തിരയുക

അന്നം തേടി അന്നം തേടി  (AFP or licensors)

കോടിക്കണക്കിന് കുട്ടികൾക്ക് മാനവികസഹായം ആവശ്യമുണ്ട്: സാമ്പത്തികാഭ്യാർത്ഥനയുമായി യൂണിസെഫ്

ലോകമെമ്പാടും ഏഴേകാൽ കോടിയിലധികം കുട്ടികളെ സഹായിക്കുന്നതിനായി സാമ്പത്തികനിക്ഷേപം അഭ്യർത്ഥിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി. 2026-ൽ ഇരുപത് കോടിയിലധികം കുട്ടികൾക്ക് മാനവികസഹായം ആവശ്യമായേക്കാം. സാമ്പത്തിക കമ്മി മൂലം ഇരുപതോളം രാജ്യങ്ങളിൽ സഹായസഹകരണങ്ങൾ വെട്ടിക്കുറയ്ക്കേണ്ടി വന്നുവെന്ന് സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഏഴ് കോടി മുപ്പത് ലക്ഷത്തോളം കുട്ടികൾക്ക് മാനവികസഹായമെത്തിക്കുന്നതിനായി സാമ്പത്തികനിക്ഷേപങ്ങൾ ക്ഷണിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഡിസംബർ പത്തിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, നിലവിലെ സാമ്പത്തിക കമ്മിയുടെ കൂടെ പശ്ചാത്തലത്തിൽ യൂണിസെഫ് ഇത്തരമൊരു അഭ്യർത്ഥന പുറത്തുവിട്ടത്. സംഘർഷങ്ങൾ ഏറിവരുന്നതിനാലും, പട്ടിണി വർദ്ധിക്കുന്നതിനാലും, ആഗോളതലത്തിൽ സാമ്പത്തികസഹായങ്ങൾ വെട്ടിക്കുറയ്ക്കപ്പെട്ടതിനാലും, ലോകമെമ്പാടും കുട്ടികൾക്ക് നൽകി വന്നിരുന്ന അടിസ്ഥാനസഹായങ്ങൾ തുടരുന്നതിൽ കടുത്ത പ്രതിസന്ധിയുണ്ടെന്ന് സംഘടന വ്യക്തമാക്കി.

2026-ൽ ഏതാണ്ട് 133 രാജ്യങ്ങളിലായി ഏഴ് കോടി മുപ്പത് ലക്ഷത്തോളം കുട്ടികൾക്ക് ജീവൻരക്ഷാ സഹായം നൽകുന്നത് ഉറപ്പാക്കുന്നതിനായി ഏഴര ബില്യൺ ഡോളറിന്റെ ആവശ്യമുണ്ടെന്ന് യൂണിസെഫ് എഴുതി. ഇവരിൽ നാല് കോടിയോളം (37 മില്യൺ) പെൺകുട്ടികളും തൊണ്ണൂറ് ലക്ഷത്തിലധികം ഭിന്നശേഷിക്കാരായ കുട്ടികളുമുണ്ടെന്ന് ശിശുക്ഷേമനിധി വിശദീകരിച്ചു. "കുട്ടികൾക്കായുള്ള മാനുഷികപ്രവർത്തനം 2026" (Humanitarian Action for Children 2026 - HAC) എന്ന പേരിൽ പുറത്തുവിട്ട ഒരു അഭ്യർത്ഥനയിലാണ് നിലവിലെ പ്രതിസന്ധികളുടെ കൂടി പശ്ചാത്തലത്തിൽ സംഘടന ഈ വിവരങ്ങൾ വ്യക്തമാക്കിയത്.

2026-ൽ ലോകമെമ്പാടുമായി ഇരുപത് കോടിയിലധികം കുട്ടികൾക്ക് മാനവികസഹായം ആവശ്യമായി വരുമെന്ന് അഭിപ്രായപ്പെട്ട യൂണിസെഫ്, കുട്ടികൾക്ക് ജീവൻരക്ഷാസഹായങ്ങൾ ഉറപ്പാക്കുന്നതിനായി എല്ലായിടങ്ങളിലും നിന്ന് സാമ്പത്തിക നിക്ഷേപം ആവശ്യമുണ്ടെന്ന് അറിയിച്ചു. ലോകമെങ്ങും വർദ്ധിച്ചുവരുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയുടെയും സംഘർഷങ്ങളുടെയും കാലാവസ്ഥാ, സാമ്പത്തിക പ്രതിസന്ധികളുയുടെയും, പശ്ചാത്തലത്തിൽ വരും വർഷത്തിൽ രണ്ട് കോടിയിലധികം കുട്ടികൾക്ക് പോഷകാഹാരസഹായം നൽകേണ്ടിവരുമെന്നും സംഘടന അറിയിച്ചു.

സുഡാനിലും തെക്കൻ സുഡാനിലും, യെമനിലെ, പാലസ്തീനയിലുമായി ഏതാണ്ട് എൺപത്തിമൂന്ന് ലക്ഷം കുട്ടികൾ ക്ഷമഭീഷണിയാണ് നേരിടുന്നതെന്ന് ശിശുക്ഷേമനിധി എഴുതി. സോമാലിയ, നൈജീരിയ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്, എത്യോപ്യ, ഹൈറ്റി, മാലി, മ്യാന്മാർ എന്നിവിടങ്ങളിലായി ഒന്നേകാൽ കോടിയോളം കുട്ടികളും ക്ഷമഭീഷണി നേരിടുന്നുണ്ടെന്ന് സംഘടന കൂട്ടിച്ചേർത്തു.

2024-ൽ വിവിധയിടങ്ങളിലായി കുട്ടികൾക്കെതിരായ നാൽപ്പത്തൊന്നായിരത്തിലധികം കടുത്ത അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഇത് കഴിഞ്ഞ ഇരുപത് വർഷങ്ങളിൽത്തന്നെ കൂടിയ നിരക്കാണെന്നും യൂണിസെഫ് എഴുതി. സംഘർഷങ്ങളിലും, ദുരന്തങ്ങളിലും, കുടിയിറക്കങ്ങളും, സാമ്പത്തിക പ്രതിസന്ധികളും മൂലവും കുട്ടികൾ അസാധാരണമായ വിധത്തിലുള്ള പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കേണ്ടിവരുന്നതെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ (Catherin Russel) പ്രസ്താവിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഡിസംബർ 2025, 14:17