ലോകം നേരിടുന്ന വെല്ലുവിളികളിലേക്ക് നയതന്ത്രജ്ഞരുടെ ശ്രദ്ധ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മനുഷ്യാവകാശങ്ങൾക്കുനേരെ കനത്ത വെല്ലുവിളികളാണ് ലോകത്ത് ഉയർന്നുവരുന്നതെന്നും, സമാധാനം പലയിടങ്ങളിലും അപ്രത്യക്ഷമാകുകയാണെന്നും, അധികാരത്തിന്റെയും ബലപ്രയോഗത്തിന്റെയും യുക്തി നയതന്ത്രത്തിന് മേൽ മേൽക്കൈ നേടുന്ന സ്ഥിതയാണ് നമുക്ക് മുന്നിലുള്ളതെന്നും ലിയോ പതിനാലാമൻ പാപ്പാ. എല്ലാ വർഷത്തെയും പതിവുപോലെ, വത്തിക്കാനിലേക്കുള്ള നയതന്ത്രജ്ഞർക്കും, അവരുടെ കുടുംബങ്ങൾക്കും ജനുവരി ഒൻപതാം തീയതി അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ്, സമകാലീനലോകം നേരിടുന്ന വെല്ലുവിളികളിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.
ആധുനികസമൂഹവും വ്യക്തികളും നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് സംസാരിച്ച പാപ്പാ, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകൾ പരാമർശിച്ചുകൊണ്ട്, മനുഷ്യാവകാശങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ മതസ്വാതന്ത്ര്യം പലയിടങ്ങളിലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളതെന്ന് ഓർമ്മിപ്പിച്ചു. ലോകത്ത് അറുപത്തിനാല് ശതമാനം ആളുകളും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു.
ഇന്ന് ഏറ്റവും കൂടുതൽ മതപീഡനങ്ങൾ നടക്കുന്നത് ക്രൈസ്തവർക്കെതിരാണെന്ന് അപലപിച്ച പാപ്പാ, ഏതാണ്ട് മുപ്പത്തിയെട്ട് കോടിയോളം ക്രൈസ്തവരാണ് മതവിശ്വാസത്തിന്റെ പേരിൽ ശക്തമായ എതിർപ്പുകളും അവഗണനകളും നേരിടുന്നതെന്ന് അറിയിച്ചു. ബംഗ്ലാദേശ്, സഹേൽ, നൈജീരിയ, ഡമാസ്കസ്, കാബോ ദെൽഗാദോ, മൊസാംബിക് എന്നിവിടങ്ങളെ പാപ്പാ പ്രത്യേകം പരാമർശിച്ചു. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളായ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽപ്പോലും വചനപ്രക്ഷോഷണം നടത്തുന്നതിനെതിരെ ഉയർന്നുവരുന്ന നിബന്ധനകളും പാപ്പാ എടുത്തുപറഞ്ഞു.
ലോകത്ത് നയതന്ത്രം യുദ്ധത്തിന്റെയും അധികാരത്തിന്റെയും യുക്തിക്ക് വഴങ്ങിക്കൊടുക്കുന്നത്, മനുഷ്യാവകാശങ്ങളും, സ്വാതന്ത്ര്യവും ഇല്ലാതാക്കാൻ ഉപകരിക്കൂ എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. രാജ്യാതിർത്തികൾ അതിക്രമിച്ച് കടക്കുന്നതിനെതിരെ രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷം സ്വീകരിച്ചുപോന്നിരുന്ന നയങ്ങൾക്കെതിരായ പ്രവണതകളാണ് ലോകത്ത് ഉയർന്നുവരുന്നതെന്ന് അപലപിച്ച പാപ്പാ എന്നാൽ ഇത്തരം പ്രവണതകൾ നിയമവാഴ്ചയ്ക്ക് ഭീഷണിയുയർത്തുന്നവയാണെന്ന് ഓർമ്മിപ്പിച്ചു. ആയുധങ്ങൾ ഉപയോഗിച്ച് സമാധാനത്തിനായി ശ്രമിക്കുന്നതിലെ വൈരുദ്ധ്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു.
ഉക്രൈൻ യുദ്ധം, ഗാസാ പ്രദേശത്ത് തുടരുന്ന അക്രമണങ്ങൾ, കരീബിയൻ കടലിലും പസഫിക് തീരങ്ങളിലും നിലനിൽക്കുന്ന സംഘർഷങ്ങൾ, ഹൈറ്റിയിലെ അസ്ഥിരത, സുഡാൻ, തെക്കൻ സുഡാൻ, മ്യാൻമറിലെ സംഘർഷങ്ങൾ തുടങ്ങി ലോകത്ത് മാനവികതയുടെ സമാധാനം ഇല്ലാതാക്കുന്ന സംഘർഷങ്ങൾ പാപ്പാ തൻറെ പ്രഭാഷണത്തിൽ പരാമർശിച്ചു.
മാനവികനിയമങ്ങൾ പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകത, ന്യൂക്ലിയർ ആയുധങ്ങൾ ഉയർത്തുന്ന ഭീഷണി, നിർമ്മിതബുദ്ധിയുടെ ഉപയോഗത്തിലുണ്ടാകേണ്ട ധാർമ്മികത, കുടിയേറ്റക്കാർ തടവുകാർ തുടങ്ങിയവർക്ക് ലഭിക്കേണ്ട പരിഗണന, ജീവിക്കാനുള്ള അവകാശം, സമാധാനശ്രമങ്ങളുടെയും ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും ആവശ്യം തുടങ്ങിയ വിഷയങ്ങളും പരിശുദ്ധ പിതാവിന്റെ സുദീർഘമായ പ്രഭാഷണത്തിൽ ഇടം പിടിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
