ലിയോ പതിനാലാമൻ പാപ്പായും ഫിലിപ്പ് ലാത്സറീനിയും ലിയോ പതിനാലാമൻ പാപ്പായും ഫിലിപ്പ് ലാത്സറീനിയും  (@Vatican Media)

ഗാസാ ഒരു അവശിഷ്ടകൂമ്പാരമായി മാറിയിരിക്കുന്നു: അന്താരാഷ്ട്ര നിയമം പുനഃസ്ഥാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ

ഗാസാ മുനമ്പിലെ മാനവികസ്ഥിതി തീർത്തും മോശമാണെന്നും, പ്രദേശത്ത് അന്താരാഷ്ട്രനിയമം പുനഃസ്ഥാപിക്കണമെന്നും, മധ്യപൂർവ്വദേശങ്ങളിലെ പാലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഏജൻസി കമ്മീഷണർ (UNRWA) ഫിലിപ്പ് ലാത്സറീനി (Philippe Lazzarini). ലിയോ പതിനാലാമൻ പാപ്പായുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ ന്യൂസിനോട് സംസാരിക്കവെ, പാലസ്തീന പ്രദേശത്തെ ഗുരുതരമായ മാനവികപ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസാ മുനമ്പിലെ മാനവികസ്ഥിതി തീർത്തും മോശമാണെന്നും, പ്രദേശത്ത് അന്താരാഷ്ട്രനിയമം പുനഃസ്ഥാപിക്കണമെന്നും, മധ്യപൂർവ്വദേശങ്ങളിലെ പാലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഏജൻസി കമ്മീഷണർ (UNRWA) ഫിലിപ്പ് ലാത്സറീനി (Philippe Lazzarini). ലിയോ പതിനാലാമൻ പാപ്പായുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ ന്യൂസിനോട് സംസാരിക്കവെ, പാലസ്തീന പ്രദേശത്തെ ഗുരുതരമായ മാനവികപ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ഗാസാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒറ്റപ്പെടലും ആക്രമണങ്ങളും നേരിടുന്ന പാലസ്തീൻ ജനതയ്ക്ക് സഭ നൽകിവരുന്ന പിന്തുണ കമ്മീഷണർ ലാത്സറീനി പ്രത്യേകം അനുസ്മരിച്ചു. അന്താരാഷ്ട്രസമൂഹം പുറം തിരിഞ്ഞ അവസ്ഥയിലായിരുന്ന പാലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യത്തിന്റെയും, ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യാശയുടെയും സന്ദേശമാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗാസാ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജെറുസലേം എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായി വരികയാണെന്ന് താൻ പരിശുദ്ധ പിതാവിനെ അറിയിച്ചതായി ലാത്സറീനി പറഞ്ഞു. പ്രദേശത്ത് തുടരുന്ന സംഘർഷങ്ങൾ, പ്രശ്‌നപരിഹാരത്തിന്റെ സാദ്ധ്യതകൾ ഒന്നും കാണിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

ഐക്യരാഷ്ട്രസഭാ ഏജൻസിയുടെ പ്രവർത്തനങ്ങൾ തുടരേണ്ടതിന്റെ ആവശ്യകത അനുസ്മരിച്ച കമ്മീഷണർ, പാലസ്തീനിലെ പൊതുമേഖലാ സ്ഥാപനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താതെ മറ്റൊരു പരിഹാരം ഉണ്ടാകുക എളുപ്പമല്ലെന്നും വിശദീകരിച്ചു.

ഏതാണ്ട് എഴുപത് വർഷങ്ങൾക്ക് മുൻപ് ഹ്രസ്വകാലത്തേക് മാത്രമായി പദ്ധതിയിട്ട് ആരംഭിച്ച ഈ ഏജൻസി ഇന്നും നിലനിൽക്കുന്നത്, ഏജൻസിയുടെ പരാജയമല്ല, രാഷ്ട്രീയ ഇശ്ചയുടെ കുറവാണ് കാണിക്കുന്നതെന്ന് ലാത്സറീനി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്രസമൂഹം ഇനിയും പാലസ്തീൻകരുടെ പ്രശ്നങ്ങൾക്കോ, ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിനോ നിലനിൽക്കുന്ന ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഒരു രാജ്യം അതിലെ ജനങ്ങൾക്ക് ചെയ്യുന്ന, വിദ്യാഭ്യാസ, പ്രാഥമികാരോഗ്യസംരക്ഷണ സേവനങ്ങൾക്ക് സമാനമായ പ്രവർത്തനങ്ങളുമായി ഒരു മാനവ വികസന സംഘടനയായാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഏജൻസി പ്രവർത്തിക്കുന്നതെന്നും കമ്മീഷണർ അറിയിച്ചു.

പ്രദേശത്ത് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അക്രമങ്ങൾ അനുദിനം തുടരുകയാണെന്ന് ലാത്സറീനി അപലപിച്ചു. പ്രദേശത്തെ യഥാർത്ഥ വിവരങ്ങൾ പുറത്തുവരേണ്ടതിന്റെയും, സത്യസന്ധമായ മാധ്യമപ്രവർത്തനം നടക്കേണ്ടതിന്റെയും ആവശ്യവും അദ്ദേഹം എടുത്തുപറഞ്ഞു. 

ജനുവരി 12 തിങ്കളാഴ്ച രാവിലെയായിരുന്നു പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ലാത്സറീനിക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ജനുവരി 2026, 13:51