റഷ്യൻ ആക്രമണങ്ങൾക്കിടയിൽ അതിജീവനത്തിന്റെ പോരാട്ടത്തിലാണ് ഉക്രൈനിലെ മനുഷ്യരെന്ന് കാരിത്താസ് സംഘടന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
റഷ്യ ഉക്രൈനിൽ തുടരുന്ന കടുത്ത ആക്രമണങ്ങൾ മൂലം രാജ്യത്തെ ജനത്തിന് സാധാരണ ജീവിതം അസാധ്യമാണെന്നും, അതിശൈത്യത്തിന്റെ വരവും, പുതുവർഷത്തിലും തുടരുന്ന ബോംബാക്രമണങ്ങളും അതിജീവനം കൂടുതൽ ബുദ്ധിമുട്ടേറിയതാക്കുന്നുവെന്നും ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാസഭയിലെ കാരിത്താസ് സംഘടനാവിഭാഗത്തിൽ മാനവികസഹായവിതരണവിഭാഗം ഡയറക്ടറായി പ്രവർത്തിക്കുന്ന വലെന്തീൻ ബേബിക് വത്തിക്കാൻ ന്യൂസിനനുവദിച്ച ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ജനുവരി എട്ടിനും ഒമ്പതിനും ഇടയിലുള്ള രാത്രിയിലും റഷ്യൻ സേന ഉക്രൈനുനേരെ കടുത്ത ബോംബാക്രമണം നടത്തിയെന്നും, വിവിധയിടങ്ങളിൽ തപോർജ്ജോത്പാദനകേന്ദ്രങ്ങളും വീടുകളും ആക്രമിക്കപ്പെട്ടെന്നും കാരിത്താസ് സംഘടന അറിയിച്ചു.
കിയെവിലുണ്ടായ ആക്രമണത്തിൽ നാല് പേർ മരിക്കുകയും ഇരുപത്തിയാറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനത്തെ പകുതിയോളം വരുന്ന ആറായിരത്തോളം ജനവാസകേട്ടിടങ്ങളിലേക്കുള്ള താപോർജ്ജവിതരണവും, പലയിടങ്ങളിലും ജലവിതരണവും തടസ്സപ്പെട്ടു.
ല്വിവ് നഗരത്തിലും ഒരു പ്രധാന ജലവിതരണകേന്ദ്രം അക്രമിക്കപ്പെട്ടുവെന്ന് കാരിത്താസ് സംഘടന അറിയിച്ചു. വരും ദിവസങ്ങളിൽ കിയെവിൽ മൈനസ് 11 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അനുഭവപ്പെട്ടേക്കാമെന്ന കാലാവസ്ഥാപ്രവചനമുണ്ടെന്നും സംഘടന ഓർമ്മിപ്പിച്ചു.
തുടർച്ചയായ ആക്രമണങ്ങൾ മൂലം മാസങ്ങൾക്ക് മുൻപേ കൂടുതൽ ദുരിതപൂർണ്ണമായിരുന്ന ജീവിതം ഉക്രൈനിലെ ശൈത്യകാലത്തിന്റെ വരവോടെ കൂടുതൽ ദുഷ്കരമായെന്നും, അതിർത്തിപ്രദേശങ്ങളിലെ ജനങ്ങളിൽ പലരും താപോർജ്ജത്തിന്റെ ലഭ്യതക്കുറവ് അനുഭവിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ അതിജീവനത്തിനായി ഏറെ ബുദ്ധിമുട്ടേണ്ടി വരുണ്ടെന്നും ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കാരിത്താസ് വിഭാഗം അറിയിച്ചു.
ഉക്രൈനിലെ വിവിധ മേഖലകളിൽ വസിക്കുന്ന ജനങ്ങൾ കടുത്ത ആക്രമണങ്ങൾ മൂലം കടുത്ത മാനസികപ്രതിസന്ധിയാണ് ജീവിക്കുന്നതെന്നും, അതിജീവനത്തിനുള്ള പ്രയത്നത്തിലാണ് അവരെന്നും വലെന്തീൻ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. ഉക്രൈനിലെ സാധാരണ ജനത്തിന് നൽകുന്ന സഹായസഹകരണങ്ങൾക്ക് തങ്ങൾ നന്ദിയുളളവരാണെന്ന് കാരിത്താസ് പ്രതിനിധി അറിയിച്ചു. ക്രൈസ്തവലോകം സാഹോദര്യത്തിന്റെ ലോകമാണെന്ന് തെളിയിച്ചുതരുന്ന പ്രവർത്തികളാണ് തങ്ങൾ ഈ സഹായങ്ങൾക്ക് പിന്നിൽ കാണുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: