കോംഗോയിലെ സംഘർഷങ്ങൾ മൂലം കുടിയൊഴിക്കപ്പെട്ടവർ അഞ്ചുലക്ഷം കവിഞ്ഞു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ആഫ്രിക്കൻ രാജ്യമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ തുടരുന്ന കടുത്ത അക്രമങ്ങൾ മൂലം കുടിയൊഴിയാൻ നിർബന്ധിതരായവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞെന്നും, അതിൽ ഒരുലക്ഷത്തിലധികവും കുട്ടികളാണെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഡിസംബർ 15 തിങ്കളാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് കോംഗോയിലെ സാധാരണ ജനം കടന്നുപോകുന്ന കടുത്ത സാഹചര്യങ്ങളെക്കുറിച്ച് സംഘടന വിശദീകരിച്ചത്.
കോംഗോയുടെ കിഴക്കൻ പ്രദേശത്ത്, പ്രത്യേകിച്ച് തെക്കൻ കിവുവിൽ അടുത്തിടെ സംഘർഷങ്ങൾ കൂടുതൽ വഷളായതിനെത്തുടർന്ന് പതിനായിരക്കണക്കിന് ആളുകൾ സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായിട്ടുണ്ടെന്നും, അവരിൽ പലരും രാജ്യത്തിനുള്ളിലും സമീപരാജ്യങ്ങളായ ബുറുണ്ടി, റുവാണ്ട എന്നിവിടങ്ങളിലും അഭയാർത്ഥികളായി കഴിയുകയാണെന്നും ഐക്യരാഷ്ട്രസഭാസംഘടന തങ്ങളുടെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഡിസംബർ 2 മുതൽ 15 വരെ തീയതികളിൽ മാത്രം നൂറുകണക്കിന് ആളുകളാണ് രാജ്യത്ത് കൊല്ലപ്പെട്ടതെന്ന് ഓർമ്മിപ്പിച്ച ശിശുക്ഷേമനിധി, ഈ കാലയളവിൽ മാത്രം രാജ്യത്ത് അക്രമികൾ 7 സ്‌കൂളുകൾക്ക് നേരെ ആക്രമണം നടത്തിയതായും ഈ സംഭവങ്ങളിൽ നാല് വിദ്യാർത്ഥികൾ മരണമടഞ്ഞതായും ആറ് കുട്ടികൾക്ക് പരിക്കേറ്റതായും വ്യക്തമാക്കി.
ഡിസംബർ 6-നും 11-നുമിടയിൽ മാത്രം 50.000-ലധികം ആളുകൾ ബുറുണ്ടി അതിർത്തി കടന്നുവെന്നും, ഇവരിൽ പകുതിയോളം കുട്ടികളാണെന്നും യൂണിസെഫ് എഴുതി. എന്നാൽ കുടിയിറങ്ങിയവരുടെ എണ്ണം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലെന്നും, അതുകൊണ്ടുതന്നെ ഈ സംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്നും അറിയിച്ച യൂണിസെഫ്, സംഘർഷങ്ങളിൽ നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും, തങ്ങളുടെ കുടുംബങ്ങളിൽനിന്ന് ഒറ്റപ്പെട്ട കുട്ടികളും സ്ത്രീകളും കടുത്ത പ്രതിസന്ധികളാണ് നേരിടുന്നതെന്നും അപലപിച്ചു.
അഭയം തേടി കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുന്ന കുട്ടികളുടെ സുരക്ഷയിലുള്ള തങ്ങളുടെ ആശങ്ക വ്യക്താക്കിയ യൂണിസെഫ്, അക്രമങ്ങളിലും സംഘർഷങ്ങളിലും ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, അന്താരാഷ്ട്രമാനവികനിയമങ്ങളും അവകാശങ്ങളും മാനിക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്വം മറക്കരുതെന്നും പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കോംഗോയിലും ബുറുണ്ടിയിലുമുള്ള സർക്കാരുകളുമായി സഹകരിച്ച്, കുട്ടികളുൾപ്പെടെയുള്ളവർ നേരിടുന്ന കടുത്ത പ്രതിസന്ധികൾക്ക് പരിഹാരം തേടാൻ പരിശ്രമിക്കുകയാണ് തങ്ങളെന്നും സംഘടന വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: