തിരയുക

വത്തിക്കാൻ ഗവർണറേറ്റ് പ്രസിഡന്റ് സി. റഫായേല പെത്രീനി വത്തിക്കാൻ ഗവർണറേറ്റ് പ്രസിഡന്റ് സി. റഫായേല പെത്രീനി  (@Vatican Media)

ക്രിസ്തുമസ് പുൽക്കൂടും മരവും ദൈവം പകരുന്ന പ്രത്യാശയുടെയും പ്രകാശത്തിന്റെയും അടയാളങ്ങൾ: സി. പെത്രീനി

വത്തിക്കാനിലെ ക്രിസ്തുമസ് പുൽക്കൂടും മരവും, വത്തിക്കാൻ ഗവർണറേറ്റ് പ്രസിഡന്റ് സി. പെത്രീനി ഉദ്‌ഘാടനം ചെയ്തു. ഗവര്ണറേറ്റ് ജനറൽ സെക്രട്ടറിമാരായ ആർച്ച്ബിഷപ് എമിലിയോ നാപ്പ, ജ്യുസേപ്പേ പുലീസി-അലിബ്രാന്തി എന്നിവരും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. ദൈവം പകരുന്ന പ്രത്യാശയുടെയും പ്രകാശത്തിന്റെയും അടയാളങ്ങളാണ് ക്രിസ്തുമസ് പുൽക്കൂടും മരവുമെന്ന് സി. പെത്രീനി പ്രസ്താവിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദൈവം മാനവരാശിയിലേക്ക് ചൊരിഞ്ഞുകൊണ്ടിരിക്കുന്ന പ്രത്യാശയുടെയും പ്രകാശത്തിന്റെയും അടയാളങ്ങളാണ് ക്രിസ്തുമസ് പുൽക്കൂടും മരവുമെന്ന് വത്തിക്കാൻ ഗവർണറേറ്റ് പ്രസിഡന്റ് സി. റഫായേല പെത്രീനി (Raffaella Petrini). വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിവുപോലെ തയ്യാറാക്കപ്പെട്ട ക്രിസ്തുമസ് പുൽക്കൂടും മരവും ഉദ്ഘാടനം ചെയ്ത അവസരത്തിലാണ് സി. പെത്രീനി ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ട് ക്രിസ്തുമസ് അലങ്കാരങ്ങളുടെ കൂടി ഭാഗമായ പുൽക്കൂടിനും മരത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്.

2000-ലധികം വർഷങ്ങൾക്ക് മുൻപ് ബെത്ലെഹെമിൽ സംഭവിച്ച തിരുപ്പിറവിയുടെ സംഭവത്തിലേക്കാണ് പുൽക്കൂട് നമ്മുടെ ചിന്തകളെ നയിക്കുന്നതെന്ന് ഓർമ്മിപ്പിച്ച ഗവർണറേറ്റ് പ്രസിഡന്റ്, നിരായുധീകരിക്കുന്ന സ്നേഹത്തിന്റെ ശക്തി മാനവികതയ്ക്ക് കാണിച്ചുതന്നുകൊണ്ടാണ് ദൈവം മനുഷ്യനായി ചരിത്രത്തിൽ അവതരിക്കുന്നതെന്ന് പ്രസ്താവിച്ചു.

2025-ലെ "പ്രത്യാശയുടെ ജൂബിലി വർഷം ഏതാണ്ട് മൂന്ന് ആഴ്ചകളോടെ അവസാനിക്കുമെന്നും, എന്നാൽ അതോടെ, വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ എണ്ണൂറാം വർഷത്തിലേക്കാണ് നാം പ്രവേശിക്കുന്നതെന്നും സി. പെത്രീനി ഓർമ്മിപ്പിച്ചു. ഇറ്റലിയിലെ ഗ്രെച്ചോയിൽ (Greccio) വിശുദ്ധ ഫ്രാൻസിസാണ് 1223-ൽ ആദ്യമായി ക്രിസ്തു പിറന്ന പുൽക്കൂടിന്റെ ആവിഷ്കാരം അവതരിപ്പിച്ചത്.

പുൽക്കൂട്ടിലെ ദിവ്യശിശുവിന്റെ മുന്നിൽ വിശ്വാസത്തിൽ ആഴപ്പെടുകയും ദൈവത്തോടുള്ള തന്റെ സ്നേഹം നവീകരിക്കുകയും ചെയ്ത വിശുദ്ധ അൽഫോൻസ് മരിയ ലിഗോരിയും, വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയും, യഥാർത്ഥ സമാധാനമെന്നത്, മനുഷ്യരുടെ അധ്വാനത്തിന്റെ മാത്രം ഫലമല്ലെന്നും, അത് ദൈവത്തിന്റെ ദാനമാണെന്നുമാണ് ഓർമ്മിപ്പിക്കുന്നതെന്ന് വത്തിക്കാൻ ഗവർണറേറ്റിന്റെ പ്രഥമ വനിതാ പ്രസിഡന്റ് പ്രസ്താവിച്ചു.

ഇത്തവണത്തെ ക്രിസ്തുമസ് പുൽക്കൂടും മരവും സംഭാവന ചെയ്തവർക്ക് നന്ദി പറഞ്ഞ സി. പെത്രീനി അടുത്ത വർഷത്തെ മരം ഇറ്റലിയിലെ പൊള്ളീനോയിലെ തേറനോവ നഗരമായിരിക്കും സംഭാവന ചെയ്യുകയെന്നും, ക്രിസ്തുമസ് പുൽക്കൂട് കിയെത്തി പ്രവിശ്യയിലുള്ള അത്തേസയിൽനിന്നായിരിക്കുമെന്നും അറിയിച്ചു. അതേസമയം വത്തിക്കാനിലെ പോൾ ആറാമൻ ശാലയിലേക്കുള്ള ക്രിസ്തുമസ് അലങ്കാരങ്ങൾ, ലൂക്ക പ്രവിശ്യയിലെ വിയറേജ്യോ കാർണിവൽ ഫൗണ്ടേഷനായിരിക്കും സംഭാവന ചെയ്യുക.

2025-ലെ ക്രിസ്തുമസ് മരം എത്തിച്ച ബൊൾത്സാനൊ, പുൽക്കൂട് എത്തിച്ച സലേർണൊ പ്രവിശ്യ, നൊചേറ ഇൻഫെരിയോറെ സാർണൊ രൂപത എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും ചടങ്ങുകളിൽ സംബന്ധിച്ചു. ഇതേദിവസം രാവിലെ പോൾ ആറാമൻ ശാലയിൽ ഈ പ്രതിനിധികൾക്ക് കൂടിക്കാഴ്ച അനുവദിച്ചിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഡിസംബർ 2025, 13:22