുന്ന ക്രിസ്തുവിനെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്താൻ വചനം നമ്മെ ക്ഷണിക്കുന്നു. എഫേസോസുകാർക്കെഴുതിയ ലേഖനത്തിൽ വിശുദ്ധ പൗലോസ് ഓർമ്മിപ്പിക്കുന്നതുപോലെ, "തന്റെ മുമ്പാകെ സ്നേഹത്തിൽ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്കാൻ ലോകസ്ഥാപനത്തിന് മുൻപുതന്നെ അവിടുന്ന് നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു" (എഫേ. 1, 4) എന്ന തിരിച്ചറിവോടെ, ദൈവമക്കളായിരിക്കുവാനുള്ള നമ്മുടെ വിളി തിരിച്ചറിഞ്ഞ് ജീവിക്കാം. ദൈവമഹത്വം ലോകമെങ്ങും നിറയട്ടെ! അവന്റെ പ്രകാശം ലോകത്തിന്റെയും നമ്മുടെ ഹൃദയങ്ങളിലെയും അന്ധകാരത്തെ നീക്കിക്കളയട്ടെ! വചനത്തെ അറിഞ്ഞ്, മാംസമായിത്തീർന്ന ദൈവപുത്രനെ സ്നേഹിച്ചും സ്വീകരിച്ചും, ദൈവഹിതമനുസരിച്ച് ജീവിച്ചും, ലോകത്തിലെ അവന്റെ സാന്നിദ്ധ്യത്തിന് സാക്ഷ്യമേകിയും ദൈവത്തിന് പ്രീതികരമായ ജീവിതം നയിക്കാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ജനുവരി 2026, 15:47