തിരയുക

ഉക്രൈനിൽനിന്നുള്ള ഒരു ചിത്രം ഉക്രൈനിൽനിന്നുള്ള ഒരു ചിത്രം  (ANSA)

ഉക്രൈനിൽ ബുദ്ധിമുട്ടുന്ന നാൽപ്പത്തിമൂന്ന് ലക്ഷം ആളുകൾക്കായി സഹായം അഭ്യർത്ഥിച്ച് യൂണിസെഫ്

ഏഴേകാൽ ലക്ഷം കുട്ടികളുൾപ്പെടെ ഉക്രൈനിൽ സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർക്കായി 35 കോടി ഡോളറിന്റെ സഹായം അഭ്യർത്ഥിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഡിസംബർ 12-ന് പത്രക്കുറിപ്പിറക്കി. റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായി 2022 മുതൽ നാളിതുവരെ കൊല്ലപ്പെട്ടത് 3.120 കുട്ടികൾ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വർഷങ്ങളായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിൻെറ പശ്ചാത്തലത്തിൽ, ഉക്രൈനിൽ കടുത്ത പ്രതിസന്ധികൾ നേരിടുന്ന ലക്ഷക്കണക്കിന് ആളുകൾക്കായി സഹായം അഭ്യർത്ഥിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഡിസംബർ 12 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് യൂണിസെഫ് ഇത്തരമൊരു അഭ്യർത്ഥന മുന്നോട്ടുവച്ചത്. 2022 മുതൽ നടന്നുവരുന്ന യുദ്ധത്തിന്റെ ഭാഗമായി രാജ്യത്ത് 3.120 കുട്ടികൾ ഇരകളായിട്ടുണ്ടെന്ന് സംഘടന എഴുതി.

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായി ഉക്രൈനിൽ ഏഴേകാൽ ലക്ഷം കുട്ടികളുൾപ്പെടെ നാൽപ്പത്തിമൂന്ന് ലക്ഷം ആളുകൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് അറിയിച്ച യൂണിസെഫ്, ഇവർക്ക് നൽകേണ്ട ജീവൻരക്ഷാ മാനവികസഹായങ്ങൾക്കായി 35 കോടി ഡോളറിന്റെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കി. യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുന്നതിനിടെയാണ് "കുട്ടികൾക്കായുള്ള മാനവിക ഇടപെടൽ 2026" എന്ന പേരിൽ ഇത്തരമൊരു ആഗോള അഭ്യർത്ഥന ശിശുക്ഷേമനിധി മുന്നോട്ടുവച്ചത്.

റഷ്യ-ഉക്രൈൻ യുദ്ധം കുട്ടികളുടെ ജീവിതം മാത്രമല്ല, അവരുടെ ഭാവിയും കടുത്ത പ്രതിസന്ധിയിലേക്കാണ് കൊണ്ടുപോകുന്നതെന്ന്, ഉക്രൈനിലേക്കുള്ള യൂണിസെഫ് പ്രതിനിധി മുനീർ മമ്മദ്സാദേ (Munir Mammadzade) പ്രസ്താവിച്ചു.

തുടർച്ചയായ ആക്രമണങ്ങളും, വർദ്ധിച്ചുവരുന്ന ദാരിദ്ര്യവും മൂലം, കുട്ടികളും അവരുടെ കുടുംബങ്ങളും ജീവിക്കേണ്ടിവരുന്ന സാഹചര്യങ്ങൾ കൂടുതൽ വഷളായി വരികയാണെന്ന് അറിയിച്ച ഈ ഐക്യരാഷ്ട്രസഭാസംഘടന, കുട്ടികളുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങളിൽ സഹായിക്കാനും, അവരുടെ ജീവൻ സംരക്ഷിക്കാനും തങ്ങൾക്ക് സഹായം ആവശ്യമാണെന്ന് വ്യക്തമാക്കി.

യുദ്ധം മൂലം സാമൂഹ്യസേവനവിഭാഗങ്ങൾ നേരിടുന്ന പ്രതിസന്ധികൾ, രാജ്യത്തൊട്ടാകെയുള്ള കുട്ടികളുടെ ജീവിതത്തെ വലിയ തോതിൽ ബാധിക്കുന്നുണ്ടെന്ന് യൂണിസെഫ് അറിയിച്ചു. രാജ്യത്ത് ആളുകൾക്ക് ശുദ്ധജലം, ശുചിത്വസേവനം എന്നിവ ഉറപ്പുവരുത്തുക, മനുഷ്യാന്തസ്സ്‌ ഉറപ്പാക്കുക, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങി വിവിധ മേഖലകളിൽ തങ്ങളുടെ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ശിശുക്ഷേമനിധി എഴുതി.

ഉക്രൈന് പുറത്ത് യൂറോപ്യൻ രാജ്യങ്ങളിൽ അഭയം തേടിയിരിക്കുന്ന ഒന്നരലക്ഷത്തിലധികം (1.65.000) കുട്ടികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാൻ കൂടിയാണ് യൂണിസെഫ് നിലവിൽ സഹായം അപേക്ഷിച്ചിരിക്കുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഡിസംബർ 2025, 14:11