തിരയുക

സുഡാനിൽനിന്നുള്ള അഭയാർത്ഥികൾ സുഡാനിൽനിന്നുള്ള അഭയാർത്ഥികൾ  (ANSA)

സുഡാനിൽ കുട്ടികളുൾപ്പെടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ ദുരിതത്തിൽ: യൂണിസെഫ്

സുഡാനിൽ 2023 ഏപ്രിൽ മുതൽ ആരംഭിച്ച സംഘർഷങ്ങളുടെ ഭാഗമായി നിരവധി കുട്ടികൾ കൊല്ലപ്പെടുന്നുവെന്നും, ആയിരക്കണക്കിന് കുട്ടികൾക്ക് പരിക്കേൽക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. 2026-ൽ രാജ്യത്ത് മൂന്നേകാൽ കോടിയിലധികം ആളുകൾക്ക് അടിയന്തിര മാനവികസഹായം ആവശ്യമായി വരുമെന്നും അവരിൽ പകുതിയും കുട്ടികളാണെന്നും ശിശുക്ഷേമനിധി അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മൂന്ന് വർഷത്തോളമായി സുഡാനിൽ തുടരുന്ന സംഘർഷങ്ങൾ മൂലം 2026-ൽ രാജ്യത്തെ മൂന്നിൽ രണ്ട് ശതമാനം ആളുകൾക്കും അടിയന്തിര മാനവികസഹായം ആവശ്യമായി വരുമെന്നും, അവരിൽ പകുതിയോളം കുട്ടികളാണെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കണക്കുകൾ പ്രകാരം നടപ്പുവർഷത്തിൽ മൂന്ന് കോടി മുപ്പത്തിയേഴ് ലക്ഷത്തോളം ആളുകൾക്ക് ഇത്തരത്തിൽ സഹായങ്ങൾ ആവശ്യമായി വരുമെന്നാണ് സംഘടന കണക്കുകൂട്ടുന്നത്.

സുഡാനിലെ വടക്കൻ കൊർദോഫാനിലുള്ള അൽ ഒബൈദിൽ ഇക്കഴിഞ്ഞ ആഴ്ചയിൽ മാത്രം എട്ടു കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് അറിയിച്ച യൂണിസെഫ്, രാജ്യത്ത് സംഘർഷങ്ങളിലായിരിക്കുന്ന കക്ഷികൾ തമ്മിലുള്ള സംഘട്ടനങ്ങളിൽ അന്താരാഷ്ട്രനിയമങ്ങളുടെ തുടർച്ചയായ ലംഘനങ്ങളാണ് നടക്കുന്നതെന്നും, ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാനുള്ള സാദ്ധ്യതകൾ അപകടകരമായ നിലയിൽ ചുരുങ്ങിവരികയാണെന്നും അറിയിച്ചു-

2023 ഏപ്രിൽ മാസത്തിൽ സുഡാനിൽ ആരംഭിച്ച സായുധപോരാട്ടങ്ങളുടെ കൂടി ഫലമായി ഈ വർഷത്തിൽ ഏതാണ്ട് രണ്ടുകോടിയിൽപ്പതിനായിരം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടിവരുമെന്ന് യൂണിസെഫ് മുന്നറിയിപ്പ് നൽകി. അൽ ഫാഷർ, കാടുഗ്ലി എന്നിവിടങ്ങളിൽ ഇതിനോടകം ക്ഷാമം സ്ഥിരീകരിച്ചുകഴിഞ്ഞുവെന്നും, ഗ്രേറ്റർ ഡാർഫറിലും ഗ്രേറ്റർ കോർദോഫാനിലുമുള്ള മറ്റ് ഇരുപതോളം പ്രദേശങ്ങൾ അപകടസ്ഥിതിയിലാണെന്നും സംഘടനാ മുന്നറിയിപ്പ് നൽകി. ലോകത്തിൽത്തന്നെ ഏറ്റവും വലിയ മാനവികപ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിൽ ഒന്നാണ് സുഡാനെന്നും ശിശുക്ഷേമനിധി അറിയിച്ചു.

നിലവിലെ കണക്കുകൾ പ്രകാരം, സുഡാനിൽ ഏതാണ്ട് അൻപത് ലക്ഷം കുട്ടികളാണ് സ്വഭവനങ്ങൾ ഉപേക്ഷിച്ച് ക്യാമ്പുകളിലോ മറ്റു സംവിധാനങ്ങളിലോ കഴിയുന്നത്. ദിനം പ്രതി അയ്യായിരത്തോളം കുട്ടികളാണ് ഇത്തരത്തിൽ രാജ്യത്തിനുള്ളിൽ അഭയാർത്ഥികളായി മാറുന്നത്. രാജ്യത്ത് സംഘർഷങ്ങൾ കഴിഞ്ഞ ഏതാണ്ട് ആയിരത്തോളം ദിവസങ്ങളായിട്ടും മാറ്റമില്ലാതെ തുടരുകയാണ്.

സുഡാനിൽ ലക്ഷക്കണക്കിന് കുട്ടികളാണ് ബലാത്സംഗത്തിന്റെയും, മറ്റു തരത്തിലുള്ള ചൂഷണങ്ങളുടെയും ഭീഷണി നേരിടുന്നതെന്നും യൂണിസെഫ് അറിയിച്ചു. രാജ്യത്ത് ഇത് ഒരു യുദ്ധതന്ത്രമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും, ഒരു വയസ്സുള്ള കുട്ടികൾ പോലും ഇത്തരത്തിലുള്ള ഭീഷണി നേരിടുന്നുണ്ടെന്നും സംഘടന ഓർമ്മിപ്പിച്ചു.

രാജ്യത്തെ ആരോഗ്യപരിപാലനസംവിധാനങ്ങളുടെ തകർച്ചയും ജലദൗർലഭ്യതയും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാൻ സാധിക്കാത്തതും, പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നുണ്ടെന്നും, അഞ്ചുവയസ്സിൽ താഴെയുള്ള ഏതാണ്ട് മുപ്പത്തിയഞ്ച് ലക്ഷത്തോളം കുട്ടികളുടെ ജീവന് ഭീഷണിയുയർത്തുന്നുണ്ടെന്നും ശിശുക്ഷേമനിധി മുന്നറിയിപ്പ് നൽകി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ജനുവരി 2026, 12:37