തിരയുക

പാലസ്തീനയിൽ കുട്ടികൾക്കുവേണ്ടി യൂണിസെഫ് തുറന്ന ഒരു ടെന്റിന് മുന്നിൽനിന്നുള്ള ഒരു ദൃശ്യം പാലസ്തീനയിൽ കുട്ടികൾക്കുവേണ്ടി യൂണിസെഫ് തുറന്ന ഒരു ടെന്റിന് മുന്നിൽനിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടി എഴുപത്തിയൊൻപതാം വർഷത്തിലേക്ക് യൂണിസെഫ്

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം, കുട്ടികളെ സഹായിക്കാനായി സ്ഥാപിക്കപ്പെട്ട യൂണിസെഫ് തങ്ങളുടെ സേവനത്തിന്റെ എഴുപത്തിയൊൻപത് വർഷങ്ങൾ പൂർത്തിയാക്കി. ഡിസംബർ 11-നായിരുന്നു ശിശുക്ഷേമനിധിയുടെ സ്ഥാപനവർഷികം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തങ്ങളുടെ ബാല്യവും അവകാശങ്ങളും നിഷേധിക്കപ്പെടുന്ന ഒരു ലോകത്ത് ജീവിക്കാൻ വിധിക്കപ്പെടുന്ന കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് തങ്ങളുടെ സ്ഥാപനത്തിന്റെ 79 വർഷങ്ങൾ പൂർത്തിയാക്കി. യൂണിസെഫ് സ്ഥാപിക്കപ്പെട്ടതിന്റെ വാർഷികവുമായി ബന്ധപ്പെട്ട് ഡിസംബർ 11 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിൽ, യൂണിസെഫ് ഇറ്റലിയുടെ പ്രസിഡന്റ് നിക്കൊളാ ഗ്രസ്സിയാനോ (Nicola Graziano), ഈ പ്രസ്ഥാനം നിലനിൽക്കേണ്ടതിന്റെ ആവശ്യം തന്റെ പ്രസ്താവനയിൽ വിശദീകരിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം, ദുരിതാവസ്ഥകളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്ന കുട്ടികളെ സഹായിക്കാനായി സ്ഥാപിക്കപ്പെട്ടതാണ് യൂണിസെഫ് സംഘടന. എന്നാൽ എഴുപത്തിയൊൻപത് വർഷങ്ങൾക്ക് ശേഷവും ഈ സംഘടനയുടെ സ്ഥാപനലക്ഷ്യം ഇപ്പോഴും അടിസ്ഥാനപരമായി നിലനിൽക്കുന്നുവെന്ന് എഴുതിയ യൂണിസെഫ് പ്രതിനിധി, ലോകത്ത് വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും യുദ്ധങ്ങളും, അവയുൾപ്പെടെയുള്ള കാരണങ്ങളാൽ നിരവധി രാജ്യങ്ങളിൽ കുട്ടികൾ ഉൾപ്പെടെ ഏവരും അഭിമുഖീകരിക്കേണ്ടിവരുന്ന പട്ടിണിയും, ധനസഹായക്കുറവും, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടി.

മുൻപെന്നത്തേതിനേയും കാൾ കൂടുതൽ അക്രമങ്ങളും അനീതിയുമാണ് ഇന്നത്തെ കുട്ടികൾ നേരിടുന്നതെന്ന് എഴുതിയ യൂണിസെഫ് പ്രതിനിധി, 2024-ൽ മാത്രം കുട്ടികൾക്ക് നേരെ 41.370 അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി. കഴിഞ്ഞ ഇരുപത് വർഷങ്ങളിലെ ശരാശരിയുടെ രണ്ടിരട്ടിയാണ് കഴിഞ്ഞ വർഷം കുട്ടികൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെന്ന് സംഘടന വിശദീകരിച്ചു.

2026-ൽ ഇരുപത് കോടിയിലധികം കുട്ടികൾക്ക് മാനവികസഹായം ആവശ്യമായി വരുമെന്ന് എഴുതിയ യൂണിസെഫ്, കഴിഞ്ഞ ദിവസങ്ങളിൽ, 133 രാജ്യങ്ങളിലായി ഏഴേകാൽ കോടിയോളം കുട്ടികൾക്കുവേണ്ടി സാമ്പത്തികസഹായം തങ്ങൾ അപേക്ഷിച്ചിരുന്നുവെന്ന് ഓർമ്മിപ്പിച്ചു.

യൂണിസെഫിനുവേണ്ടി പ്രവർത്തിക്കുന്ന ഏവർക്കും നന്ദി പറഞ്ഞ ഗ്രസ്സിയാനോ, ദുർബലരായ കുട്ടികൾക്കുവേണ്ടിയുള്ള തങ്ങളുടെ പ്രസ്ഥാനത്തെ സഹായിക്കുന്ന സന്നദ്ധസേവകരെയും പ്രത്യേകമായി അനുസ്മരിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഡിസംബർ 2025, 14:06