സപ്പൊറീഷ്യയിൽ നടന്ന റഷ്യൻ ആക്രമണത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ, തെക്കുകിഴക്കൻ ഉക്രൈനിലെ സപ്പൊറീഷ്യയിൽ നടന്ന ഒരു ആക്രമണത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. സാമൂഹ്യമാധ്യമമായ എക്‌സിൽ ഡിസംബർ 18 വ്യാഴാഴ്ച കുറിച്ച ഒരു സന്ദേശത്തിലൂടെ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂനിസെഫാണ് ഈയൊരു വിവരം പുറത്തുവിട്ടത്.
ഉക്രൈനിലെ യുവജനങ്ങൾ ഉൾപ്പെടെ ഏവരെയും കാത്തിരിക്കുന്നത്, തുടർച്ചയായ ആക്രമണങ്ങളാൽ തകർക്കപ്പെട്ട ഒരു ഉത്സവകാലമാണെന്ന് യൂണിസെഫ് തങ്ങളുടെ സന്ദേശത്തിൽ എഴുതി. യൂറോപ്പിലെങ്ങും ശൈത്യകാലം കടുത്തതോടെ ഉക്രൈനിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുഃസ്സഹമായിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങൾ മൂലം ശുദ്ധജലലഭ്യതയും വിദ്യുശ്ചക്തിയും പലയിടങ്ങളിലും തടസ്സപ്പെട്ടിരിക്കുകയാണെന്ന് ശിശുക്ഷേമനിധി അറിയിച്ചു. ഇത് ഏവരുടെയും, പ്രത്യേകിച്ച് കുട്ടികളുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണ്ണമാക്കുമെന്ന് എഴുതിയ യൂണിസെഫ്, ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് തങ്ങളുടെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
ഡിനീപ്പർ നദിയോട് ചേർന്നുള്ള സപ്പൊറീഷ്യയിൽ ഏഴുലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഈ ആക്രമണത്തിൽ അഞ്ചു കുട്ടികളടക്കം ഇരുപത്തിയൊൻപത് പേർക്ക് പരിക്കേറ്റതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: